എഐ ആരെയെങ്കിലും പ്രണയിക്കുമോ?!
ഹരിപ്രസാദ്
Saturday, July 26, 2025 8:58 PM IST
നിർമിതബുദ്ധിയെക്കുറിച്ച് പലർക്കും പല അഭിപ്രായങ്ങളാണ്. ജീവിതത്തെയും തൊഴിലിനെയും കലയെയും സാഹിത്യത്തെയും അത് ഏതെല്ലാം വിധത്തിൽ ബാധിക്കുന്നുവെന്ന ചർച്ചകൾക്ക് അടുത്തെങ്ങും ഒടുക്കമാവുകയുമില്ല. ഗാനരചയിതാവും തിരക്കഥാകൃത്തുമായ ജാവേദ് അക്തർ കഴിഞ്ഞനാൾ നടത്തിയ നിരീക്ഷണം ഒരേസമയം കൗതുകകരവും ചിന്തോദ്ദീപകവുമാണ്...
എല്ലാവർക്കും ലഭ്യമായ ഡാറ്റ ചികഞ്ഞെടുത്ത് അതിനെ അവലംബമാക്കി സൃഷ്ടികൾ നടത്താൻ മാത്രമേ ആർട്ടിഫിഷൽ ഇന്റലിജൻസിനു കഴിയൂ.
ആ ഡാറ്റ ശരാശരിക്കു താഴെയുള്ളതോ അതിലും മോശപ്പെട്ടതോ ആണ്. യഥാർഥ കലയും സർഗാത്മകതയുമാകട്ടെ ഏറ്റവും അനന്യവും- ഈ നിരീക്ഷണം എഴുത്തുകാരൻ ജാവേദ് അക്തറിന്റേതാണ്. നിലവിലുള്ള സാഹചര്യങ്ങൾ അനുസരിച്ച് വിവേകപൂർണമായ ചിന്ത എന്നു സമ്മതിക്കേണ്ടിവരും.
വ്യക്തിപരമായ അനുഭവങ്ങളും ധാരണകളുമാണ് യഥാർഥ കലയുടെ വേരുകൾ. അതൊരിക്കലും യന്ത്രങ്ങൾക്കുണ്ടാവില്ല. വികാരങ്ങളില്ലാതെ ഒരിക്കലും ഒരു മാസ്റ്റർപീസ് പിറക്കില്ല- അദ്ദേഹം തുടർന്നു പറയുന്നു.
സർഗാത്മകതയെന്നത് ഒരു പ്രക്രിയയാണ്.
എഐയ്ക്ക് ആരെങ്കിലുമായി പ്രണയത്തിലാവാൻ കഴിയുമോ? ഒരാവശ്യവുമില്ലാതെ അതിന്റെ താളംതെറ്റുമോ? വിഷാദഭരിതമാകുമോ? പ്രത്യേകിച്ചൊരു കാര്യവുമില്ലാതെ അതിന് ആവേശഭരിതമാകാൻ കഴിയുമോ? അതാരോടെങ്കിലും അനിഷ്ടം കാണിക്കുമോ? ഇല്ല!സർഗാത്മകത യുക്തിയുടെയും യുക്തിയില്ലായ്മയുടെയും സങ്കലനമാണ്. അതിനുപിന്നിൽ ബോധമനസും ഉപബോധമനസും വേണം.
ഇപ്പോഴോ സമീപഭാവിയിലോ ഇതൊന്നും ആർട്ടിഫിഷൽ ഇന്റലിജൻസിനെക്കൊണ്ടു സാധിക്കില്ല. മൊണാലിസ പോലൊരു പെയിന്റിംഗോ, ഒരു ഷേക്സ്പീരിയൻ നാടകമോ അതു സൃഷ്ടിക്കില്ല. ഇതിനൊക്കെ മനുഷ്യമനസുതന്നെ വിചാരിക്കണം. എഐയെ ഒരു സഹായിയായി കൂട്ടാമെന്നുമാത്രം- ജാവേദ് അക്തർ ഉറപ്പിക്കുന്നു.
ഡാറ്റ, ചരിത്രം
പുതുമയെക്കുറിച്ചു പറയാനും വിലയിരുത്താനും എന്തുകൊണ്ടും അർഹനാണ് സിനിമാചരിത്രത്തിനൊപ്പം നടന്ന, വലിയ ഡാറ്റാശേഖരം തലച്ചോറിലുള്ള എഴുത്തുകാരൻ ജാവേദ് അക്തർ.
ഹിന്ദിയിലെ നൂറുകണക്കിന് സൂപ്പർഹിറ്റ് ഗാനങ്ങൾ അദ്ദേഹത്തിന്റെ പേനത്തുന്പിൽനിന്ന് ഒഴുകിയവയാണ്. ഹിന്ദി സിനിമാ ചരിത്രത്തിലെ മഹാന്മാരായ തിരക്കഥാകൃത്തുകളിൽ ഒരാൾ. അഞ്ചു ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ, പത്മശ്രീ, പത്മഭൂഷണ് ബഹുമതികൾ... ഇതിഹാസസമാനമായ സിനിമാജീവിതം.
1973ൽ വഴിത്തിരിവുണ്ടാക്കിയ സൻജീർ, 1975ൽ പുറത്തിറങ്ങിയ ദീവാർ, ഷോലെ എന്നീ ചിത്രങ്ങൾ അദ്ദേഹത്തിന്റെ വഴികളെക്കുറിച്ച് ഉറക്കെപ്പറയും. ഇപ്പോഴിതാ സൻജീറിന്റെ ചരിത്രത്തെക്കുറിച്ച് ജാവേദ് അക്തർ പറയുന്നു.
ജോലിയില്ലാത്ത ബച്ചൻ!
തുടരെ പത്തിലേറെ ഫ്ളോപ് സിനിമകളുടെ ദുര്യോഗത്തിൽ മുങ്ങിനിന്ന അമിതാഭ് ബച്ചനെ സൻജീർ എന്ന സിനിമയിലേക്കു കൊണ്ടുവരാൻ തിരക്കഥാകൃത്തുകളായ സലിം ഖാനും ജാവേജ് അക്തറും ഏറെ പണിപ്പെട്ടിട്ടുണ്ട്. ബച്ചനെ നായകനാക്കി സിനിമയെടുത്താൽ മുടക്കുമുതൽ തിരികെക്കിട്ടുമെന്ന് ഉറപ്പില്ലാത്ത കാലമാണ്.
അന്ന് തങ്ങൾ എഴുതുന്ന സിനിമയിൽ ബച്ചൻ വേണമെന്നു നിർബന്ധംപിടിച്ചു സലിം-ജാവേദ് ദ്വയം.ബച്ചന്റെ കഴിവിൽ വിശ്വാസമുണ്ടായിരുന്നതു വളരെക്കുറച്ചുപേർക്കുമാത്രം. അതിലൊന്ന് ജയഭാദുരിയാണ് (ജയ അന്നു ജയ ബച്ചൻ ആയിട്ടില്ല). രണ്ടാമത്തെയാൾ ഹൃഷികേശ് മുഖർജി.
പരാജയപ്പെട്ട സിനിമകളിൽപ്പോലും ബച്ചന്റെ പ്രകടനം നന്നായിരുന്നുവെന്ന് വിശ്വസിച്ചയാളാണ് അദ്ദേഹം. ഒരു മേജർ സ്റ്റാർ ശരിയായ അവസരത്തിനുവേണ്ടി കാത്തിരിക്കുന്നു എന്ന വിശ്വാസം സലിമിനും ജാവേദിനും ഉണ്ടായിരുന്നു. ബാക്കി അദ്ദേഹത്തിന്റെ വാക്കുകളിൽ:
അതിനു മുന്പ് ഞാൻ അദ്ദേഹത്തെ ഒരിക്കൽ മാത്രമേ കണ്ടിട്ടുള്ളൂ. ആ കഥാപാത്രമാകാൻ ബച്ചനെപ്പോലെ മറ്റൊരാൾക്കും കഴിയില്ല എന്ന ഉറച്ച വിശ്വാസത്തിൽ ഞാൻ അദ്ദേഹത്തെ ഫോണിൽ വിളിച്ചു. ഒരു കഥ പറയാനുണ്ട്, എപ്പോഴാണ് താങ്കളെ കാണാനാവുക എന്നു ചോദിച്ചു.
ഉടനെ കാണാൻ സമ്മതിക്കുകയായിരുന്നു അദ്ദേഹം. സ്ക്രിപ്റ്റ് മുഴുവൻകേട്ട് ഒരു നിമിഷം എന്നെ അവിശ്വസനീയതയോടെ നോക്കി. ഈ റോൾ എനിക്കു ചെയ്യാനാവുമെന്ന് താങ്കൾ കരുതുന്നുണ്ടോ എന്നായിരുന്നു ചോദ്യം. ഈ രാജ്യത്തു മറ്റൊരാൾക്കും താങ്കളേക്കാൾ നന്നായി ചെയ്യാൻ കഴിയില്ല എന്നായിരുന്നു എന്റെ മറുപടി.
ആ വാക്കുകൾ കൃത്യമായി. സൻജീർ ഇന്ത്യൻ സിനിമയുടെ ചരിത്രത്തിന്റെ ഭാഗമായി മാറി. സലിം-ജാവേദ് ദ്വയം ബച്ചനുമായുള്ള ഒട്ടേറെ സൂപ്പർഹിറ്റുകൾ പിറന്നു- മുന്പു പറഞ്ഞ ദീവാറും ഷോലെയും അടക്കം. ബച്ചൻ രാജ്യംകണ്ട ഏറ്റവും വലിയ സൂപ്പർതാരമായി. എഴുത്തുകാർ രണ്ടുവഴിക്കു പിരിഞ്ഞെങ്കിലും ജാവേദ് അക്തർ ഇതിഹാസതുല്യനായ തിരക്കഥാകൃത്തും കവിയും ഗാനരചയിതാവുമായി.
അമിതാഭിന്റെ പരാജയങ്ങളെക്കുറിച്ച് ഏറെക്കാലത്തിനുശേഷം ജയ പറഞ്ഞതുകൂടി ചേർത്തുവായിക്കണം: ആ സമയവും കടന്നുപോകുമെന്ന് ഉറപ്പുണ്ടായിരുന്നതിനാൽ അദ്ദേഹത്തിന്റെ ഫ്ളോപ്പുകളെ ഞാൻ ഗൗരവമായി എടുത്തിരുന്നില്ല. അദ്ദേഹം പഠിക്കുകയും സ്വയം നവീകരിക്കുകയും ചെയ്തുകൊണ്ടിരുന്നു. പരാജയങ്ങളിൽ അദ്ദേഹം നിരാശപ്പെട്ടിരുന്നുമില്ല...
ജാവേദ് അക്തർ പറഞ്ഞതുപോലെ ഇതെല്ലാം മനുഷ്യമനസുകളുടെ വിലാസമാണ്. യഥാർഥ കലാകാരന്മാർ വിജയംനേടുകതന്നെ ചെയ്യും... അന്നും ഇനി എഐ കാലത്തും!