ഇന്ത്യയുടെ ഹമ്മിംഗ് ക്വീന്‍ എന്നു വിശേഷിപ്പിക്കപ്പെട്ട ഗായിക സ്വര്‍ണലത വിടപറഞ്ഞിട്ടു കഴിഞ്ഞ ചൊവ്വാഴ്ച 13 വര്‍ഷം. മുക്കാലാ മുക്കാബ്ലാ ആയാലും ഹായ് രാമാ ആയാലും ഉസിലംപട്ടി പെണ്‍കുട്ടി ആയാലും ഇങ്ങു കടമിഴിയില്‍ കമലദളമോ ഒരുതരി കസ്തൂരിയോ ആയാലും കേള്‍വിക്കാരുടെ മനസു തുള്ളിക്കും.
ഏതാണ്ടു പതിനഞ്ചു വര്‍ഷങ്ങള്‍ക്കുമുമ്പു റിലീസ് ചെയ്ത ഒരു ആല്‍ബം സോംഗ്- അതു തുടങ്ങുന്നത് ഷഹബാസ് അമന്റെ ശബ്ദത്തിലാണ്. കുടജാദ്രിയില്‍ കുട ചൂടുമാ കൊടമഞ്ഞു പോലെയീ പ്രണയം... ഏതാനും നിമിഷങ്ങള്‍ക്കു ശേഷം ഗാനം ഒരു ഗായികയുടെ ശബ്ദത്തിലേക്ക് ഒഴുകുന്നു. അതോടെ അതു വേറെ ലെവല്‍ എന്നു വിശേഷിപ്പിക്കാവുന്ന തരത്തിലേക്കു മാറുകയാണ്.
ഒന്നര പതിറ്റാണ്ടിനു ശേഷവും ഈ പാട്ടുകേള്‍ക്കാന്‍ ശ്രോതാക്കളുണ്ട്. ഇതിനകം കോടിക്കണക്കിനു തവണ പ്ലേ ചെയ്യപ്പെട്ടുകഴിഞ്ഞു. യുട്യൂബും മറ്റു സ്ട്രീമിംഗ് സര്‍വീസുകളും ഇല്ലാതിരുന്ന കാലത്ത് ഇതു കേള്‍ക്കാന്‍ വേണ്ടി മാത്രം സ്കൂളില്‍നിന്നും കോളജില്‍നിന്നും ഓടിയെത്തി ടെലിവിഷനു മുന്നില്‍ കാത്തിരുന്ന കഥകള്‍ കമന്റുകളില്‍ നിറയുന്നു. ഒടുക്കം കേള്‍വിക്കാരെല്ലാം ഒരൊറ്റ പേരിലേക്കെത്തുന്നു- സ്വര്‍ണലത.
ഇല്ല, മറഞ്ഞിട്ടില്ല!
ഈ ഗായിക ജീവിച്ചിരിപ്പില്ല എന്നു വിശ്വസിക്കാന്‍ മനസുകള്‍ കൂട്ടാക്കില്ല, സ്വര്‍ണലതയുടെ പാട്ടുകള്‍ കേള്‍ക്കുമ്പോള്‍. മുക്കാലാ മുക്കാബ്ലാ ആയാലും ഹായ് രാമാ ആയാലും ഉസിലംപട്ടി പെണ്‍കുട്ടി ആയാലും ഇങ്ങു കടമിഴിയില്‍ കമലദളമോ ഒരുതരി കസ്തൂരിയോ ആയാലും കേള്‍വിക്കാരുടെ മനസു തുള്ളിക്കും. കറുത്തമ്മ എന്ന ചിത്രത്തിലെ പോറാളെ പൊന്നുതായി കണ്ണുനനയിക്കും.
എ.ആര്. റഹ്മാനുവേണ്ടി ആ പാട്ടുപാടിത്തീര്ത്തു റിക്കാര്‍ഡിംഗ് സ്റ്റുഡിയോയില്‍നിന്നു കണ്ണീരോടെയാണ് പുറത്തിറങ്ങിയതെന്ന് ഒരിക്കല്‍ സ്വര്‍ണലത പറഞ്ഞിട്ടുണ്ട്. ഓരോ പാട്ടും ഹൃദയംകൊണ്ടു പാടുകയായിരുന്നിരിക്കണം അവര്‍.
അതുകൊണ്ടുതന്നെയാവണം അവര്‍ തങ്ങള്ക്കിടയിലുണ്ടെന്നു പാട്ടുപ്രേമികള്‍ കരുതുന്നത്., പകരംവയ്ക്കാനില്ലാത്ത ഗായികയായി സ്വര്‍ണലതയെ മാറ്റുന്നതും. വെറും ഇരുപത്തിരണ്ടാം വയസിലാണ് ആ പാട്ട് സ്വര്ണലതയ്ക്കു മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം നേടിക്കൊടുത്തത്.
ചിറ്റൂര്‍, ഷിമോഗ, ചെന്നൈ...
പാലക്കാട് ചിറ്റൂര്‍ എലപ്പുള്ളിയില്‍ 1973ല്‍ ജനിച്ച സ്വര്‍ണലത പഠിച്ചതും വളര്‍ന്നതും കര്‍ണാടകയിലെ ഷിമോഗയിലാണ്. പിന്നീടു താമസം ചെന്നൈയിലും. പ്രശസ്ത ഹാര്‍മോണിയം വാദകനും ഗായകനുമായിരുന്ന കെ.സി. ചെറുക്കുട്ടിയും കല്യാണിയുമാണ് മാതാപിതാക്കള്‍. സഹോദരങ്ങള്‍ ഒമ്പതുപേര്‍. മൂന്നാം വയസില്‍ സ്വര്‍ണലതയെ പാട്ടു പഠിപ്പിച്ചു തുടങ്ങിയത് ചേച്ചി സരോജം. ഹാര്‍മോണിയവും കീബോര്‍ഡും അഭ്യസിച്ചു.
പി.ബി. ശ്രീനിവാസിനൊപ്പം കച്ചേരി നടത്തിക്കൊണ്ട് അരങ്ങേറാന്‍ ഭാഗ്യം. സാക്ഷാല്‍ എം.എസ്. വിശ്വനാഥന്വഴി സിനിമയില്‍ എത്തി. 1989ല്‍ നീതിക്കു ദണ്ഡനൈ എന്ന ചിത്രത്തില്‍ ചിന്നഞ്ചെറു കിളിയേ കണ്ണമ്മാ എന്ന ആദ്യ ഗാനം പാടിയത് ഗാനഗന്ധര്വന് യേശുദാസിനൊപ്പം!
എം.എസ്.വി, ഇളയരാജ, എ.ആര്. റഹ്മാന് എന്നീ മൂന്നു പേര്‍ക്കു വേണ്ടിയും പാടാന്‍ അവസരം ലഭിച്ച ചുരുക്കം ഗായികമാരില്‍ സ്വര്ണലതയുമുണ്ട്. ചിത്രയ്ക്കും സുജാതയ്ക്കും പിന്നാലെ തമിഴ് ചലച്ചിത്രഗാന രംഗത്ത് ഇത്രയേറെ ആരാധകരെ നേടിയ മറ്റൊരു ഗായികയില്ല.
ഇളയരാജയുടെ ഈണങ്ങളോടെ സൂപ്പര്‍ഹിറ്റായ ചിന്നതമ്പി (1991) എന്ന ചിത്രത്തിലെ പോവോമാ ഊര്‍കോലം എന്ന പാട്ട് സ്വര്‍ണലതയെ പ്രശസ്തിയുടെ കൊടുമുടിയിലെത്തിച്ചു. മികച്ച പിന്നണി ഗായികയ്ക്കുള്ള തമിഴ്നാട് സര്‍ക്കാരിന്റെ പുരസ്കാരവും ഈ പാട്ടിലൂടെ ലഭിച്ചു. തെന്നിന്ത്യയിലെമ്പാടും ഗാനമേള വേദികളെ ഇളക്കിമറിച്ച പാട്ടായിരുന്നു അത്. ഇന്നുമുണ്ട് കേള്‍വിക്കാരേറെ.
മിനിറ്റുകള്‍കൊണ്ടു പാട്ടു പഠിച്ചെടുക്കാനും അതിവേഗം റിക്കാര്‍ഡിംഗ് പൂര്‍ത്തിയാക്കാനും പ്രത്യേക കഴിവായിരുന്നു സ്വര്‍ണലതയ്ക്ക്. ദേവ, വിദ്യാസാഗര്‍, എ.എസ്. രാജ്കുമാര്, ഹാരിസ് ജയരാജ്, ഭരണി, യുവന് ശങ്കര്‍ രാജ തുടങ്ങി ഒട്ടുമിക്ക സംഗീതസംവിധായകരുടെ ഈണങ്ങളും സ്വര്‍ണലത പാടി. യേശുദാസ്, ജയചന്ദ്രന്, എസ്.പി. ബാലസുബ്രഹ്മണ്യം, ഹരിഹരന്, ശ്രീനിവാസ്, മനോ, കാര്‍ത്തിക് തുടങ്ങിയ ഒട്ടേറെ ഗായകര്‍ക്കൊപ്പം യുഗ്മഗാനങ്ങള്ക്കു ശബ്ദംനല്‍കി. ഏതാണ്ടെല്ലാ പാട്ടുകളും സൂപ്പര്‍ഹിറ്റുകളുമായി.
മലയാളത്തില്‍
പ്രിയങ്കരമായ മെലഡികള്‍ മലയാളത്തിനു നല്കിയ യശശരീരനായ കണ്ണൂര്‍ രാജന്റെ ഈണത്തില്‍ ആയിരം ചിറകുള്ള മോഹം എന്ന ചിത്രത്തിലെ അനുരാഗവതി എന്ന പാട്ടാണ് മലയാളത്തില്‍ ആദ്യം പാടിയത്. എം.ജി. ശ്രീകുമാറിനൊപ്പമുള്ള യുഗ്മഗാനം. ജോണ്സണ്, എസ്.പി. വെങ്കടേഷ്, വിദ്യാസാഗര്‍, രാജാമണി, മോഹന്‍ സിതാര, ശരത്, സുരേഷ് പീറ്റേഴ്സ് തുടങ്ങിവരുടെ പാട്ടുകള്‍ മലയാളത്തില്‍ പാടി. മധുചന്ദ്രികേ (സാദരം), മാണിക്യക്കല്ലാല്‍ (വര്‍ണപ്പകിട്ട്), ബല്ലാ ബല്ലാ (പഞ്ചാബി ഹൗസ്), നീയൊന്നു പാടു (തച്ചോളി വര്‍ഗീസ് ചേകവര്‍), പൊട്ടുകുത്തെടി (രാവണപ്രഭു) തുടങ്ങിയവ ഹിറ്റു ഗാനങ്ങളില്‍ ചിലത്.
ഒട്ടേറെ പരസ്യ ജിംഗിളുകള്‍ക്കും ശബ്ദം നല്‍കിയിട്ടുണ്ട്. എത്ര ഉയര്‍ന്ന പിച്ചില്‍ പാടിയാലും വോയ്സ് ടോണിന്റെ സൗന്ദര്യം നിലനില്‍ക്കുമെന്നത് സ്വര്‍ണലതയുടെ ഒരു പ്രത്യേകതയായിരുന്നു. അവരുടെ കഴിവുകള്‍ മലയാള സിനിമ വേണ്ടത്ര ഉപയോഗിച്ചില്ലെന്നതാണ് യാഥാര്‍ഥ്യം.
മൗനം, മടക്കം
ശ്വാസകോശ സംബന്ധമായ അസുഖങ്ങളെത്തുടര്‍ന്ന് 2010 സെപ്റ്റംബര്‍ 12നായിരുന്നു സ്വര്‍ണലതയുടെ മടക്കം. പാടാത്ത എത്രയോ പാട്ടുകള്‍ ബാക്കിയാക്കിയാണ് അവര്‍ വിടവാങ്ങിയതെന്നു തോന്നും.
ഒരൊറ്റ ഗസല്‍ പാടിച്ചു നോക്കിയശേഷം തന്റെ പാട്ടിനു സ്വര്‍ണലതയെ തെരഞ്ഞെടുക്കുകയായിരുന്നു എന്നു പറഞ്ഞിട്ടുണ്ട് ജോണ്സണ് മാസ്റ്റര്‍. ആദ്യകേള്‍വിയില്‍ത്തന്നെ അദ്ദേഹത്തിന് ആ ശബ്ദം ഇഷ്ടമായി. ഏഴരക്കൂട്ടം എന്ന ചിത്രത്തിലെ ഇല്ലിക്കാടും എന്ന പാട്ട് സ്വര്‍ണലത പാടിയത് അങ്ങനെ. സാദരത്തിലെ മധുചന്ദ്രികേ എന്നുതുടങ്ങുന്ന ഗാനം ഒരാളും മറക്കാനിടയില്ല.
അധികം സംസാരിക്കാന്‍ ഇഷ്ടമില്ലാതിരുന്ന, വലിയ സുഹൃദ് വലയം ഇല്ലാതിരുന്ന സ്വര്‍ണലത എവിടെയോ മൗനത്തോടു കൂട്ടുകൂടി ഇരിക്കുന്നു. അപ്പോഴും അവരുടെ പാട്ടുകള്‍ തേന്‍നിലാവു പൊഴിക്കുന്നു...
ഹരിപ്രസാദ്