ഉൽക്കയൊരുക്കിയ തടാകം!
അജിത് ജി. നായർ
Saturday, September 13, 2025 8:37 PM IST
പാരിസ്ഥിതികവും സാംസ്കാരികവുമായ പ്രാധാന്യം കണക്കിലെടുത്ത് 2020 നവംബറില്‍ ലോണാർ തടാകത്തെ ഒരു റാംസര്‍ സൈറ്റായി (അന്താരാഷ്ട്ര പ്രാധാന്യമുള്ള തണ്ണീര്‍ത്തടം) പ്രഖ്യാപിച്ചു. ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ ഇതിനെ ഒരു ദേശീയ ഭൗമപൈതൃക സ്മാരകമായും സംരക്ഷിക്കുന്നു.
ഭൂമിയില്‍ ഭീമന് ഉല്‍ക്കാശിലകള്‍ പതിക്കുമ്പോള്‍ ആഴമേറിയ ഗര്‍ത്തങ്ങള്‍ ഉണ്ടാവുക സാധാരണമാണ്. എന്നാല്‍ അവയില്‍ ചിലത് അദ്ഭുതകരമായ പരിവര്‍ത്തനത്തിന് വിധേയമാവാറുണ്ട്.
അത്തരത്തില്‍ ഉല്‍ക്കാശില പതിച്ചതിനെത്തുടര്‍ന്നുണ്ടായ ഗര്‍ത്തം ജലാശയമായി രൂപാന്തരം പ്രാപിച്ച പ്രകൃത്യാലുള്ള അദ്ഭുതമാണ് മഹാരാഷ്ട്രയിലെ ബുള്‍ധാന ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ലോണാര്‍ തടാകം. 52,000 വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്ലീസ്റ്റോസീന്‍ യുഗത്തില്‍ പ്രദേശത്ത് പതിച്ച ഒരു ഉല്‍ക്കയാണ് ലോണാറിന്റെ രൂപീകരണത്തിലേക്ക് നയിച്ചതെന്ന് കരുതപ്പെടുന്നു. ബസാള്‍ട്ടിക് പാറയില്‍ ഇന്നേവരെ ലോകത്ത് കണ്ടെത്തിയിട്ടുള്ള ഏക ഹൈപ്പര്‍ വെലോസിറ്റി ഇംപാക്ട് ക്രേറ്റര്‍ ആണിത്.
അതേസമയം പദ്മപുരാണം, സ്കന്ദ പുരാണം തുടങ്ങിയ ചില ഭാരതീയ പുരാണ ഗ്രന്ഥങ്ങളിലും ലോണാര്‍ തടാകത്തെപ്പറ്റി പരാമര്‍ശമുണ്ട്. ലോണാസുരന്‍ എന്ന അസുരന് ഒരു കാലത്ത് ഇവിടെ ജീവിച്ചിരുന്നെന്നും അവന്റെ ശല്യം സഹിക്കവയ്യാതെ മഹാവിഷ്ണു അവനെ സംഹരിച്ചെന്നും അസുരന് മരിച്ചുവീണ സ്ഥലത്താണ് തടാകം രൂപപ്പെട്ടതെന്നുമാണ് ഐതിഹ്യം.
തടാകത്തിനു ചുറ്റുമായി 30ല്‍ അധികം പുരാതന ക്ഷേത്രങ്ങള്‍ സ്ഥിതി ചെയ്യുന്നുണ്ട്. അവയില്‍ പലതും ഇന്ന് തകര്‍ച്ചയുടെ വക്കിലാണ്. പതിമൂ ന്നാം നൂറ്റാണ്ടിലെ യാദവരാജവംശത്തിന്റെ കാലത്തെ വാസ്തു ശൈലിയായ ഹേമാഡ്പന്തി ശൈലിയില്‍ പണികഴിപ്പിച്ചവയാണ് ഈ ക്ഷേത്രങ്ങള്‍. ഇവയെല്ലാം പ്രദേശത്തിന് ആത്മീയവും വാസ്തുവിദ്യാപരവുമായ മൂല്യം നല്കുന്നതില് വലിയ പങ്ക് വഹിക്കുന്നു.
തടാകത്തിന്റെ ചരിത്രത്തിലേക്കു വന്നാല്‍ ഏകദേശം 20 ലക്ഷം ടണ്‍ ഭാരമുള്ള ഒരു ഉല്‍ക്കയാണ് ഇവിടേക്ക് പതിച്ചതെന്നു കരുതപ്പെടുന്നു. ഉപ്പും ക്ഷാരവും കലര്‍ന്ന ജലമാണ് തടാകത്തിലേത്. ലോകത്ത് മറ്റെങ്ങും കാണാത്ത സൂക്ഷ്മജീവികളെയും തടാകത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
നാസയും ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയും ഇവിടെ നടത്തിവരുന്ന പഠനങ്ങള്‍ ഗ്രഹങ്ങളുടെ ഭൂമിശാസ്ത്രം, പ്രത്യേകിച്ച് ചന്ദ്രനിലെയും ചൊവ്വയിലെയും ഗര്‍ത്തങ്ങള്‍ മനസിലാക്കാന്‍ ഏറെ സഹായകമായിട്ടുണ്ട്.1823ല്‍ ബ്രിട്ടീഷ് ഓഫീസറായ ജെ.ഇ. അലക്സാണ്ടറാണ് ഈ തടാകം കണ്ടെത്തുന്നതും ശാസ്ത്രത്തിന്റെ ശ്രദ്ധയില്‍ പെടുത്തുന്നതും.
കോളനിഭരണ കാലഘട്ടത്തില്‍ നിരവധിയായ ഭൗമശാസ്ത്ര, പുരാവസ്തു സര്‍വേകള്‍ ഇവിടെ നടന്നതോടെയാണ് ലോണാര്‍ തടാകത്തിന്റെ പ്രാധാന്യം ലോകത്തിനു ബോധ്യപ്പെട്ടത്.1.2 കിലോമീറ്റര്‍ ചുറ്റളവുള്ള തടാകത്തിന് 150 മീറ്റര്‍ വരെ ആഴവുമുണ്ട്. 75 ഡിഗ്രി വരെ ചെരിവുള്ള കുന്നുകളാല്‍ തടാകം ചുറ്റപ്പെട്ടിരിക്കുന്നു.
അസാധാരണമായ സവിശേഷതകളാണ് ശാസ്ത്രജ്ഞരെയും സന്ദര്‍ശകരെയും ഒരുപോലെ തടാകത്തിലേക്ക് ആകര്‍ഷിക്കുന്നത്. നിറമാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. ജലത്തിന്റെ അവസ്ഥയും കാലാവസ്ഥയും അനുസരിച്ച് നിറം പച്ചയില്‍നിന്ന് പിങ്കിലേക്ക് മാറുന്ന അപൂര്‍വ പ്രതിഭാസമാണ് ഇവിടെ സംഭവിക്കുന്നത്.
തടാകത്തിലെ ഉപ്പുവെള്ളവും ആല്‍ക്കലൈന്‍ സാഹചര്യങ്ങളുമാണ് ഇതിനു കാരണം. സൂക്ഷ്മാണുക്കളായ ഹാലോ ബാക്ടിരിയേസി, ഡുനാലിയെല്ല സലീന എന്നിവ പുറപ്പെടുവിക്കുന്ന പിഗ്മെന്റുകളാണ് തടാകത്തിന് പിങ്ക് നിറം നല്‍കുന്നത്.
ഉപ്പുവെള്ളവും ക്ഷാരഗുണമുള്ള വെള്ളവും ഒരുമിച്ച് ഒരു തടാകത്തില്‍ കാണുന്നത് അസംഭവ്യമായ കാര്യമാണെന്ന് ശാസ്ത്രജ്ഞര്‍പോലും പറയുന്നു. ഭൗമചരിത്രത്തിലേക്കും പരിണാമത്തിലേക്കും ജീവന്റെ ആവിര്‍ഭാവത്തിലേക്കും വെളിച്ചംവീശാന്‍ സഹായിക്കുന്ന വിവരങ്ങളും തടാകം നല്‍കിയിട്ടുണ്ട്.
65 ദശലക്ഷം വര്‍ഷങ്ങള്‍ക്കുമുമ്പ് നടന്ന വലിയ അഗ്നിപര്‍വത സ്ഫോടനങ്ങളിലൂടെ രൂപംകൊണ്ട ഡെക്കാൻ പീഠഭൂമിയിലെ ബസാള്‍ട്ടിക് പാറയിലുണ്ടായ ഒരേയൊരു ഉല്‍ക്കാപതന ഗര്‍ത്തമാണിത്. ഉല്‍ക്കാപതനത്തിന്റെ ആഘാതത്തില്‍ ബസാള്‍ട്ട് പാറ ഉരുകി പിളരുകയും, തത്ഫലമായി മാസ്കെലിനൈറ്റ് എന്നറിയപ്പെടുന്ന ഒരുതരം ഗ്ലാസ് രൂപപ്പെടുകയും ചെയ്തു.
തടാകത്തില്‍ സസ്യജന്തുജാലങ്ങളുടെ ഒരു വലിയ ശേഖരം തന്നെയുണ്ട്, മേല്‍പ്പറഞ്ഞ പോലെ അതില്‍ ചിലത് ഈ പ്രദേശത്ത് മാത്രം കാണുന്നവയാണ്.തടാകത്തിന്റെ ചില നിഗൂഢമായ സവിശേഷതകള്‍ക്ക് ഇന്നും ശാസ്ത്രീയമായ വിശദീകരണമില്ല.
ഉദാഹരണത്തിന്, തടാകത്തിലെ മണ്ണിന്റെ ഘടനയും കാന്തികഗുണങ്ങളും കാരണം ഗര്‍ത്തത്തിന്റെ ചില ഭാഗങ്ങളില്‍ കോമ്പസുകള്‍ പ്രവര്‍ത്തിക്കാറില്ല. തടാകത്തിന്റെ പാരിസ്ഥിതികവും സാംസ്കാരികവുമായ പ്രാധാന്യം കണക്കിലെടുത്ത്, 2020 നവംബറില്‍ ഇതിനെ ഒരു റാംസര്‍ സൈറ്റായി (അന്താരാഷ്ട്ര പ്രാധാന്യമുള്ള തണ്ണീര്‍ത്തടം) പ്രഖ്യാപിച്ചു.
ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ ഇതിനെ ഒരു ദേശീയ ഭൗമപൈതൃക സ്മാരകമായും സംരക്ഷിക്കുന്നു. എന്നിരുന്നാലും, മലിനീകരണം, കൈയേറ്റം, അധിനിവേശ ജീവികള്‍ തുടങ്ങിയ ചില ഭീഷണികളും തടാകം നേരിടുന്നുണ്ട്, ഇതിന്റെ ഭംഗിയും പ്രാധാന്യവും നിലനിര്‍ത്താന്‍ ഇവയെല്ലാം പരിഹരിക്കേണ്ടതുണ്ട്.
ലോണാര്‍ തടാകത്തെ വെറുമൊരു തടാകമായി മാത്രം കാണാനാവില്ല. അതിന്റെ ചരിത്രപരമായ പ്രാധാന്യവും നിഗൂഢതയും ചന്ദ്രോപരിതലവുമായുള്ള സാദൃശ്യവും എക്കാലവും ആളുകളെ അതിലേക്ക് വശീകരിക്കുന്നു. ഭാരതീയരെ സംബന്ധിച്ച് പ്രകൃത്യാലുള്ള ഒരു അപൂര്‍വ നിധിതന്നെയാണ് ലോണാര്‍ തടാകം.