അമ്മയും കുഞ്ഞും
Sunday, November 22, 2020 4:17 AM IST
പൊക്കിൾക്കൊടി കൊഴിയാത്ത കിളുന്തിനെ അമ്മയുടെ തൊട്ടടുത്ത മുറിയിൽ തൊട്ടിലിൽ കിടത്തി ഉറക്കുകയാണു പാശ്ചാത്യരുടെ പതിവ്. സുന്ദരമായ പതുപതുപ്പുള്ള മെത്തയും ഫ്രില്ലു പിടിപ്പിച്ച തലയിണയും മനോഹരമായ കുട്ടിയുടുപ്പും എല്ലാം ഉണ്ടാകും. കുട്ടിക്കു പേടി തോന്നാതിരിക്കാൻ പ്രകാശം കുറഞ്ഞ ഒരു ബൾബ് മുറിയിൽ കത്തിച്ചിടും. കുഞ്ഞു കരയുന്പോഴൊക്കെ അമ്മയോ അച്ഛനോ ഓടിച്ചെന്നു പരിചരിക്കും. പെറ്റമ്മയുടെ സാമീപ്യവും ചൂടും മാത്രമില്ല.
ഒരിക്കൽ ഒരു വനിത ഞങ്ങളെ സന്ദർശിക്കാൻ വന്നു. വള്ളത്തിന്റെ ആകൃതിയിൽ ഭംഗിയുള്ള ഒരു കൂട കാറിൽനിന്നു പുറത്തെടുത്തു. കസേരയുടെ അടുത്ത് തറയിൽ അതുവച്ചിട്ടാണ് കുശലം പറഞ്ഞിരുന്നത്. കൂടയിൽ പഞ്ഞിമെത്തയ്ക്കുള്ളിൽ ഒരു ഓമന ശിശു! അമ്മയുടെ മടിയിൽ അവരുടെ ചൂടും ചൂരും കിട്ടി പാൽ നുണഞ്ഞിരിക്കാൻ ഭാഗ്യം കിട്ടാത്ത ആ കുഞ്ഞ് സ്വയം വളരാൻ പരിശീലനം നേടുകയാണ്. അമ്മമാർക്ക് ഇതിനെപ്പറ്റി അങ്കലാപ്പില്ല. കാരണം, അവർ കാണുന്നതും സ്വാംശീകരിച്ചിരിക്കുന്നതും ഇതാണ്. മറിച്ചു ചിന്തിക്കാൻ അവർക്കു സാധ്യമല്ല.
ഇതിനെല്ലാം ദൂരവ്യാപകമായ ദുഷ്ഫലങ്ങൾ ഉണ്ടെന്നുള്ളതിനു സംശയമില്ല. അച്ഛനമ്മമാരുടെ കരവലയത്തിൽനിന്നു വഴുതിമാറുന്ന ബാലകർ പതിനെട്ടു വയസാകുന്പോഴേക്കും സ്വന്തം കാലിൽ നിൽക്കാൻ നിർബന്ധിതരാകുന്നു.
ഇത്തരം ജീവിതശൈലി കുടുംബബന്ധങ്ങളുടെ കെട്ടുറപ്പിനെ ബാധിച്ചുകഴിഞ്ഞുവെന്ന് മനസിലാക്കി അവരിപ്പോൾ പൗരസ്ത്യരെ മാതൃകയാക്കുകയാണ്. നമുക്ക് ആത്മാഭിമാനത്തോടെ മുൻപോട്ടു പോകാം, അവർക്കു വഴികാട്ടികളായി.
സിസിലിയാമ്മ പെരുമ്പനാനി
[email protected]