അട്ടപ്പാടിയിൽ വോട്ട് വളരുന്നു
Saturday, January 20, 2024 10:48 PM IST
വോട്ടു ചെയ്യാൻ തീരെ താത്പര്യമില്ലാതിരുന്ന ഒരു ജനതയെ വോട്ടു ചെയ്യിക്കാൻ കിണഞ്ഞു പരിശ്രമിക്കുന്നവരെക്കണ്ടാൽ സാധാരണ വോട്ടർമാർ മൂക്കത്തുവിരൽ വയ്ക്കും.
കാരണം വോട്ടു ചെയ്യിപ്പിക്കാൻ കഷ്ടപ്പെടുന്നവർ ഇന്നേവരെ വോട്ടു ചെയ്തിട്ടില്ല, അവർക്ക് ആഗ്രഹമില്ലാഞ്ഞിട്ടല്ല അവർക്ക് വോട്ടില്ല... കുറച്ചുകൂടി കൃത്യമായി പറഞ്ഞാൽ വോട്ടു ചെയ്യാൻ പ്രായമാകാത്ത കുട്ടിക്കൂട്ടമാണ് തങ്ങളുടെ നാട്ടുകാരെ വോട്ടു ചെയ്യിക്കാൻ കട്ടപ്പണിയെടുക്കുന്നത്.
വീണ്ടുമൊരു ദേശീയ സമ്മതിദാന ദിനംകൂടി കടന്നെത്തുന്പോൾ ഉറപ്പായും പറയാം അട്ടപ്പാടിയിലെ കുട്ടികൾ ഒരു ബിഗ് സല്യൂട്ടിന് അർഹരാണ്. ദേശീയ, സംസ്ഥാന ഇലക്ഷൻ കമ്മീഷനുകളുടെ നല്ല വാക്കുകളാണ് ഇപ്പോൾ ഈ കുട്ടിക്കൂട്ടത്തിന്റെ ഊർജം. ഒരു വോട്ടർ പോലും ഒഴിവാക്കപ്പെടരുതെന്നും ഓരോ വോട്ടും വിലപ്പെട്ടതാണെന്നുമുള്ള മഹത്തായ സന്ദേശവുമായി കുടുംബങ്ങൾ കയറിയിറങ്ങുകയാണ് ഈ കുട്ടികൾ.
ഊരുകളിലെ വോട്ട്
വിദ്യാഭ്യാസ കാലഘട്ടത്തിൽതന്നെ രാഷ്ട്രനിർമാണ പ്രക്രിയയിൽ പങ്കാളികളായി ശ്രദ്ധ നേടുകയാണ് അട്ടപ്പാടി ട്രൈബൽ മേഖലയിലെ അഗളി ഹയർ സെക്കൻഡറി സ്കൂളും 2018ൽ രൂപീകരിച്ച ഇവിടത്തെ ഇലക്ടറൽ ലിറ്ററസി ക്ലബും. വിദ്യാർഥികളിൽ ഭൂരിപക്ഷവും ട്രൈബൽ വിഭാഗത്തിലുള്ളവർ. ഇന്ത്യയിലെ മുഴുവൻ സ്കൂളുകൾക്കും പരിഷ്കൃത സമൂഹത്തിനും മാതൃകയാക്കാൻ പറ്റുന്ന പാഠമാണ് ഇവർ പകരുന്നത്.
ഏതാനും വർഷത്തെ പരിശ്രമംകൊണ്ട് അട്ടപ്പാടിയിലെ തെരഞ്ഞെടുപ്പ് ചരിത്രത്തിന്റെ കണക്കുകൾ തിരുത്തിക്കുറിക്കാൻ ഇവർക്ക് കഴിഞ്ഞു. കഴിഞ്ഞ നിയമസഭാ, ലോക്സഭാ തെരഞ്ഞെടുപ്പുകളിലെ ഇവരുടെ പ്രവർത്തനങ്ങൾ ദേശീയ ശ്രദ്ധ നേടിയിരുന്നു.
കുട്ടികൾ തിരക്കിലാണ്
സ്കൂളിലെ ലിറ്ററസി ക്ലബും സ്റ്റുഡന്റ് പോലീസ് കേഡറ്റുകളും സംയുക്തമായി അട്ടപ്പാടിയിലെ വിദൂര ഉൗരുകളിലേക്കു വരെ നേരിട്ടുചെന്നു. ഇവരുടെ ബോധവത്കരണം അദ്ഭുതകരമായ മാറ്റമാണ് വോട്ടിംഗ് ശതമാനത്തിലുണ്ടാക്കിയത്. ഈ മുന്നേറ്റമാണ് ദേശീയ ശ്രദ്ധ നേടിയത്. വിദൂര ഉൗരുകളിൽ തെരഞ്ഞെടുപ്പിനു വളരെ മുന്പുതന്നെ കുട്ടികൾ ബോധവത്കരണം തുടങ്ങും.
തെരഞ്ഞെടുപ്പിനു മുന്നോടിയായി ബോധവത്കരണ റാലിയും സംഘടിപ്പിക്കും. വോട്ടിംഗ് ദിവസം ബൂത്തുകളിലേക്കു ശാരീരിക ബുദ്ധിമുട്ടുള്ളവരെ എത്തിക്കും. വോട്ടു ചെയ്തുകഴിഞ്ഞാൽ തിരികെ വീട്ടിലേക്കുമെത്തിക്കും. വോട്ടിംഗ് കഴിഞ്ഞാൽ ബൂത്തുകൾ വൃത്തിയാക്കിയും കുട്ടികൾ തങ്ങളുടെ പ്രതിബദ്ധത തെളിയിക്കുന്നു.
വലിയ മാറ്റം
ഏറ്റവും പോളിംഗ് ശതമാനം കുറവുളള പോളിംഗ് ബൂത്ത് കണ്ടെത്തി അവിടെ കുട്ടികൾ നിരന്തരം ഇടപെട്ടു. മണ്ണാർക്കാട് നിയോജക മണ്ഡലത്തിലെ പോളിംഗ് സ്റ്റേഷനായ ചിണ്ടക്കി എൽപി സ്കൂളിൽ ഒരിക്കലും പോളിംഗ് 60 ശതമാനത്തിൽ കൂടുതൽ ഉയർന്നിരുന്നില്ല. എന്നാൽ, കുട്ടികളുടെ ഇടപെടലിലൂടെ പോളിംഗ് ശതമാനം 74 വരെയെത്തി. പിന്നീടൊരിക്കലും ഇതു താഴ്ന്നിട്ടുമില്ല.
മിക്ക ട്രൈബൽ മേഖലയിലും പോളിംഗ് ശതമാനം ഉയർത്താനായതാണ് ദേശീയ മാധ്യമങ്ങളിലടക്കം ഇടംപിടിച്ചത്. ഇലക്ടറൽ ലിറ്ററസി ക്ലബ് ജില്ലാ മാസ്റ്റർ ട്രെയ്നറും സ്കൂളിലെ അധ്യാപകനുമായ ടി. സത്യനും മറ്റ് അധ്യാപകരും ഒത്തുപിടിച്ചതോടെയാണ് ട്രൈബൽ മേഖലയിലെ ഈ മുന്നേറ്റത്തിനു ട്രൈബൽ കുട്ടികൾ തന്നെ രംഗത്തിറങ്ങിയത്.
അഗളി സ്കൂളിന്റെ വിജയത്തിന്റെ ചുവടുപിടിച്ച് ഇപ്പോൾ അട്ടപ്പാടിയിലെ വിദ്യാഭ്യാസ മേഖലയിൽ ആറ് ഇലക്ടറൽ ലിറ്ററസി ക്ലബുകളുണ്ട്. മാറ്റം തിരിച്ചറിഞ്ഞതോടെ ജില്ലാ ഭരണകൂടവും എല്ലാവിധ പ്രോത്സാഹനവും നൽകി ഒപ്പം നിൽക്കുന്നു.
വെല്ലുവിളിക്കു മുന്നിൽ
അതേസമയം വീണ്ടുമൊരു തെരഞ്ഞെടുപ്പ് കൂടി വരുന്പോൾ വലിയൊരു പ്രതിസന്ധിഘട്ടമാണ് ഇലക്ടറൽ ലിറ്ററസി ക്ലബുകൾക്കു മുന്നിലുള്ളത്.ആദിവാസി യുവവോട്ടർമാരിൽ ഒരു വിഭാഗത്തിൽ വോട്ടു ചെയ്യുന്നതിൽ നിസംഗത വളരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇതിനെ മറികടക്കുകയെന്ന ഭഗീരഥ പ്രയത്നമാണ് ഇവർക്കു മുന്നിലുള്ളത്.
എന്തായാലും സംസ്ഥാന ഇലക്ഷൻ കമ്മീഷനും ജില്ലാ ഭരണകൂടവും ലിറ്ററസി ക്ലബുകളും ഒരുങ്ങിത്തന്നെയാണ്. യുവാക്കളുടെ നിസംഗതയുടെ കാര്യം നേരിട്ടറിഞ്ഞും പരിഹരിച്ചും വോട്ടിന്റെ ശക്തി അവരെ ബോധ്യപ്പെടുത്താനുള്ള തന്ത്രങ്ങൾ അവർ ഒരുക്കുകയാണ്. ഇതിനായി അട്ടപ്പാടിയിലെ ഇത്തരം നിസംഗത പുലർത്തുന്നവരുടെ പട്ടികയെടുക്കാനും ജില്ലാ ഭരണകൂടം നിർദേശിച്ചിട്ടുണ്ട്. ജില്ലാ കളക്ടറും അട്ടപ്പാടിയുടെ തെരഞ്ഞെടുപ്പ് നോഡൽ ഓഫീസറുമെല്ലാം ഇവരെ നേരിട്ടു കാണാനും തീരുമാനമുണ്ട്.
എം.വി. വസന്ത്