സോണിയായുടെ കന്നിവിവാഹം
Sunday, May 19, 2019 1:33 AM IST
അയാൾ കാനറാ ബാങ്കിന്റെ മാനേജരാണ്. ഒറ്റത്തയ്യിൽ ചാക്കോച്ചന്റെയും മേരിക്കുഞ്ഞിന്റെയും മൂത്ത മകൻ ജോയി. ആദ്യ ഭാര്യ ലില്ലി മരിച്ചിട്ട് ആറ് വർഷമാകുന്നു. ലില്ലിയിൽ ജോയിക്ക് ഒരു മകനുണ്ട്- ജെറിൻ. ഇപ്പോൾ സെക്കൻഡ് സ്റ്റാൻഡേർഡിൽ പഠിക്കുന്നു. ലില്ലിയുടെ മരണശേഷം പലരുടെയും നിർബന്ധത്തിനു വഴങ്ങിയാണ് ജോയി രണ്ടാമതൊരു വിവാഹത്തിനു സമ്മതം മൂളിയത്. കുരീക്കത്തറ അന്തോനിച്ചന്റെയും മോളിക്കുട്ടിയുടെയും രണ്ടാമത്തെ മകൾ സോണിയാ.
ഒറ്റത്തയ്യിൽ വീട്ടിലേക്ക് അവൾ കയറിച്ചെന്നത് ഒട്ടേറെ പ്രതീക്ഷകളോടെയായിരുന്നു. പക്ഷേ......
അറയ്ക്കൽ മാത്തുക്കുട്ടിയും സിസിലിയും അയൽപക്കത്തെ ബഹളം കേട്ട് ഗേറ്റിനു പുറത്തേക്കു വന്നു. “നിങ്ങൾ അങ്ങോട്ടൊന്നു ചെന്നേ. അയാളാ പെണ്ണിനെ തല്ലിക്കൊല്ലും..” സിസിലി പറഞ്ഞതുകേട്ട് മാത്തുക്കുട്ടി ഒറ്റത്തൈയ്യിൽ വീടിന്റെ ഗേറ്റ് തള്ളിത്തുറന്ന് അകത്തേക്ക് ചെന്നു. “ജോയിച്ചാ... എന്താ നിങ്ങളീ കാണിക്കുന്നത്. അവൾ നിങ്ങളുടെ ഭാര്യയല്ലേ. അവളെ വിട്.”
ജോയിച്ചൻ സോണിയായുടെ മുടിക്കുത്തിനു പിടിമുറുക്കി നില്ക്കുകയാണ്. “തനിക്കെന്താ എന്റെ വീട്ടിൽ കാര്യം. താൻ തന്റെ കാര്യം നോക്കിയാൽ മതി. ഇതെന്റെ ഭാര്യയാ. ഇവളെ എന്തുചെയ്യണമെന്നെനിക്കറിയാം.” അന്തോനിച്ചൻ ഇളഭ്യനായി തിരിച്ചുനടന്നു.
ഒറ്റത്തയ്യിൽ വീട്ടിലെ ഒരു സ്ഥിരം കാഴ്ചയാണിത്. മൂക്കറ്റം കുടിച്ചിട്ട് നാലുകാലിലായിരിക്കും അയാളുടെ വരവ്. വീട്ടിലെത്തിയാൽപിന്നെ ഒന്നും രണ്ടും പറഞ്ഞ് ഭാര്യയുമായി വഴക്കുകൂടും. വഴക്കിന്റെ അന്ത്യത്തിൽ കൂട്ടവെടിപോലെ അടിയും നടക്കും. അയാളുടെ ഈയൊരു പ്രകൃതംമൂലം അയൽപക്കക്കാരിൽ ആരുംതന്നെ ആ വീട്ടിലേക്ക് കയറിച്ചെല്ലാറില്ല. വഴിയേപോണ വയ്യാവേലി വലിച്ചു തലേൽ കേറ്റുന്നതെന്തിനാണെന്നാ അവരുടെ ചോദ്യം.
പലരുടെയും നിർബന്ധത്തിനു വഴങ്ങി തന്നെ മിന്നുകെട്ടിയ തന്റെ ഭർത്താവിന് തന്നോട് തെല്ലും സ്നേഹമില്ലെന്നാണ് സോണിയായുടെ പരാതി. ആദ്യരാത്രിയിൽ ജോയിച്ചൻ സോണിയായോട് പറഞ്ഞതെന്താണെന്ന് നിങ്ങൾക്ക് കേൾക്കണ്ടേ? “ലില്ലി മരിച്ചെങ്കിലും എനിക്കൊരിക്കലും അവളെ മറക്കാനാവില്ല. ഒരു ഭർത്താവിൽനിന്നും ഭാര്യക്ക് ലഭിക്കേണ്ടതൊന്നും ദയവുചെയ്ത് സോണിയാ എന്നിൽനിന്നും പ്രതീക്ഷിക്കരുത്. എനിക്കതിന് കഴിയില്ല. എന്റെ ലില്ലിയുടെ സ്ഥാനത്ത് മറ്റൊരുവളെ സങ്കല്പിക്കാൻകൂടി എനിക്ക് സാധിക്കില്ല.”
അന്നുമുതൽ സോണിയായുടെയും ജോയിച്ചന്റെയും കിടപ്പ് രണ്ടു മുറികളിലായി. ജെറിന്റെ കാര്യങ്ങൾ നോക്കാനും വീട്ടുകാര്യങ്ങൾ നോക്കി നടത്താനുമുളള ഒരു വാല്യക്കാരിയായി മാത്രം സോണിയ ആ വീട്ടിൽ കഴിഞ്ഞുകൂടി. എന്നാൽ ഇക്കാര്യങ്ങളൊക്കെ മനസിലൊതുക്കി ഏറെനാൾ അവിടെ ഒതുങ്ങിക്കൂടാൻ അവൾക്കായില്ല. ഒരുദിനം സോണിയാ പൊട്ടിത്തെറിച്ചു. അന്ന് ആദ്യമായി തന്റെ ഭർത്താവിന്റെ കൈക്കരുത്തെന്തെന്ന് അവൾ അറിയുകയും ചെയ്തു. ഒരു വേലക്കാരിയെപ്പോലെ തന്റെ ഭർത്താവിനൊപ്പം കഴിയുന്നതിൽ ഭേദം ജനിച്ചുവളർന്ന വീട്ടിലേക്കു തിരികെ പോകുന്നതാണെന്നായിരുന്നു അവളുടെ പക്ഷം.
ഏതൊരു സ്ത്രീയുടെയും അടക്കാനാവാത്ത ആഗ്രഹമാണ് തന്റെ ഭർത്താവിൽനിന്നും ഗർഭം ധരിക്കണമെന്നും ആ കുഞ്ഞിനെ പ്രസവിച്ച് അതിനെ താലോലിക്കണമെന്നതും. തന്റെ ഈയൊരാഗ്രഹത്തെയും അവകാശത്തെയുമാണ് ജോയിച്ചനെന്ന തന്റെ ഭർത്താവ് നിഷേധിക്കുന്നതെന്നു സോണിയാ പറയുന്നു. ആദ്യമൊക്കെ വളരെ രഹസ്യത്തിൽ പറയുമായിരുന്ന ഇക്കാര്യങ്ങൾ നാട്ടുകാർ കേൾക്കെ അവൾ ഇപ്പോൾ പറഞ്ഞുതുടങ്ങിയിരിക്കുന്നു. (സോണിയായുടെ പക്ഷം നൂറുശതമാനം ശരിയാണെന്ന് എന്നോടൊപ്പം വായനക്കാരായ നിങ്ങളും സമ്മതിക്കും. പക്ഷേ, ഇക്കാര്യങ്ങളൊക്കെ നാട്ടിൽ പാട്ടാകുംവിധം വിളിച്ചുകൂവുന്നത് ഇരുവർക്കും ഗുണകരമാവില്ലെന്നറിയുക. മലർന്നു കിടന്നു തുപ്പുന്നതിനു സമാനമാണത്.)
തന്റെ മോന്റെ കാര്യത്തിൽ സോണിയായ്ക്കൊട്ടും താത്പര്യമില്ലെന്നുള്ള കൗണ്ടർ പരാതിയുമായി ജോയി രംഗത്തുണ്ട്. ഇക്കാര്യം സത്യം തന്നെയാണെന്ന് സോണിയായും സമ്മതിക്കുന്നു. തന്നെ കെട്ടിക്കൊണ്ടു വന്ന പുരുഷനു തന്നോട് സ്നേഹമില്ലെങ്കിൽ അയാളുടെ മകനോട് താനെന്തിന് സ്നേഹം കാട്ടണമെന്നാണ് അവൾ ചോദിക്കുന്നത്.
വായനക്കാരുടെ മനസിൽ നുരഞ്ഞുപൊങ്ങുന്ന ചിന്തകൾ ലേഖകനായ ഞാനിവിടെ കുറിക്കട്ടെ. സോണിയായെ ജോയിച്ചൻ തന്റെ ഭാര്യയായി അംഗീകരിക്കുകയും അവൾക്കർഹമായവയൊക്കെ വേണ്ടവിധം അയാൾ നൽകുകയും വേണം. ഒരു വേലക്കാരിയെയാണ് അയാൾക്ക് വേണ്ടിയിരുന്നതെങ്കിൽ എന്തിനാണയാൾ വീണ്ടുമൊരു വിവാഹത്തിന് സമ്മതം മൂളിയത്? സോണിയാ ജെറിനെ സ്വന്തം മകനായി കണ്ട് സ്നേഹിക്കുകയും അവൻവഴി ജോയിച്ചന്റെ ഹൃദയത്തിലേക്ക് കടന്നുകൂടുകയും ചെയ്യട്ടെ.
സിറിയക് കോട്ടയിൽ