ഓരോ ആരോഗ്യപ്രവർത്തകനും സേവനകാലത്ത് എത്രയോ ലക്ഷം രോഗികൾക്കാണ് രക്ഷകരായി മാറുന്നത്. സ്വന്തം കുടുംബാംഗങ്ങളെയല്ല, മറിച്ച് രോഗങ്ങളിലും അപകടങ്ങളിലുംപെടുന്ന പൊതുസമൂഹത്തെയാണ് ഇവർ ശുശ്രൂഷിച്ച് ജീവനിലേക്കും ജീവിതത്തിലേക്കും തിരികെ എത്തിക്കുന്നത്. ഈ ജോലിയിൽ സഹനമുണ്ട്, സമർപ്പണമുണ്ട്, ത്യാഗമുണ്ട്.
കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡോ. വന്ദന ദാസ് ഡ്യൂട്ടിക്കിടെ അരുംകൊല ചെയ്യപ്പെട്ട ദാരുണസംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ആരോഗ്യപ്രവർത്തകരുടെ അധ്വാനത്തെയും ആത്മാർഥതയെയും സമൂഹം തിരിച്ചറിയേണ്ടത്. കേരളം വിതുന്പിയ ഈ വേളയിൽ ഒന്നോർക്കാം - ആ മകളുടെ വേർപാട് നാടിനാകമാനമുണ്ടായ നഷ്ടമാണ്.
ഒരു മെഡിക്കൽ വിദ്യാർഥി ഇത്തരമൊരു ജോലിയിലേക്ക് പരുവപ്പെടുന്നത് ഏറെക്കാലത്തെ ശ്രമകരമായ സമർപ്പണത്തിലൂടെയാണ്. അതികഠിനമാണ് മെഡിക്കൽ സിലബസ്. പഠനം ക്ലേശകരം. ഭാരിച്ച സാന്പത്തിക മുടക്ക്. ഉൗണും ഉറക്കവുമില്ലാത്ത പഠനവും പരിശീലനവും. ഇതിനൊപ്പം രോഗീപരിചരണം. ഇവരുടേത് ജോലി എന്നതിനേക്കാൾ സാമൂഹിക സേവനമാണ്.
വികസിത രാജ്യങ്ങളിലെ ചികിത്സാസംവിധാനങ്ങളും അടിസ്ഥാനസൗകര്യങ്ങളും ഇന്നാട്ടിലെ മിക്ക ആശുപത്രികളിലുമില്ല. എത്ര രോഗികൾ വന്നാലും പരിശോധിച്ച് ചികിത്സ നടത്തിക്കൊടുക്കുക എന്നതാണ് ആരോഗ്യപ്രവർത്തകരുടെ ഉത്തരവാദിത്വം. ആശുപത്രികളിൽ ഏറെയും ആൾക്കൂട്ടമായതിനാൽ ക്രമസമാധാന പാലനംപോലും ദുഷ്കരമാണ്.
ആശുപത്രിയുടെ ലോകത്തിൽ ജീവിക്കുകയെന്നത് സഹനങ്ങൾ നിറഞ്ഞതാണ്. ചിക്കൻഗുനിയയും നിപ്പയും കോവിഡുമൊക്കെ അനേകരെ കിടക്കയിലാഴ്ത്തിയ കാലത്ത് സ്വന്തം ജീവൻ അർപ്പിച്ചു രോഗികളെ ശുശ്രൂഷിച്ചവരാണ് ആരോഗ്യപ്രവർത്തകർ. മരണാസന്നരായ രോഗികൾക്കൊപ്പമാണ് രാപകൽ ഇവരുടെ ജോലി.
ഓപ്പറേഷൻ തിയറ്ററുകളിൽ മണിക്കൂറുകൾ നീളുന്ന സങ്കീർണമായ ശസ്ത്രക്രിയകൾ. ഒപിയിൽ നൂറും ഇരുനൂറും രോഗികളെ പരിശോധിക്കാനുള്ള ദൗത്യം. ചോരയൊലിക്കുന്ന മുറിവുകളും വൃണങ്ങളും കഴുകിക്കെട്ടുക മാത്രമല്ല ജീവൻ നഷ്ടപ്പെടാതിരിക്കാനുള്ള വലിയ ദൗത്യമാണ് ഓരോ രോഗിക്കു മുന്നിലും ഡോക്ടർക്കും നഴ്സിനുമുള്ളത്.
ലഹരിക്ക് അടിമപ്പെട്ടവരും അക്രമികളും ക്രിമിനലുകളുമൊക്കെയായവരെ ചികിത്സിക്കുകയെന്നത് ഓരോ നിമിഷവും അപകടകരമാണ്. ആക്രോശിക്കുകയും ആക്രമിക്കുകയും ചെയ്യുന്നവരാണ് ഇവരിൽ ചിലരെങ്കിലും. ഇത്തരം വസ്തുതകളെയും സാഹചര്യങ്ങളെയും തിരിച്ചറിയുന്നവർക്കു മാത്രമേ വന്ദനയുടെ കൊലപാതകത്തിന്റെ ഗൗരവം തിരിച്ചറിയാനാകൂ. സമൂഹത്തിനും കുട്ടികൾക്കും മാതൃകയാകേണ്ട സ്കൂൾ അധ്യാപകൻ ലഹരിയ്ക്ക് അടിമപ്പെട്ട് ഈ കൃത്യം ചെയ്തു എന്നത് അതിലേറെ ലജ്ജാകരം.
മെഡിക്കൽ രംഗത്തേക്കു വരുന്ന വിദ്യാർഥികളിൽ കുറെപ്പേരെങ്കിലും ദരിദ്ര ജീവിതസാഹചര്യങ്ങളിൽ നിന്നുള്ളവരാണ്. വലിയ തുക ലോണെടുത്ത് എൻട്രൻസ് പരീക്ഷ പാസായി പഠനം പൂർത്തിയാക്കുന്നവരാണ്. പിൽക്കാലത്ത് ജോലി ചെയ്ത് ബാധ്യതകൾ വീട്ടുകയും മാതാപിതാക്കളെ സംരക്ഷിക്കുകയും കുടുംബം പടുത്തുയർത്തുകയും ചെയ്യാൻ ആഗ്രഹിക്കുന്നവർ. ബുദ്ധിയിലും പ്രാപ്തിയിലും ആത്മാർഥതയിലും മുനിരയിലുള്ളവർക്കേ ഒരു ഡോക്ടറാവാൻ സാധിക്കൂ.
സർക്കാർ മെഡിക്കൽ കോളജുകളിൽ ഓരോ വിദ്യാർഥിയെയും പഠിപ്പിക്കാനും പരിശീലിപ്പിക്കാനും സർക്കാർ ഓരോ വിദ്യാർഥിക്കുംവേണ്ടി ലക്ഷക്കണക്കിന് തുകയാണ് ചെലവഴിക്കുന്നത്. പൗരൻമാരുടെ ആരോഗ്യസംരക്ഷണമെന്ന വലിയ ദൗത്യം രാജ്യം ഏൽപ്പിച്ചിരിക്കുന്ന വിഭാഗമാണിത്. സൈന്യം അതിർത്തി സംരക്ഷിക്കുന്നതുപോലുള്ള ശ്രമകരമായ ദൗത്യമാണ് ആരോഗ്യപരിപാലനം.
സ്വന്തം ആഗ്രഹങ്ങളും അത്യാവശ്യങ്ങളും ത്യജിച്ചും മറന്നുമാണ് ഇവരിൽ ഏറെപ്പേരും ഓരോ ദിവസവും നിഷിപ്തമായ ഉത്തരവാദിത്വത്തിൽ വ്യാപൃതരാകുന്നത്. സമർപ്പിതമായ സേവനത്തിനിടെ ഇവരെ ആക്രമിക്കുകയും കൈയേറ്റം ചെയ്യുന്നതുമായ കൃത്യങ്ങൾ അതിനിന്ദ്യമാണ്.
പി.യു. തോമസ്, നവജീവൻ