അഗ്നിപർവതത്തിനുള്ളിലെ പള്ളി
Sunday, June 3, 2018 2:50 AM IST
സ്പെയിനിലെ കാറ്റലോണിയയ്ക്കടുത്തുള്ള ഗരോട്ടസ എന്ന ഗ്രാമം.ഏകദേശം 11,500 വർഷം മുന്‍പ് ഇവിടത്തെ ഭൂവൽക്കത്തിൽ ഒരു വലിയ വിള്ളൽ ഉണ്ടായി. ആ വിള്ളലിലൂടെ കുഴന്പുരൂപത്തിലുള്ള ലാവ പുറത്തേക്ക് പ്രവഹിച്ചു. ഈ ലാവ അടിഞ്ഞുകൂടി ഇവിടത്തെ താഴ് വരയിൽ 600 മീറ്റർ ഉയരമുള്ള ഒരു കുന്നുതന്നെ ഉണ്ടായി. ഈ കുന്നിന്റെ മുകളിലായി വലിയൊരു കുഴിയും രൂപപ്പെട്ടു. നൂറുകണക്കിന് വർഷംകൊണ്ട് ഈ അഗ്നി പർവതം ചെടികളാലും മരങ്ങളാലും മൂടപ്പെട്ട് ഒരു നിത്യഹരിതവനമായി മാറി. ഈ കുന്നിൻമുകളിലെ കുഴിക്കുള്ളിൽ, പച്ചപുതച്ച കൊടുംകാടിന് നടുക്ക് ഒരു പള്ളിയുണ്ട്. അഗ്നിപർവതത്തിന് ഉള്ളിലുള്ള ലോകത്തിലെ ഏക പള്ളിയാണിത്. സാന്റാ മർഗരീത്ത എന്നാണ് പള്ളിയുടെ പേര്. പള്ളി സ്ഥിതിചെയ്യുന്ന അഗ്നി പർവതവും ഇതേ പേരിൽ അറിയപ്പെടുന്നു.
ആരും കയറിവരാത്ത അഗ്നിപർവതത്തിനുമുകളിൽ ഈ പള്ളി ആരു പണിതെന്നോ എപ്പോൾ പണിതെന്നോ ആർക്കുമറിയില്ല. 1428 ൽ കാറ്റലോണിയയിലുണ്ടായ ഭൂകന്പത്തിൽ പള്ളിക്ക് കേടുപാടുകൾ സംഭവിച്ചിരുന്നു. ഇതിനും 600 വർഷത്തിനെങ്കിലും മുന്‍പാകണം ഈ പള്ളി പണിതതെന്ന്് ചരിത്രകാരന്മാർ വിശ്വസിക്കുന്നു. 1865 ൽ പുതുക്കിപ്പണിത പള്ളിയാണ് ഇപ്പോൾ നമുക്ക് കാണാൻ കഴിയുക. റോമൻ കത്തോലിക്കാ സഭയുടെ നിയന്ത്രണത്തിലുള്ള ഇവിടെ ഇപ്പോൾ ശുശ്രൂഷകളൊന്നും നടക്കുന്നില്ല.
ബാഴ്സലോണയിൽനിന്ന് 90 കിലോമീറ്റർ അകലെയായിട്ടാണ് സാന്റാ മർഗരീത്ത അഗ്നിപർവതം സ്ഥിതി ചെയ്യുന്നത്. ഈ പ്രദേശത്ത് മാത്രമായി ഏകദേശം 40 അഗ്നിപർവതങ്ങളുണ്ട്. എന്നാൽ ഇവയെല്ലാം നിർജീവമാണ്.