ഭീകരമായ ഒരു കുറ്റകൃത്യത്തിനു വധശിക്ഷയേൽക്കേണ്ടിവരുന്ന ഒരു ചെറുപ്പക്കാരന്റെ അവസാന നാളുകളിൽ അയാളുടെ ആധ്യാത്മിക ഉപദേഷ്ടാവായി എത്തുന്ന കന്യാസ്ത്രീയുടെ അനുഭവങ്ങളെ അടിസ്ഥാനമാക്കി നിർമിച്ചതാണ് ഈ ചിത്രം.
വധശിക്ഷയ്ക്കായി കൊലക്കളത്തിലേക്കു നീങ്ങുന്ന തടവുകാരനെ വിശേഷിപ്പിക്കാൻ അമേരിക്കൻ ജയിലുകളിൽ ഉപയോഗിക്കുന്ന പ്രയോഗമാണ് "ഡെഡ്മാൻ വോക്കിംഗ്.' ഭീകരമായ ഒരു കുറ്റകൃത്യത്തിനു വധശിക്ഷയേൽക്കേണ്ടിവരുന്ന ഒരു ചെറുപ്പക്കാരന്റെ അവസാന നാളുകളിൽ അയാളുടെ ആധ്യാത്മിക ഉപദേഷ്ടാവായി എത്തുന്ന കന്യാസ്ത്രീയുടെ അനുഭവങ്ങളെ അടിസ്ഥാനമാക്കി നിർമിച്ചതാണ് ഈ ചിത്രം.
അമേരിക്കയിൽ വധശിക്ഷാ സന്പ്രദായത്തിനെതിരേ പ്രവർത്തിക്കുന്ന ഒരു പ്രസ്ഥാനത്തിന്റെ അധ്യക്ഷയും എഴുത്തുകാരിയുമാണ് സിസ്റ്റർ ഹെലൻ പ്രെയ്ഷോൺ. 1980കളിൽ ലൂസിയാനയിൽ ദരിദ്രരുടെ ഇടയിൽ പ്രവർത്തിക്കുകയായിരുന്നു ഇവർ. അക്കാലത്തു മരണശിക്ഷാർഹരായി തടവിൽ കഴിഞ്ഞിരുന്ന കുറ്റവാളികളുടെയും ഒപ്പം അവരുടെ ഇരകളായ പലരുടെയും ജീവിതം അടുത്തറിഞ്ഞ സിസ്റ്റർ ഹെലൻ തന്റെ അനുഭവങ്ങൾ പങ്കുവച്ച ഡെഡ്മാൻ വോക്കിംഗ് എന്ന ഗ്രന്ഥം ശ്രദ്ധേയമായി.
സിസ്റ്റർ ഹെലൻ ഇടപെട്ട, വധശിക്ഷ കിട്ടിയ രണ്ടു കുറ്റവാളികളുടെ അനുഭവങ്ങളും അവരുടെ ജീവിതത്തിലും മരണത്തിലും അവർ കണ്ട ചില സത്യങ്ങളും ടിം റോബിൻസ് ഹൃദയസ്പർശിയായ ഒരു കഥയാക്കി മാറ്റി. ലൂസിയാനയിൽ പല കുറ്റങ്ങൾ ചെയ്ത എൽമോ പാട്രിക് സോണിയോ, റോബർട്ട് ലീ വില്ലി എന്നിവരുടെ പുനരാവിഷ്കാരമാണ് മുഖ്യകഥാപാത്രം മാത്യു പോൺസ്ലെറ്റ് എന്ന യുവ കുറ്റവാളി. ഷോൺ പെൻ വേഷമിടുന്ന ഈ കഥാപാത്രം ഒരു കുറ്റവാളിപശ്ചാത്തലത്തിൽ ജനിച്ചുവളർന്ന ദരിദ്രനായ ഒരു വെള്ളക്കാരനാണ്. ഒപ്പം വർണവെറിയും കൂട്ടിനുണ്ട്.
വധശിക്ഷയ്ക്കു മുന്നിൽ
മദ്യവും മയക്കുമരുന്നും ശീലമാക്കിയിരുന്ന ഇയാളും കൂട്ടുകാരനും ചേർന്നു യുവദന്പതികളെ കുടുക്കിലാക്കി നീചമായി പീഡിപ്പിച്ചുകൊന്നു. പോൺസ്ലെറ്റിനു വധശിക്ഷയും കൂട്ടാളിക്ക് ജീവപര്യന്തവും കിട്ടി. ഏറെക്കുറെ ഉറപ്പായ വധശിക്ഷയിൽനിന്ന് രക്ഷപ്പെടാമെന്ന പ്രതീക്ഷയിലാണിയാൾ. കുറ്റം നിഷേധിച്ചും മറ്റുള്ളവരെയും സാമൂഹ്യവ്യവസ്ഥയെയുമൊക്കെ പഴിചാരിയും ജയിലിൽ കഴിയുന്ന പോൺസ്ലെറ്റ് സിസ്റ്റർ ഹെലനുമായി കത്തിടപാടുകൾ ആരംഭിച്ചു.
തന്നെ രക്ഷിക്കാൻ അവർക്കു കഴിഞ്ഞേക്കുമെന്ന പ്രതീക്ഷയിലാണിയാൾ. ഹെലൻ ജയിലിൽ ചെന്ന് പോൺസ്ലെറ്റിനെ കാണുന്പോൾ അയാളുടെ സ്വഭാവവും നിലപാടും അവർക്കു വ്യക്തമായി മനസിലായി. വധശിക്ഷയിൽനിന്ന് ഇയാളെ രക്ഷിക്കാനുള്ള ശ്രമത്തിനൊപ്പം അയാളുടെ ആത്മരക്ഷയിലൂന്നിയാണ് ഹെലന്റെ ഇടപെടലുകൾ.
പോൺസ്ലെറ്റിനെ അയാളുടെ സ്വയംനിർമിത മിഥ്യകളുടെ തടവിൽനിന്നു രക്ഷിക്കാൻ ദൈവവചനമാണ് ഹെലന്റെ ആയുധം. സ്വയം ന്യായീകരണം അവസാനിപ്പിച്ച് അയാൾ ഉത്തരവാദിത്വം ഏറ്റെടുക്കണം. ഒപ്പം തന്റെ നീചകൃത്യം മുറിവേൽപ്പിച്ച കുടുംബത്തോടു മാപ്പുപറയണം. ഈ ഉദ്ദേശ്യത്തോടെ ഹെലൻ ആ കുടുംബത്തെയും സന്ദർശിക്കുന്നുണ്ട്. എന്നാൽ, പോൺസ്ലെറ്റിന്റെ മരണം കാണാൻ കാത്തിരിക്കുകയാണ് ദുഃഖിതരായ കുടുംബം.
പോൺസ്ലെറ്റിന്റെ കുടുംബത്തെയും ചിത്രത്തിൽ കാണാം. അയാളുടെ വിടവാങ്ങൽ സംഗമമാണത്. കോടതിമുറിയിലെ വ്യവഹാരങ്ങൾ വധശിക്ഷ എന്ന ന്യായവ്യവസ്ഥയുടെ ദാരുണവും സങ്കീർണവുമായ സമസ്യകൾ വെളിവാക്കുന്നു. വധശിക്ഷയുടെ പിന്നിൽ ഒരു സമൂഹത്തിന്റെ പ്രതികാരദാഹമല്ലേ പ്രചോദനം? കരുണയ്ക്കും മനുഷ്യജീവന്റെ പവിത്രതയ്ക്കും എന്തുവില?
മാനസാന്തരം
ഏതായാലും പോൺസ്ലെറ്റിന്റെ അപ്പീൽ തള്ളപ്പെട്ടു. നുണപരിശോധനയിലും അയാൾക്കു തിരിച്ചടി. ഇനി അവശേഷിക്കുന്നത് മരണത്തിനുള്ള തയാറെടുപ്പ്. അയാളുടെ തകർന്ന മനസിനു സാന്ത്വനം നൽകാൻ ഹെലൻ തന്റെ ആത്മീയോർജം മുഴുവൻ പുറത്തെടുക്കുന്നു. പാപം ഏറ്റുപറഞ്ഞ് മുക്തിനേടണം.
അവർ പറയുന്നുണ്ട് : ക്രിസ്തു തന്റെ ബലിയിലൂടെ വിലകൊടുത്തു എന്നതുകൊണ്ട് നിനക്കു ലഭിക്കുന്ന ഒരു സൗജന്യ പ്രവേശന ടിക്കറ്റല്ല രക്ഷ എന്നത്. നിന്റെ രക്ഷയിൽ നിന്റെ പങ്കാളിത്തം നിർബന്ധമാണ്. അയാൾ അവരോടു തന്റെ പാപസങ്കീർത്തനം ചെയ്യുന്നു. അയാൾ മരണത്തിലേക്കു നീങ്ങുന്പോൾ ഒപ്പം പ്രാർഥനയുമായി ഈ കന്യാസ്ത്രീയുമുണ്ട്. പോൺസ്ലെറ്റ് കൊന്നവരുടെ മാതാപിതാക്കൾ എത്തിയിട്ടുണ്ട്. അയാൾ അവരോടു നിരുപാധികമായി മാപ്പുചോദിക്കുന്നു.
വിഷം കുത്തിവച്ചുള്ള വധശിക്ഷാ നടപടി വിശദമായി സിനിമ അവതരിപ്പിക്കുന്നു. എന്നാൽ, ഈ രംഗത്തു പാരലൽ എഡിറ്റിംഗ് സങ്കേതം ഉപയോഗിച്ചു ശിക്ഷാ രംഗങ്ങൾക്കൊപ്പം ഫ്ളാഷ് ബാക്കിൽ, ചെയ്ത കുറ്റകൃത്യത്തിന്റെ രംഗങ്ങളും ചേർത്തുവയ്ക്കുന്നു. കുറ്റവും ശിക്ഷയും ഒരുപോലെ ഭീകരമാണെന്ന ധ്വനി ഇവിടുണ്ട്. വധശിക്ഷയുടെ നീതി എന്ത്? ഇവിടെ കരുണയ്ക്കും ജീവന്റെ അന്തസിനും എന്തുവില? ഈ ചോദ്യങ്ങളുയരുന്നു.
അന്തസായി മരിക്കാൻ ഞാൻ നിന്നെ സഹായിക്കും എന്ന ഹെലന്റെ വാഗ്ദാനം അവർ പാലിക്കുന്നു. സിസ്റ്റർ ഹെലൻ പ്രയ്ഷോൺ തന്റെ ഗ്രന്ഥത്തിൽ വധശിക്ഷയെ തുറന്നെതിർത്തിരുന്നു. പക്ഷേ, ചിത്രത്തിൽ നാം കാണുന്നത് ഈ പ്രശ്നത്തെ നാനാ വശങ്ങളോടെ വസ്തുനിഷ്ഠമായി അവതരിപ്പിക്കുന്നതാണ്.
മനസിനെ പിടിച്ചുലയ്ക്കുന്ന, എന്നാൽ സ്വാഭാവികമായ ഭാവങ്ങളോടെ അവതരിപ്പിക്കപ്പെടുന്നതുമായ ഈ ചലച്ചിത്രം നാലു ഒാസ്കർ നോമിനേഷനുകളും മികച്ച നടിക്കുള്ള ഓസ്കറും (സൂസൻ സാരൺഡൺ) നേടിയെടുത്തു. പിന്നാലെ പല അന്താരാഷ്ട്ര പുരസ്കാരങ്ങളും.
ജിജി ജോസഫ് കൂട്ടുമ്മേൽ