മ്മടെ വിമാനത്താവളം
Sunday, December 9, 2018 8:00 AM IST
കാലം 2013. നവംബർ 19-ന്റെ പുലർകാലം. കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിനുള്ള സ്ഥലം കാണാൻ എത്തിയതാണ് കെ.പി ജോസ്. എയർപോർട്ട് അഥോറിറ്റി ഓഫ് ഇന്ത്യയിൽ ജനറൽ മാനേജരായ അദ്ദേഹം കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ചീഫ് പ്രോജക്ട് എൻജിനിയറായി നിയമിതനായിരിക്കുകയാണ്. വലിയ സൗകര്യങ്ങളുള്ള ഒരു സ്ഥലം മനസിൽക്കണ്ടാണ് ജോസെത്തുന്നത്. സ്ഥലം കണ്ടപ്പോൾ അന്തംവിട്ടു. വിമാനത്താവളം നിർമിക്കാനാണോ അതോ വിനോദസഞ്ചാരകേന്ദ്രം നിർമിക്കാനാണോ താനെത്തിയതെന്നൊരു കണ്ഫ്യൂഷൻ. ഉദയസൂര്യന്റെ വെയിൽ മലകളെ മൂടിയ മഞ്ഞിൽപതിച്ചപ്പോൾ വെള്ള നിഴൽപോലെ ഏഴുകുന്നുകൾ തെളിഞ്ഞു തുടങ്ങി. കൂടെ വന്നയാൾ പറഞ്ഞു ഇതാണു സ്ഥലം.
വണ്ടികയറ്റാൻ നോക്കി. ഒരു വഴിയും കണ്ടില്ല. സൂര്യൻ അൽപം കൂടി ഉയർന്നപ്പോൾ ഒരുകാര്യം വ്യക്തമായി. വണ്ടിയെന്നല്ല, ഒരാൾക്ക് ചൊവ്വേനേരേ നടന്നു കയറാൻ പോലും പറ്റാത്ത കുന്നുകൾ. നിറയെ മുൾക്കാടുകൾ. ഇടയ്ക്കിടയ്ക്ക് പൊന്തി നിൽക്കുന്ന കശുമാവുകൾ. റോഡിൽ നിന്നും നൂറുമീറ്റർ വരെ ഉയരമുണ്ടായിരുന്നു കുന്നുകൾക്ക്. ഇതാണ് കണ്ണൂർ മട്ടന്നൂരിലെ മൂർഖൻപറന്പ്. കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം നിർമിക്കാൻ ഏറ്റെടുത്തിരിക്കുന്ന സ്ഥലം. പച്ചപിടിച്ചുകിടക്കുന്ന കുന്നുകളെ വിമാനത്താവളമാക്കുക- അത് നിസാര ജോലിയല്ലെന്നു മനസിലായി.
ഏഴു കുന്നുകളും ഏഴു താഴ്വാരങ്ങളും
ഏഴുകുന്നുകളും ഏഴു താഴ്വാരങ്ങങ്ങളും അതായിരുന്നു മൂർഖൻപറന്പ്. പേരുപോലെതന്നെ മൂർഖൻപാന്പിന്റെ സാന്നിധ്യമുള്ള സ്ഥലം. മഴപെയ്താൽ പിന്നെ വെള്ളത്തിന്റെ കുത്തൊഴുക്കാണ്. പിന്നെ നടന്നു മലകയറാൻപോലും സാധിക്കില്ല. റോഡ് നിരപ്പിൽ നിന്ന്് 100 മീറ്റർ ഉയരമുള്ള കുന്നുകൾ 36 മുതൽ 86 വരെ മീറ്റർ താഴ്ചയുള്ള താഴ്വാരങ്ങൾ. മൂർഖൻപറന്പിനെ മാറ്റണം, മാറ്റിയേ തീരൂ. 4,000 മീറ്റർ നീളവും 400-450 മീറ്റർ വീതിയുമുള്ള പ്രതലവുമുണ്ടായാലേ റണ്‍വേ നിർമിക്കാനാവൂ. ഇതു നിർമിക്കുക എന്നതായിരുന്നു ആദ്യ ദൗത്യം. താഴ് വാരങ്ങൾ സമതലമാക്കണം. ഇതിനായി മല ഇടിക്കാൻ തന്നെ തീരുമാനിച്ചു. മലകൾ ഇടിച്ച് ശേഖരിച്ച 250 ലക്ഷം ക്യുബിക് മീറ്റർ മണ്ണ് താഴ് വാരത്തിലെത്തിച്ചു. ഇതിനാൽ പുറത്തു നിന്ന് മണ്ണെടുക്കേണ്ടി വന്നില്ല. പുറത്തുനിന്ന് മണ്ണെടുക്കുക എന്നത് അസാധ്യവുമായിരുന്നു.

പ്രതിസന്ധികളിൽ പുഞ്ചിരിയോടെ
കുന്നുകളിൽ നിന്ന് മണ്ണെടുക്കുക എന്നത് വലിയ വെല്ലുവിളിയുയർത്തി. വളരെ പഴക്കമുള്ള കുന്നുകൾ ജെസിബിയ്ക്കു വഴങ്ങിയില്ല. തുടർന്ന് പാറപൊട്ടിക്കുന്നതുപോലെ കുന്നുകളും വെടിമരുന്നുപയോഗിച്ച് പൊട്ടിക്കുകയേ രക്ഷയുള്ളൂ എന്നു മനസിലായി. ഇതാദ്യം ചെയ്തപ്പോൾ വൻ ശബ്ദത്തോടെയാണ് മല പിളർന്നത്. ഇതു നാട്ടുകാരെ പരിഭ്രാന്തരാക്കി. സമീപ വീടുകൾക്ക് വിള്ളൽ വീഴുമെന്നു ഭയന്ന് ഇവർ സംഘടിച്ചു. വീടിന് കേടുപാടുണ്ടായാൽ നഷ്ടപരിഹാരം നൽകാമെന്നു സർക്കാർ സമ്മതിച്ചതോടെ സമരങ്ങൾ ഒന്നു തണുത്തു. മല പൊട്ടിക്കുന്നത് നാട്ടുകാരുടെ സാന്നിധ്യത്തിൽ വേണമെന്ന നിർദ്ദേശവും സർക്കാർ അംഗീകരിച്ചു. നാട്ടുകാരുടെ മുന്നിൽ കെ.പി. ജോസിന് വില്ലൻ പ്രതിച്ഛായയും വീണപോലെ ഇദ്ദേഹത്തിനു തോന്നി.
കിയാലിന്റെ സാരഥി എന്ന നിലയിൽ ശത്രുതയോടെ പലരും സംസാരിച്ചു തുടങ്ങി. പിന്നെ പഞ്ചായത്തുകളിൽ നടത്തുന്ന ബോധവത്കരണ മീറ്റിംഗുകളിൽ പ്രസംഗിക്കുകയായിരുന്നു ചീഫ് പ്രോജക്ട് എൻജിനിയറുടെ ജോലി. പ്രക്ഷോഭങ്ങൾ തണുക്കാൻ സമയമെടുത്തു. എന്തായാലും വെടിമരുന്നു വച്ച് മലപൊട്ടിക്കുന്ന പരിപാടി ജനരോഷം മൂലം അവസാനിപ്പിക്കേണ്ടി വന്നു. പകരം കരാറുകാരായ എൽ ആൻഡ് ടി എത്തിച്ച ജെസിബിയേക്കാൾ ശക്തമായ മറ്റുപകരണം വച്ച് മല അറുത്ത് പൊടിക്കുകയായിരുന്നു എന്നു വേണേൽ പറയാം.
മലയിൽ നിന്നൊഴുകുന്ന വെള്ളമായിരുന്നു അടുത്ത വില്ലൻ. വെള്ളം ഒഴുകിപ്പോകുന്ന സ്വാഭാവിക നീർച്ചാലുകൾ വിമാനത്താവള നിർമാണത്തിൽ അടയ്ക്കപ്പെട്ടു. പിന്നെ വീണ മഴവെള്ളം ഏതെല്ലാമോ വഴികളിൽക്കൂടി ഒഴുകി. വീടുകളുടെ എല്ലാം മുറ്റത്ത് വെള്ളവും ചെളിയുമായി. വീണ്ടും പ്രക്ഷോഭങ്ങൾ പൊട്ടിപ്പുറപ്പെട്ടു. കുന്നുകളിലൂടെ നടന്ന ജോസ് 24 കനാലുകൾ തിരിച്ചറിഞ്ഞു. ഇറിഗേഷൻ വിഭാഗത്തിന്റെ സഹായത്തോടെ എയർപോർട്ടിലെ വെള്ളം ഈ കനാലുകളിൽ എത്തിച്ചാണ് ആപ്രശ്നം പരിഹരിച്ചത്.
എർത്ത് റണ്‍വേ
ഏഴു മലകളിൽ റണ്‍വേ നിൽക്കില്ലെന്നു മനസിലായി. റണ്‍വേ പൂർത്തിയാകണമെങ്കിൽ ഒരു താഴ്വാരം 82 മീറ്റർ ഉയരമുള്ള കുന്നായി മാറണം. കോണ്‍ക്രീറ്റ് കെട്ടി ഇതുണ്ടാക്കുക പ്രായോഗികമല്ലെന്നു മനസിലായി. എൻജിനിയറിംഗിന്റെ പുത്തൻ സാങ്കേതികവിദ്യയായ റീഇൻഫോഴ്സ്ഡ് സ്ലോപ്പ് സിസ്റ്റം ഉപയോഗിച്ച് ഇതിനു പരിഹാരം കണ്ടു. ഒരു ലയർ മണ്ണിട്ട ശേഷം പോളി എത്തിലിൻ ഉപയോഗിച്ചുള്ള ജിയോഗ്രിഡ് അഥവാ പാരാലിങ്ക് വച്ച് മണ്ണിട്ടുയർത്തിയായിരുന്നു കുന്നുനിർമാണം. 3,050 മീറ്റർ റണ്‍വേയിലെ അവസാനത്തെ 240 മീറ്റർ നിൽക്കുന്നത് മണ്ണുപയോഗിച്ചു മാത്രം നിർമിച്ച ഈ കുന്നിലാണ്. ലാർസൻ ആൻഡ് ടൂബ്രോ ഇൻഫ്രാ ഡിവിഷനാണ് ഈ പ്രവൃത്തികൾ വേഗത്തിലും നൈപുണ്യത്തോടെയും തീർത്തത്.

റിക്കാർഡുകൾ അനവധി
2013 നവംബറിലാരംഭിച്ച വിമാനത്താവള നിർമാണം നാലുവർഷം കൊണ്ട് 2017 ൽ പൂർത്തിയായി. 1,800 കോടി മുതൽമുടക്കിൽ നിർമിച്ച വിമാനത്താവളത്തിന്റെ റണ്‍വേ 3,050 മീറ്ററാണ്. 20 വിമാനങ്ങൾക്ക് പാർക്ക് ചെയ്യാനുള്ള സ്ഥലം(ഏപ്രണ്‍) ഉണ്ട്. കോഡ് ഇ വിഭാഗത്തിൽപ്പെട്ട വലിയ ആറു വിമാനങ്ങൾക്കും സി,ഡി കോഡുകളിൽപ്പെട്ട 14 ചെറുവിമാനങ്ങൾക്കും ഒരേസമയം പാർക്കു ചെയ്യാം. വിമാനത്താവളത്തിനു ചുറ്റും 25 കിലോമീറ്റർ കോന്പൗണ്ട് വാളുണ്ട്. റണ്‍വേയ്ക്കു ചുറ്റും ഒന്‍പത് കിലോമീറ്റർ ഒപ്പറേഷൻ വാളുമുണ്ട്. വിമാനങ്ങൾക്ക് ബോംബ് ഭീഷണിയോ മറ്റോ വന്നാൽ ആ വിമാനം മാറ്റിയിടാനുള്ള ഐസൊലേഷൻ ബേ, ആദ്യം ഇറങ്ങിയ വിമാനത്തിന് റണ്‍വേയിൽ നിന്നു മാറാനുള്ള പാരലൽ ടാക്സി 2,500 മീറ്റർ എന്നിവയും സജ്ജീകരിച്ചിരിക്കുന്നു.
നാവേഴ്സ്, ഇൻസ്ട്രുമെന്റൽ ലാൻഡിംഗ് സിസ്റ്റം, ഡോപ്ളർ വിഒആർ എന്നീ ആധുനിക സൗകര്യങ്ങളുമുണ്ട്. പത്തുലക്ഷം ചതുരശ്രഅടിയുള്ള പാസഞ്ചർ ടെർമിനലാണ് യാത്രക്കാരെ സ്വീകരിക്കുന്നത്. യാത്രക്കാരു ടെ ആധിക്യമനുസരിച്ച് ഡൊമസ്റ്റിക്, ഇന്റർ നാഷണൽ ടെർമിനലുകൾ പരസ്പരം മാറ്റാനുള്ള ഇന്റഗ്രേറ്റഡ് എയർപോർട്ട് സംവിധാനമാണിവിടെയുള്ളത്. പാസഞ്ചർ ടെർമിനൽ മുഴുവൻ എയർകണ്ടീഷൻ ചെയ്തിട്ടുണ്ട്. രാത്രി ലാൻഡിംഗിന് വിമാനങ്ങൾക്ക് സഹായകമായി അപ്രോച്ച് ലൈറ്റുകളും സെൻട്രൽലൈൻ ലൈറ്റുകളും സ്ഥാപിച്ച് മുഴുവൻ പ്രകാശമുള്ള റണ്‍വേ സജ്ജമാക്കിയിരിക്കുകയാണിവിടെ.
ഒത്തൊരുമയുടെ ഫലം
ലാർസൻ ആൻഡ് ടൂബ്രോ പ്രധാന കരാറുകാരനായും എയ്ക്കോം, കിട്കോ എന്നിവർ കണ്സൾട്ടന്റുമാരുമായാണ് വിമാനത്താവള നിർമാണം പൂർത്തിയാക്കിയത്. ആഴ്ചകളിലും മാസത്തിലും കൃത്യമായ റിവ്യൂ മീറ്റിംഗുകൾ. 350 എൻജിനിയർമാരും 5,000 തൊഴിലാളികളും നാലു വർഷം നിർത്താതെ ഇവിടെത്തന്നെ താമസിച്ച് ജോലിചെയ്തു.
എയർപോർട്ട് ഒരു ആർട്ട് പോർട്ട്
കേവലം ഒരു എയർപോർട്ട് മാത്രമല്ലിത്. ഒരു ആർട്ട് പോർട്ട് കൂടിയാണെന്ന് കെ.പി ജോസ് പറയുന്നു. ഇന്ത്യയിൽ ബോംബെ ഉൾപ്പെടെ 40 എയർപോർട്ടുകളുടെ നിർമാണ സാരഥ്യം വഹിച്ചിട്ടുള്ളതിനാൽ ഇതിൽ നിന്നെല്ലാം വ്യത്യസ്തമാകണം കണ്ണൂർ എന്ന കാഴ്ചപ്പാടാണിതിനു കാരണം. സാധാരണ കെട്ടിട നിർമാണം കഴിഞ്ഞാണ് ഇന്റീരിയർ ഡിസൈനിനെക്കുറിച്ചാലോചിക്കുക. എന്നാൽ ഇവിടെ ഈ രീതിയിൽ നിന്നും വ്യത്യസ്തമായി കലാരൂപങ്ങൾക്കുള്ള സ്ഥലങ്ങളും കൂടിക്കണ്ടുകൊണ്ടായിരുന്നു കെട്ടിട നിർമാണം. കോണ്‍ക്രീറ്റും ചായങ്ങളും സമ്മേളിക്കുന്ന കൂറ്റൻ തെയ്യത്തിന്റെ രൂപമാണ് യാത്രക്കാരെ വരവേൽക്കുന്നത്. തെയ്യങ്ങളുടെയും തറികളുടെയും കളരിപ്പയറ്റിന്റെയും നാട്ടിലെ വിമാനത്താവളമായതിനാൽ കളരിപ്പയറ്റിന്റെ ദൃശ്യങ്ങൾക്കും പ്രത്യേക സ്ഥലം നൽകിയിട്ടുണ്ട്. വിമാനത്താവളത്തിനു നടുക്കായി കൂറ്റൻ തറി സ്ഥാപിക്കും. ആറുതരം മ്യൂറൽപെയിന്റിംഗുകൾ ഭിത്തികളെ മനോഹരമാക്കുന്നു. പഴയ കൂത്തുപറന്പിന്റെ ചിത്രീകരണം ഗൃഹാതുരത്വം ഉണ്ടാക്കുന്നതാണ്. കേരളത്തിലും കർണാടകയിലുമുള്ള 20 ലധികം പ്രസിദ്ധ കലാകാരൻമാരാണ് വിമാനത്താവളത്തിൽ ദൃശ്യവിരുന്നൊരുക്കുന്നത്. കേരള ചരിത്രം അനാവരണം ചെയ്യുന്ന ചുവർചിത്രങ്ങളാണ് മറ്റൊരുപ്രത്യേകത. വെർട്ടിക്കൽ ഗാർഡനുകൾ വിമാനത്താവളത്തെ ഹരിതാഭമാക്കുന്നു.

വിനോദസഞ്ചാരം പ്രധാന ആകർഷണം
വടക്കൻ കേരളത്തിലെ വിനോദസഞ്ചാരത്തിന് ഉണർവുണ്ടാകുമെന്നതാണ് വിമാനത്താവളം ഉയർത്തുന്ന ശുഭപ്രതീക്ഷ. കർണാടകത്തിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രമായ കൂർഗിലേക്ക് ഇവിടെ നിന്ന് രണ്ടരമണിക്കൂർ യാത്രചെയ്തെത്താം. വയനാട്ടിലേക്കും ബേക്കലിലേക്കും ഒന്നര മണിക്കൂർ യാത്രയേയുള്ളൂ. വിമാനത്താവളത്തിന് ചുറ്റുമുള്ള സ്ഥലങ്ങൾ വികസിക്കുമെന്നൊരാശയമുണ്ട്. അങ്ങനെ നോക്കിയാൽ ഇരിട്ടി, പേരാവൂർ, കൂത്തുപറന്പ് തുടങ്ങിയ പരിസരപ്രദേശങ്ങളൊക്കെ ജനസാന്ദ്രത കുറഞ്ഞ സ്ഥലങ്ങളാണ്. ഇവിടെ സ്ഥലംവാങ്ങി വ്യവസായങ്ങൾ തുടങ്ങാൻ വൻ അവസരങ്ങളുണ്ട്.
എയർപോർട്ട് വികസിപ്പിക്കാം
കേരളത്തിലെ ഏറ്റവും ഭൂവിസ്തൃതിയുള്ള എയർപോർട്ടാണ് കണ്ണൂർ. 2,300 ഏക്കർ. മറ്റ് അന്താരാഷ് ട്ര വിമാനത്താവളങ്ങളായ തിരുവനന്തപുരത്തിന് 900 ഏക്കറും കോഴിക്കോടിന് 375 ഏക്കറും കൊച്ചിയ്ക്ക് 1,400 ഏക്കറുമേയുള്ളൂ. അതിനാൽ തന്നെ കണ്ണൂർ വിമാനത്താവളത്തിനകത്ത് ഹെൽത്ത് ടൂറിസം, വെൽനസ് സെന്റർ, എയർപോർട്ട് സിറ്റി, വില്ലേജ്, മൾട്ടി സ്പെഷാലിറ്റി ഹോസ്പിറ്റൽ, കലാകാര ഗ്രാമം തുടങ്ങി വിവിധങ്ങളായ പദ്ധതികൾക്ക് സാധ്യതയുണ്ട്.
കടന്പകളെല്ലാം കടന്ന് കണ്ണൂർ വിമാനത്താവളം യാഥാർഥ്യമാകുന്പോൾ കെ.പി. ജോസിന്റെ മനസിൽ തെളിയുന്നത് ആർക്കും വേണ്ടാത്ത കല്ല് മൂലക്കല്ലായി എന്ന ഒരു ബൈബിൾ വാക്യമാണ്. ആർക്കും വേണ്ടാതെ കാടുപിടിച്ചുകിടന്ന മൂർഖൻപറന്പ് ഇനി ഉയരങ്ങളിലേക്കു ചിറകടിക്കുകയാണ്. കേരളത്തിന്റെ, വിനോദസഞ്ചാരഭൂപടത്തിൽ പുതിയ ഇടം നേടാൻ. ഇനിയെന്താണ് ആഗ്രഹമെന്നു ചോദിച്ചാൽ ഈ എൻജിനീയർക്ക് ഒന്നേ പറയാനുള്ളൂ, റണ്‍വേയുടെ നീളം 3,050 മീറ്ററിൽ നിന്ന് 4,000 ആക്കുകയെന്നത്. മൊട്ടക്കുന്നുകളെ വിമാനത്താവളമാക്കിയ കെ.പി.ജോസിന് ഇതും സാധിക്കുമെന്നു തന്നെയാണ് ഉറച്ച വിശ്വാസം. ചേർത്തല കാവിൽ പ്ലാക്കിൽപൂത്തറ കുടുബാംഗമായ കെ. പി ജോസിന്റെ ഭാര്യ സൂസമ്മയാണ്. ഡോ.സ്റ്റെഫി, സ്റ്റീന എന്നിവരാണ് മക്കൾ.
ടോം ജോർജ്
ഫോട്ടോ- ജയദീപ് ചന്ദ്രൻ