അതിജീവന സന്ദേശവുമായി ചെന്പിലെ ചെറുപ്പക്കാർ
Sunday, May 10, 2020 1:52 AM IST
വൈക്കം ചെമ്പ് സെൻറ് തോമസ് കത്തോലിക്കാ പള്ളിയിലെ സിഎൽസി അംഗങ്ങളായ 40 പേർ ചേർന്നാണ് ഈ സംഗീത നൃത്ത വിസ്മയം ഒരുക്കിയിരിക്കുന്നത്.
ചെമ്പിലും കേരളത്തിലെ വിവിധ ഭാഗങ്ങളിലും കേരളത്തിനു പുറത്ത് ഡൽഹി,പൂനെ, ബാംഗ്ലൂർ എന്നിവിടങ്ങളിലും ഇന്ത്യയ്ക്കു പുറത്ത് സിംഗപ്പൂർ, അയർലൻഡ്, ഓസ്ട്രേലിയ, സൗദി അറേബ്യ, കാനഡ എന്നീ രാജ്യങ്ങളിലുമുള്ള ചെമ്പ് സെൻറ് തോമസ് കത്തോലിക്ക ഇടവകയിലെ യുവജനങ്ങൾ മൂന്നു ദിവസം കൊണ്ട് നിർമിച്ചതാണ് നാലു മിനിറ്റ് ദൈർഘ്യമുള്ള ഈ സംഗീത നൃത്ത വിസ്മയം.റെക്സ് ബാന്റിന്റെ പരിശുദ്ധൻ മഹോന്നതൻ എന്ന ഗാനം
ഇടവകയിലെ എട്ടുപേർ ചേർന്ന് ആലോചിച്ചപ്പോൾ 32 പേർ അതിന് നൃത്തച്ചുവടുകളുമായി വിവിധ സ്ഥലങ്ങളിൽ നിന്ന് ഒന്നുചേർന്നു.മാധ്യമ പഠന ബിരുദാനന്തര ബിരുദ വിദ്യാർഥിനി മരിയ തോമസ് മണിമലയാണ് ഇതിന്റെ ആശയവും സംവിധാനവും ചിത്രസംയോജനവും നടത്തിയിരിക്കുന്നത്.ഒപ്പം നൃത്തച്ചുവടുകളും ഗാനാലാപനവും ആയി മരിയ സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്നുണ്ട്.
പൂർണ്ണമായും മൊബൈൽ ഫോണിലാണ് ഇത് ചിത്രീകരിച്ചിരിക്കുന്നത്.
നൃത്തച്ചുവടുകളുമായി ആദ്യം എത്തുന്നത് ഈ വർഷം അവസാനം വൈദികൻ ആകുന്ന ഇടവകയുടെ സ്വന്തം ഡീക്കൻ ജോസഫ് മാത്യു ആണ്.
ഇതിൽ നേഴ്സ് വേഷത്തിൽ എത്തുന്നത് യഥാർത്ഥത്തിൽ നേഴ്സുമാർ തന്നെയാണ്. സമൂഹമാധ്യമങ്ങളിൽ വലിയ പ്രതികരണങ്ങളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്.
ലോക്ക് ഡൗൺ തുടങ്ങിയ അന്നുമുതൽ നിരവധി മത്സരങ്ങളും കലാപരിപാടികളുമായി
ലോക്ക് ഡൗൺ കാലം ക്രിയാത്മകമാക്കുകയാണ് സിഎൽസി ചെമ്പ് യൂണിറ്റ് അംഗങ്ങൾ.