നാം പുകഴ്ത്തേണ്ട മാതൃത്വം
Sunday, July 8, 2018 6:35 AM IST
രാജൻ ഒരു ഗവണ്മെന്റ് ജോലിക്കാരനാണ്. അഞ്ച് മക്കളിൽ മൂന്നാമൻ. സഹോദരിമാർ മൂന്നുപേരുടെയും കല്ല്യാണം കഴിഞ്ഞു. രാജൻ രണ്ടായിരത്തി എട്ടിൽ വിവാഹിതനായി. ഭാര്യ വിനീത ഖത്തറിൽ ആറ് വർഷമായി ജോലി ചെയ്യുന്നു. രാജനും വിനീതയ്ക്കും രണ്ട് മക്കൾ. കുട്ടികൾ തനിക്കൊപ്പം താമസിച്ച് പഠിക്കണമെന്ന ആഗ്രഹത്തിലാണ് വിനീത. തന്റെ ഭാര്യയുടെ അത്തരമൊരാഗ്രഹത്തിന് സമ്മതം നൽകിയ രാജൻ കുട്ടികളുമായി ഇപ്പോൾ ഖത്തറിൽ പോയിരിക്കുകയാണ്. ഭാര്യക്കും മക്കൾക്കുമൊപ്പം ഒരുമാസം ചെലവഴിച്ച് നാട്ടിലേക്ക് മടങ്ങിപ്പോരും.
വിവാഹത്തിനുമുന്പ് വിനീതയും അവളുടെ മാതാപിതാക്കളും വിവാഹശേഷം വിനീത ജോലി ചെയ്യേണ്ട എന്ന രാജന്റെ ആഗ്രഹത്തോട് സമ്മതം പ്രകടിപ്പിച്ചിരുന്നു. പക്ഷേ, കല്യാണം കഴിഞ്ഞപ്പോൾ വിനീതയുടെയും മാതാപിതാക്കളുടെയും മട്ടുമാറി. നഴ്സിങ്ങ് പഠനം കഴിഞ്ഞ തനിക്ക് ജോലി ചെയ്യണമെന്നും സ്വന്തമായി വരുമാനം ഉണ്ടാക്കണമെന്നും വിനീത നിർബന്ധം പിടിച്ചു. അവളുടെ മാതാപിതാക്കൾ അതിനെ പിൻതുണയ്ക്കുകയും ചെയ്തു. അവരുടെ പിൻബലത്തിലാണ് അവൾ രാജന്റെയും അയാളുടെ മാതാപിതാക്കളുടെയും വിലക്കുകൾ ഭേദിച്ച് രണ്ടായിരത്തി പന്ത്രണ്ടിൽ ഖത്തറിൽ പോയത്. അവധിക്ക് നാട്ടിൽ എത്തുന്പോൾ ഭർതൃ ഭവനത്തിലേക്ക് അധികമൊന്നും പോകാനോ അവിടെ ചെന്ന് താമസിക്കാനോ വിനീത താൽപര്യം കാട്ടിയിരുന്നില്ല.
തന്റെ മരുമകളായ വിനീത തന്നോടും കുടുംബത്തോടും എത്രകണ്ട് അകൽച്ച കാട്ടിയോ അത്ര കണ്ട് അവളോട് മമതയും സ്നേഹവും കാട്ടാൻ രാജന്റെ അമ്മ അന്നാമ്മ ബോധപൂർവം ശ്രദ്ധിച്ചിരുന്നു. തന്റെയോ തന്റെ മാതാപിതാക്കളുടെയോ അനുമതിയും ആഗ്രഹവും ഇല്ലാതെ തന്നിഷ്ടംപോലെ പ്രവർത്തിച്ചതിനെപ്രതി വിനീതയുമായുള്ള വിവാഹബന്ധം ഉപേക്ഷിച്ചാലോ എന്നുപോലും രാജൻ ചിന്തിച്ചതാണ്. രാജന്റെ അത്തരമൊരു ചിന്തയെ വഴിമാറ്റി വിട്ടതിന് പിന്നിൽ മുഖ്യമായും പ്രവർത്തിച്ചത് അയാളുടെ അമ്മതന്നെയായിരുന്നു. ദൈവം കൂട്ടിച്ചേർത്ത മക്കളുടെ വിവാഹബന്ധം അകന്നുപോകാതെ നോക്കാനുള്ള ഉത്തരവാദിത്തം മാതാപിതാക്കൾക്ക് ഉണ്ടെന്ന് അന്നാമ്മ വിശ്വസിച്ചു. ഏതായാലും വിനീത ഇപ്പോൾ പണ്ടത്തെ വിനീതയല്ല. തന്റെ അമ്മയെക്കാളും അവൾക്കിപ്പോൾ സ്നേഹവും ബന്ധവും തന്റെ അമ്മായിഅമ്മയോടാണ്.
ഇക്കാലത്ത് ആ കുടുംബിനിയെ ഞാൻ പരിചയപ്പെട്ടപ്പോഴാണ് അവിശ്വസനീയമായ സംഭവം ഞാനറിയുന്നത്. ഉൗതിക്കത്തിക്കാമായിരുന്ന ഒരു വിഷയം ഉൗതിക്കെടുത്തി തന്റെ മകന്റെയും മരുമകളുടെയും വിവാഹബന്ധത്തിന് തണലായി മാറിയ ആ അമ്മയെ എത്ര പ്രകീർത്തിച്ചാലും മതിയാവുകയില്ല. മക്കളുടെ വിവാഹബന്ധത്തിന്റെ സംരക്ഷകരായി മറ്റാരെക്കാളും കൂടുതലായി നിലകൊള്ളേണ്ടവരാണ് അമ്മമാർ. മക്കളുടെ വിവാഹശേഷം അവരോട് ബന്ധപ്പെട്ട ചില കാര്യങ്ങളിൽ അപ്രതീക്ഷിതമായി പ്രതികൂല ഘടകങ്ങൾ വന്നേക്കാം.
അപ്പോൾ ശാന്തമാകാനും എല്ലാം ശാന്തമാക്കാനും കഴിയേണ്ടത് ജീവിതാനുഭവങ്ങൾ ഏറെയുള്ള മാതാപിതാക്കൾക്കാണ്. വിനീതയുടെയും അവളുടെ മാതാപിതാക്കളുടെയും നിലപാടുകളെ ന്യായീകരിക്കാൻ എനിക്കാവില്ല. ജോലിയും മുന്തിയ ശന്പളത്തേക്കാളും ഉപരിയായി ശാശ്വതമായി നിലനിൽക്കേണ്ട വിവാഹബന്ധത്തെ അവർ കാണേണ്ടതായിരുന്നു. കൈവിട്ടുപോകാമായിരുന്ന ആ ബന്ധം പക്വതയോടെ പരിരക്ഷിച്ചതിന് പിന്നിൽ അന്നാമ്മ എന്ന അമ്മ മാത്രമല്ല ഭാര്യയുടെ നിലപാടിനോട് സഹകരണം കാട്ടിയ അന്നാമ്മയുടെ ഭർത്താവും മാതാപിതാക്കളുടെ വാക്കുകളെ വിധേയത്വത്തോടെ സ്വീകരിച്ച മകനും ഉണ്ടായിരുന്നു.
ഇത്തരം കേസുകളിൽ വിവാഹ ബന്ധത്തെ ശാശ്വതമായി നിലനിർത്താൻ സഹായിക്കുന്ന വ്യക്തികളുടെ ഉപദേശങ്ങളെയും നിലപാടുകളെയുമാണ് ഇരുകൂട്ടരും സ്വീകരിക്കേണ്ടത്. ഒരു വശം ചേർന്ന് പരസ്പരം പോർവിളി നടത്താനും വിവാഹബന്ധത്തെ പറിച്ചുമാറ്റാനുമുള്ള പ്രേരണ നൽകുന്നവരെ ഇത്തരം വിഷയങ്ങളിൽ സഹായികളായോ ഉപദേശകരായോ സ്വീകരിക്കുന്നത് അപകടകരമാണ്. ആധ്യാത്മികതയുടെ മൂടുപടം അണിഞ്ഞ ഇക്കൂട്ടരിൽ ചിലർ ദർശനം - തോന്നൽ എന്നിങ്ങനെയുള്ള കപടതകളുടെ പേരിൽ ആളുകളെ വഴിതെറ്റിക്കുന്നതിനെ ഒരിക്കലും പ്രോൽസാഹിപ്പിക്കാനോ ന്യായീകരിക്കാനോ സാധിക്കുകയില്ല.
സിറിയക് കോട്ടയിൽ