ജില്ല: ഇടുക്കി, വണ്ണപ്പുറം
കാഴ്ച: പ്രകൃതി ദൃശ്യം
തൊടുപുഴയ്ക്കു സമീപം വണ്ണപ്പുറം പഞ്ചായത്തിൽ കാഴ്ചയുടെ വിരുന്നൊരുക്കുന്ന പ്രദേശമാണ് കോട്ടപ്പാറ. സമുദ്രനിരപ്പിൽനിന്ന് 1,500 അടിയോളം ഉയരത്തിലാണ് ഈ വ്യൂ പോയിന്റ്. വണ്ണപ്പുറം-മുള്ളരിങ്ങാട് റോഡിൽ മൂന്നര കിലോമീറ്റർ യാത്രചെയ്താൽ മുള്ളരിങ്ങാട് ലൂർദ് മാതാ കപ്പേളയ്ക്കു സമീപത്തുള്ള ഇവിടെയെത്താം.
തൊടുപുഴയിൽനിന്നു 20 കിലോമീറ്ററും മൂവാറ്റുപുഴയിൽനിന്ന് 27 കിലോമീറ്ററും ദൂരമാണ് വണ്ണപ്പുറത്തേക്കുള്ളത്. മലയുടെ മുകളിൽനിന്നാൽ വെണ്മേഘങ്ങൾ താഴ്വാരങ്ങളെ തഴുകിയുണർത്തുന്ന നയന മനോഹര ദൃശ്യങ്ങൾ കാണാം. കോടമഞ്ഞിന്റെ നൃത്തത്തിൽ ആരുടെയും മനം കുളിരും.
ഉദയാസ്തമയങ്ങൾ ഇവിടെ വർണവിസ്മയങ്ങൾ വിരിയിക്കുന്നു. മഞ്ഞിൽ ചെഞ്ചായം പൂശിയ ആകാശത്ത് എത്ര നേരം നോക്കിയിരുന്നാലും മതിവരില്ല.
ജെവികെ.