സ്വന്തമായി പാട്ടുള്ള (പേരുള്ള) ആളുകൾ
Sunday, September 30, 2018 2:51 AM IST
മഴയുടെ തണുപ്പും പ്രകൃതിയുടെ പച്ചപ്പുമൊക്കെക്കൊണ്ട് സന്പന്നമാണ് മേഘാലയ എന്ന സംസ്ഥാനം. നാഗരികതയുടെ അഴുക്കുപുരളാതെ പ്രകൃതിയോട് ചേർന്ന് ജീവിക്കുന്ന നിരവധി ഗ്രാമങ്ങൾ ഇവിടെയുണ്ട്. അത്തരത്തിലൊരു കൊച്ചുഗ്രാമമാണ കോങ്തോങ്ങ്.ഇവിടത്തെ അന്തരീക്ഷം സംഗീതാത്മകമാണ്. വൃത്യസ്ത ഈണത്തിലുള്ള പാട്ടുകളും സ്വരങ്ങളും എപ്പോഴുമങ്ങനെ മുഴങ്ങി കേട്ടുകൊണ്ടിരിക്കും. ആദ്യ കേൾവിയിൽ ഇവിടത്തെ നിബിഢവനങ്ങളിൽ പാർക്കുന്ന പക്ഷികളുടെ പാട്ടാണോ ഇതെന്ന് സംശയം തോന്നാം. എന്നാൽ അങ്ങനെയല്ല. ഗ്രാമവാസികൾ പരസ്പരം അഭിസംബോധന ചെയ്യുന്നതിന്റെ ശബ്ദമാണത്. ഈ ഗ്രാമത്തിലെ ഓരോ ആൾക്കും അവരുടെ പേരിന് തുല്യമായ ഒരു ഈണമുണ്ട്. ആ ഈണം മൂളിയാണ് അവർ പരസ്പരം അഭിസംബോധന ചെയ്യുന്നത്. ഇവരുടെ സംസ്കാരത്തിന്റെ ഭാഗമാണ് ഈ പാട്ടുപേരുകൾ. 30 സെക്കൻഡുകൾവരെ നീണ്ടുനിൽക്കുന്ന ഈണങ്ങളാണ് ഇവിടെ പേരായി ഉപയോഗിക്കുന്നത്.
സംഗീത സംവിധാനം-അമ്മ
തങ്ങൾക്ക് ജനിക്കുന്ന കുഞ്ഞുങ്ങൾക്കായി അതുവരെ ആരും കേട്ടിട്ടില്ലാത്ത ഒരു ഈണം സൃഷ്ടിക്കുക എന്നത് കോങ്തോങ്ങിലെ അമ്മമാരുടെ കടമയാണ്. മക്കളോടുള്ള സ്നേഹവും അവർ ജനിച്ചപ്പോഴുണ്ടായ സന്തോഷവുമാണ് ഈ ഈണങ്ങളിൽ പ്രതിധ്വനിക്കുന്നത്. ഒൗദ്യോഗിക കാര്യങ്ങൾക്കായി മറ്റൊരു പേര് ഉണ്ടെങ്കിലും ആരും ആ പേര് കാര്യമായി ഉപയോഗിക്കില്ല. ജനിക്കുന്പോൾ പേരായി ലഭിക്കുന്ന ആ ഈണം ജീവിതകാലംമുഴുവൻ അവർ തങ്ങളുടെ പേരായി ഉപയോഗിക്കും. എന്നാൽ മക്കൾ എന്തെങ്കിലും കുസൃതിത്തരം കാണിച്ച് അമ്മമാരെ ദേഷ്യം പിടിപ്പിച്ചാൽ മനോഹരമായ ഈണത്തിന്റെ സ്ഥാനത്ത് അവരുടെ ഒൗദ്യോഗിക പേരായിരിക്കും അമ്മ വിളിക്കുക.
പ്രകൃതിയിൽനിന്ന് ലഭിക്കുന്ന ഈണങ്ങൾ
പേരുകളായി വ്യത്യസ്തതരം ഈണങ്ങൾ സൃഷ്ടിക്കാൻ സഹായിക്കുന്നത് തങ്ങൾക്ക് ചുറ്റുമുള്ള സുന്ദരമായ പ്രകൃതിയാണെന്ന് ഇവിടത്തെ അമ്മമാർ പറയുന്നു.ഖാസി വിഭാഗത്തിൽപ്പെട്ട ആളുകൾ താമസിക്കുന്ന തികച്ചും ഒറ്റപ്പെട്ട ഒരു സ്ഥലമാണ് കോങ്തോങ്ങ്. മണ്പാതകളിലൂടെ മണിക്കൂറുകൾ നടന്നാൽ മാത്രമെ അടുത്ത നഗരത്തിൽ എത്താൻ സാധിക്കുകയുള്ള. കാട്ടിൽനിന്ന് മുളകളും പുല്ലുമൊക്കെ ശേഖരിച്ച് വിവിധ ഉത്പന്നങ്ങളുണ്ടാക്കി വിറ്റാണ് ഈ ഗ്രാമവാസികൾ ഉപജീവനമാർഗം കണ്ടെത്തുന്നത്. പുരുഷൻമാരേക്കാൾ സ്ത്രീകൾക്കാണ് ഈ ഗ്രാമത്തിൽ പ്രാധാന്യം. അമ്മമാരിൽനിന്ന് പെണ്മക്കളിലേക്കാണ് ഇവിടെ സ്വത്ത് കൈമാറ്റം ചെയ്യപ്പെടുന്നത്. വിവാഹശേഷം പുരുഷൻമാർ സ്ത്രീകളുടെ വീട്ടിലേക്ക് മാറിത്താമസിക്കുന്നതാണ് ഇവിടത്തെ പതിവ്.
റോസ് മേരി ജോണ്