ആഹാരം നല്കുന്ന ആത്മബന്ധം
Sunday, November 15, 2020 3:58 AM IST
ഒരേ ഉദരം പങ്കുവച്ച മക്കള്‍ ഒരേ മേശയ്ക്കു ചുറ്റുമിരുന്ന് ആഹാരം കഴിക്കുമ്പോള്‍ അവരറിയാതെ ഒരു നല്ല ആത്മബന്ധം വളര്‍ന്നുവരുന്നു. നല്ല ചിന്തകള്‍ ഉണര്‍ത്തുന്ന മധുരസ്മരണകളായി അതു നിലനില്ക്കുകയും ചെയ്യും. കുടുംബത്തില്‍ നല്ല ബന്ധം അരക്കിട്ടുറപ്പിക്കാന്‍ പ്രാര്ഥനാവേളകള്പോലെതന്നെ ഭക്ഷണവേളകളും ഉപകരിക്കുമെന്നതില്‍ സംശയം വേണ്ട. ഈ സദ്വനുഭവം സൃഷ്ടിക്കേണ്ടത് അമ്മമാര്‍തന്നെയാണ്.
ആധുനികതയുടെ അതിപ്രസരത്തില്‍ ദിനചര്യകള്‍ മാറിമറിഞ്ഞുപോയെങ്കിലും എല്ലാവരെയും ദിവസത്തില്‍ രണ്ടുനേരമെങ്കിലും ഊണുമേശയില്‍ ഒന്നിപ്പിക്കാന്‍ അമ്മമാര്‍ക്കു കഴിയണം. പോഷകഗുണം മാത്രമല്ല, വൈകാരികമായ സംതൃപ്തിയും ഭക്ഷണം പങ്കുവയ്ക്കലില്ക്കൂടി ലഭിക്കേണ്ടതുണ്ട്.
പാശ്ചാത്യകുടുംബങ്ങളില് ഉരുത്തിരിഞ്ഞ ഉറച്ചുപോയ ചില രീതികളുണ്ട്. ഒന്നാംതരം ഭക്ഷണംതന്നെ. പക്ഷേ, ഒന്നിച്ചിരുന്നു കഴിക്കുക എന്നത് ഒരു പ്രശ്നേമയല്ല. ഓരോരുത്തര് ഓരോ സമയത്ത് ഫ്രിഡ്ജില്‍നിന്ന് അവനവനു വേണ്ടത് എടുത്തു ഭക്ഷിക്കും. പത്തായം പെറും, ചക്കി കുത്തും എന്ന മട്ടില്‍ ഫ്രിഡ്ജും മൈക്രോവേവ് അവനും ഒക്കെ സദാ ഉപയോഗപ്പെടുത്തി ചിട്ടയും ക്രമവും ഇല്ലാത്ത ശൈലി.
നമ്മുടെ നാട്ടിലും ഇപ്പോള്‍ ഇതു വ്യാപിച്ചുതുടങ്ങിയിട്ടുണ്ട്. ഭക്ഷണസമയത്തും ഒന്നിക്കാന്‍ പറ്റാത്ത വിധത്തില്‍ കംപ്യൂട്ടറില്‍ തല പൂഴ്ത്തിയിരിക്കാന്‍ അനുവദിച്ചാല്‍ ബന്ധങ്ങളുടെ ശൈഥില്യത്തിന് ആരംഭം കുറിക്കുകയായി. ആ ശൈഥില്യത്തിന്റെ തിക്താനുഭവം ഇന്നു പാശ്ചാത്യര്‍ നേരിടുകയാണ്.
സിസിലിയാമ്മ പെരുമ്പനാനി
[email protected]