ചരിത്രത്തിലേക്ക് ശിരസുയർത്തി ഫോർട്ട് വില്യം
Saturday, March 25, 2023 11:57 PM IST
രണ്ട് നൂറ്റാണ്ട് കാലത്തെ ബ്രിട്ടീഷ് വാഴ്ചയുടെ ചരിത്രശേഷിപ്പുകളിൽ പ്രധാനപ്പെട്ടതാണ് കോൽക്കത്തയിലെ ഫോർട്ട് വില്യം. നിലവിൽ ഇന്ത്യൻ കരസേനയുടെ ഈസ്റ്റേണ് കമാൻഡന്റിന്റെ കേന്ദ്രമായ ഫോർട്ട് വില്യമിന് കൊളോണിയൽ കാലത്തെ വലിയൊരു ചരിത്രം പറയാനുണ്ട്. ഹൂഗ്ലി നദീതീരത്താണ് ഈ നിർമിതിയുടെ തലയെടുപ്പ്.
യഥാർഥത്തിൽ രണ്ട് ഫോർട്ട് വില്യംസ് ഉണ്ട്. സർ ജോണ് ഗോൾഡ്സ്ബറോയുടെ നിർദേശത്തിൽ 1696 ൽ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കന്പനിയാണ് യഥാർഥ കോട്ട പണിതത്. മുഗൾ ചക്രവർത്തി ഒൗറംഗസീബാണ് അന്നതിന് നിർമാണ അനുമതി നൽകിയത്. ഹൂഗ്ലീതീരത്ത് തെക്കു കിഴക്കൻ കൊട്ടാരവും സമീപത്തെ മതിലുകളുമായി സർ ചാൾസ് ഐർ നിർമാണമാരംഭിച്ചു. 1700 ൽ വില്യം മൂന്നാമൻ രാജാവിന്റെ പേരാണ് ഇതിനു നൽകിയത്. ഐറിന്റെ പിൻഗാമി ജോണ് ബിയേർഡ് 1701ൽ നോർത്ത് ഈസ്റ്റ് കോട്ട കൂട്ടിച്ചേർത്തു.
ആദ്യനിർമിതിക്ക് രണ്ടു നിലകളും മുന്നോട്ടു തള്ളിനിൽക്കുന്ന പാർശ്വഘടനകളും ഉണ്ടായിരുന്നു. 1756 ൽ ബംഗാളിലെ നവാബ് സിറാജ് ഉദ് ദൗള കോട്ട ആക്രമിക്കുകയും നഗരം താൽക്കാലികമായി കീഴടക്കി അലിനഗർ എന്ന് പേരു മാറ്റുകയും ചെയ്തു. പിന്നീട് ബ്രിട്ടീഷുകാർ ഒരു പുതിയ കോട്ട പണിയാൻ ആരംഭിച്ചു. 1773ൽ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കന്പനി ബംഗാളിന്റെ ഭരണം ഏറ്റെടുത്തപ്പോൾ ഫോർട്ട് വില്യം ആയിരുന്നു ഭരണകേന്ദ്രം. പ്രഥമ സുപ്രീം കോടതിയും ഇതിനുള്ളിലാണ് പ്രവർത്തിച്ചിരുന്നത്.
കോട്ടയ്ക്കുള്ളിൽ കൊൽക്കത്തയുടെ ബ്ലാക്ക് ഹോൾ എന്ന പേരിലൊരു കുപ്രസിദ്ധ നിലവറയുണ്ട്. സിറാജ് ഉദ് ദൗള കോട്ട ആക്രമിച്ചപ്പോൾ 146 ബ്രിട്ടീഷ് സൈനികരെ തടവുകാരായി പിടികൂടിയിരുന്നു. ഇവരെ ഒന്നടങ്കം ഒരു കുടുസ് നിലവറയിലിട്ട് പൂട്ടി. പിറ്റേന്ന് നേരം പുലർന്നപ്പോൾ അവരിൽ 123 പേരും ശ്വാസം കിട്ടാതെ മരിച്ച നിലയിലായിരുന്നു. അന്നുമുതലാണ് ഈ നിലവറ ബ്ലാക്ക് ഹോൾ എന്ന പേരിൽ അറിയപ്പെടുന്നത്.
സിറാജ് ഉദ് ദൗളയുമായി വ്യാപാര ഉടന്പടിയിൽ ഒപ്പുവച്ച ബ്രിട്ടീഷുകാർ പിന്നീട് സർക്കാരിന്റെ ഘടനയിൽ പ്രവർത്തിച്ചു തുടങ്ങിയതാണ് നവാബിനെ ചൊടിപ്പിച്ചത്. കോൽക്കത്തയിൽ കോട്ടകൾ പണിതും നയതന്ത്രനീക്കങ്ങൾ നടത്തിയും ബ്രിട്ടീഷുകാർ മുന്നേറിയത് നവാബിനെ കടുത്ത പ്രതിരോധത്തിലാക്കി.
അതോടെയാണ് ഫോർട്ട് വില്യം പിടിച്ചടക്കാൻ നവാബ് തന്റെ സൈന്യത്തിനു നിർദേശം നൽകിയത്. മൂന്നു ദിവസത്തെ തുടർച്ചയായ പോരാട്ടത്തിനൊടുവിൽ നവാബിന്റെ പട്ടാളം ബ്രിട്ടീഷുകാരെ കീഴടക്കി. അങ്ങനെയാണ് നവാബ് 143 ബ്രിട്ടീഷുകാരെ തടവിലാക്കിയതും അവരിൽ 123 പേർ ശ്വാസം മുട്ടിമരിച്ചതും. ഈ സംഭവം ബ്രിട്ടീഷുകാരെ അക്ഷരാർഥത്തിൽ ഞെട്ടിച്ചുകളഞ്ഞു. കോൽക്കത്ത പിടിച്ചടക്കാൻ ലോർഡ് റോബർട്ട് ക്ലൈവ് പുറപ്പെടുകയും യുദ്ധത്തിൽ സിറാജ് ഉദ് ദൗളയെ പരാജയപ്പെടുത്തുകയും ചെയ്തു.
തുടർന്ന് 1789ൽ റോബർട്ട് ക്ലൈവിന്റെ നേതൃത്വത്തിലാണ് പുതിയ കോട്ടയുടെ നിർമാണം പൂർത്തിയാക്കിയത്. മുസ്ലിം ഭരണാധികാരികളിൽനിന്നുള്ള ആക്രമണങ്ങളെ പ്രതിരോധിക്കാനായിരുന്നു ബ്രിട്ടീഷുകാർ പ്രധാനമായും ഫോർട്ട് വില്യം പണിതത്.
സ്വാതന്ത്ര്യസമര പോരാളി നേതാജി സുഭാഷ് ചന്ദ്രബോസ് ഫോർട്ട് വില്യമിൽ തടവിൽ കഴിഞ്ഞിട്ടുണ്ടെന്നതാണ് മറ്റൊരു ചരിത്രം. ഇതിന്റെ ആധികാരികത ഒൗദ്യോഗികമല്ലെങ്കിലും അദ്ദേഹം കിടന്നുവെന്നു പറയുന്ന തടവറ കാണാൻ ധാരാളം സന്ദർശകർ ഇവിടെയെത്തുന്നുണ്ട്.
പശ്ചിമ ബംഗാൾ ഗവർണറും മലയാളിയുമായ സി.വി. ആനന്ദ ബോസും പത്നിയും കഴിഞ്ഞ ദിവസം ഇവിടം സന്ദർശിച്ചിരുന്നു. കോട്ടയ്ക്കുള്ളിലെ ഡെൽഹൗസി ബാരക്കിനോടുചേർന്നുള്ള ഈ തടവറ ഇന്ത്യൻ ആർമി മാറ്റങ്ങളൊന്നും വരുത്താതെ സംരക്ഷിച്ചുപോരുന്നു. നേതാജിയുമായി ബന്ധപ്പെട്ട ചിത്രങ്ങളും രേഖകളും കൂട്ടിച്ചേർത്തുവെന്നല്ലാതെ തടവറയ്ക്ക് കാര്യമായ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല.
1940 ൽ നേതാജി അറസ്റ്റിലായ വേളയിൽ കുറച്ചു ദിവസം ഇവിടെ കഴിഞ്ഞിരുന്നുവെന്നാണ് പറയപ്പെടുന്നത്. കോട്ടയ്ക്കുള്ളിലെ ബ്ലാക്ക് ഹോളിന്റെ ചരിത്രം ശുദ്ധ നുണയാണെന്നാണ് നേതാജി വിശ്വസിച്ചിരുന്നത്.
സിറാജ് ഉദ് ദൗളയെ താഴ്ത്തിക്കെട്ടാൻ ബ്രിട്ടീഷുകാരുണ്ടാക്കിയ കെട്ടുകഥയാണെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. ഫോർട്ട് വില്യമിനുള്ളിൽനിന്ന് ബ്ലാക്ക് ഹോൾ എന്ന വിശേഷണമുള്ള സകല വിവരങ്ങളും നീക്കം ചെയ്യണമെന്ന് നേതാജി ആവശ്യപ്പെട്ടു. അതുമായി ബന്ധപ്പെട്ടവ പാഠപുസ്തകങ്ങളിൽനിന്നു നീക്കം ചെയ്യണണമെന്നും അദ്ദേഹം ശക്തമായി ആവശ്യപ്പെട്ടു. ആ പ്രതിഷേധത്തെത്തുടർന്ന് ഈ സ്മാരകം ബ്രീട്ടീഷുകാർതന്നെ നീക്കം ചെയ്യുകയും ചെയ്തു.
സെബി മാത്യു