ഇനി വ്യാസന്റെ ദിനങ്ങൾ ശുഭകരം
Sunday, July 14, 2019 12:53 AM IST
ചലച്ചിത്രമാധ്യമ പ്രവർത്തകൻ, തിരക്കഥാകൃത്ത്, നിർമ്മാതാവ്, വിതരണക്കാരൻ തുടങ്ങിയ വിവിധ മേഖലകളിലൂടെ സംവിധാനത്തിലേക്ക് എത്തിയ വ്യക്തിയാണ് കെ.പി വ്യാസൻ. മുപ്പതിലേറെ വർഷമായി സിനിമയ്ക്കൊപ്പമുണ്ടായിരുന്ന ഈ കലാകാരനെ സംവിധായകൻ എന്ന നിലയിൽ ഏറെ ജനകീയമാക്കിയിരിക്കുകയാണ് ശുഭരാത്രി എന്ന പുതിയ ചിത്രം.
കണ്ണുകൾ ഈറനണിയുന്പോഴും ചുണ്ടിൽ പുഞ്ചിരി വിടർത്തുന്ന ചിത്രമെന്നാണ് ശുഭരാത്രിയെ വിശേഷിപ്പിക്കാവുന്നത്. ഓരോ പ്രേക്ഷകനും നന്മയുടെ സന്തോഷം ചിത്രം പകരുകയാണ്. എന്നാൽ ‘വളരെ ലളിതമായ ഒരു കഥയാണ് ശുഭരാത്രി’ എന്നാണ് സംവിധായകൻ വ്യാസൻ കെ.പിയ്ക്കു പറയാനുള്ളത്. മുഹമ്മദിന്റെയും കൃഷ്ണന്റെയും കഥ പറഞ്ഞ് ഓരോ പ്രേക്ഷകന്റെയും ഉള്ളിൽ വെളിച്ചം സൃഷ്ടിക്കുകയാണ് അയാൾ. പുതിയ കാലത്തിൽ നാം മറന്നു പോയ ജീവിത മൂല്യങ്ങളെ ഓർമ്മപ്പെടുത്തിയപ്പോൾ സിനിമയ്ക്കകത്തു നിന്നും പുറത്തു നിന്നും നിരവധി പേരാണ് ഈ സംവിധായകന് അഭിനന്ദനവുമായി രംഗത്തു വന്നിരിക്കുന്നത്.
സിനിമയിൽ വിവിധ മേഖലകളിൽ സാന്നിധ്യമായി ഇപ്പോൾ സംവിധായക തൊപ്പിയിലും പൊൻതൂവൽ പ്രതിഷ്ഠിച്ച വ്യാസന്റെ വാക്കുകളിലൂടെ...
സിദ്ധിഖ്, ദിലീപ് എന്നിവരുടെ ഇതുവരെ കാണാത്ത അഭിനയ മുഹൂർത്തങ്ങളാണ് ശുഭരാത്രിയിലുള്ളത്. താരങ്ങളുടെ തെരഞ്ഞെടുപ്പിനെക്കുറിച്ച്?
മുഹമ്മദ് എന്ന കഥാപാത്രത്തെക്കുറിച്ചു പറഞ്ഞപ്പോൾ സിദ്ധിഖ് ഇക്ക പറഞ്ഞതും ‘എന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രമായിരിക്കും മുഹമ്മദ്’ എന്നാണ്. ശുഭരാത്രി മുഹമ്മദിന്റെ കഥയാണ്. ആ കഥാപാത്രമായിരുന്നു എന്റെ മനസിൽ ആദ്യം ഉണ്ടാകുന്നത്. അതു സിദ്ധിഖ് തന്നെ വേണമെന്നു നിർബന്ധം ഉണ്ടായിരുന്നു. ഒപ്പം ഇന്ദ്രൻസ്, നാദിർഷ എന്നിവരുടെ കഥാപാത്രങ്ങൾക്കു വേണ്ടിയും ഒരു വിട്ടുവീഴ്ചയും ചെയ്യില്ലെന്നു ആദ്യമേ തീരുമാനിച്ചിരുന്നു. കഥ കേട്ടതിനു ശേഷം ദിലീപ് ഇങ്ങോട്ട് ചോദിക്കുകയായിരുന്നു കൃഷ്ണൻ എന്ന കഥാപാത്രത്തെ ഞാൻ അവതരിപ്പിക്കട്ടെ എന്ന്. അതു നല്ലൊരു കഥ എന്നുള്ള വിശ്വാസത്തിൽ നിന്നുമാണ്. ദിലീപ് ഭാഗമായപ്പോഴാണ് സത്യത്തിൽ ഈ സിനിമ ആരംഭിക്കുന്നത്.
യഥാർഥ സംഭവത്തിനെ ആസ്പദമാക്കിയാണല്ലോ ശുഭരാത്രി ഒരുക്കിയിരിക്കുന്നത്?
കുറച്ചു നാൾ മുന്പ് ഒരു ദിനപത്രത്തിൽ വന്ന ഒരു റിപ്പോർട്ട് സുഹൃത്ത് മുഖാന്തിരം കാണുവാൻ ഇടയായി. അതിൽ ഒരു സിനിമയ്ക്ക് അനുയോജ്യമായ സംഭവം ഉണ്ടായിരുന്നു. എല്ലാ ബാധ്യതകളും തീർത്ത് ഹജ്ജിനു പോകാൻ നിൽക്കുന്ന ഒരാൾ. യാത്രയുടെ തലേന്ന് അയാളുടെ വീട്ടിൽ ഒരു കള്ളൻ കയറുന്നു. പിന്നീട് ആ കള്ളൻ അയാളുടെ ജീവിതത്തിൽ സ്വാധീനം ചെലുത്തുകയാണ്. ആ ചെറിയ സംഭവത്തിൽ നിന്നും അപ്പുറത്തേക്കും ഇപ്പുറത്തേക്കും സിനിമയുടെ കഥയെ സൃഷ്ടിക്കുകയായിരുന്നു പിന്നീട്. യഥാർഥ സംഭവത്തിലെ കഥാപാത്രങ്ങളുടെ പേര് മാറ്റി മുസൽമാനായ നായകനു പ്രവാചകന്റെ പേരു നൽകി മുഹമ്മദ് എന്നാക്കി. മോഷ്ടിക്കാനെത്തിയ ആൾക്കു കൃഷ്ണൻ എന്നും പേരു നൽകി.
ശുഭരാത്രി എന്നതു ചിത്രത്തിന്റെ പേരായി മാറുന്നത്?
ഈ സിനിമയ്ക്കു ആദ്യം ഞാൻ നൽകിയ പേര് ‘മുഹമ്മദും കൃഷ്ണനും’ എന്നായിരുന്നു. ചേന്പറിൽ പേര് രജിസ്റ്റർ ചെയ്യാൻ എത്തിയപ്പോഴാണ് അറിയുന്നത് വേറൊരു ടീം ഈ പേര് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന്. മറ്റൊരു പേര് വേണം എന്ന ചിന്തയിൽ നിന്നുമാണ് ശുഭരാത്രിയിലേക്ക് എത്തുന്നത്. മുഹമ്മദിനുവേണ്ടി സംഭാഷണം എഴുതുന്ന സമയത്ത് ആ വാക്ക് താനെ വന്നു ചേരുകയായിരുന്നു. മുഹമ്മദിന്റെ ജീവിതത്തിലെ നിർണായക സംഭവം നടക്കുന്ന രാത്രി പിന്നീട് ശുഭരാത്രിയായി മാറുകയാണ്.
കഥ പറയുന്നതിനൊപ്പം സമൂഹത്തിലെ പല കാര്യങ്ങളും ചിത്രത്തിൽ അനാവരണം ചെയ്യുന്നുണ്ടല്ലോ?
ചലച്ചിത്രമാധ്യമ പ്രവർത്തകൻ, തിരക്കഥാകൃത്ത്, നിർമ്മാതാവ്, വിതരണക്കാരൻ തുടങ്ങിയ വിവിധ മേഖലകളിലൂടെ സഞ്ചരിച്ച് സംവിധായകനിലേക്ക് എത്തിയ വ്യക്തിയാണ് ഞാൻ. മുപ്പതിലേറെ വർഷമായി സിനിമയ്ക്കൊപ്പമുണ്ട്. എന്റെ പ്രവർത്തന മണ്ഡലം സിനിമയാണ്. അപ്പോൾ എന്റെ മനസിലുള്ള കാര്യങ്ങൾ എനിക്കു പറയാൻ പറ്റുന്നത് സിനിമയിലൂടെയാണ്. അതു കൃത്യമായും ഏച്ചുകെട്ടലുകളുമില്ലാതെയും പറയാനാണ് ശ്രമിച്ചിട്ടുള്ളത്.
മുസ്ലിം പശ്ചാത്തലത്തിൽ ഒരു സിനിമ ഒരുക്കുന്നത് ആദ്യമായിട്ടല്ലേ? തയാറെടുപ്പ് ഉണ്ടായിരുന്നോ?
തീർച്ചയായും. ഞാൻ ജീവിച്ചിരുന്ന സാഹചര്യം അതിന് ഏറെ സഹായിച്ചിട്ടുണ്ട്. ഞാൻ ജനിച്ചു വളർന്ന എടവനക്കാട് മുസ്ലിം ഭൂരിപക്ഷം ഉള്ള പ്രദേശമാണ്. അതുകൊണ്ടു തന്നെ അവരുടെ നോന്പുകാലത്തെ പ്രർത്ഥനകളും ആചാരങ്ങളുമൊക്ക എനിക്കു കൃത്യമായി അറിയാം. സിനിമയുടെ രചനാ വേളയിൽ അറബി വാക്കുകളിലായിരുന്നു കുറച്ചു സംശയം ഉണ്ടായിരുന്നത്. അതു ദൂരീകരിക്കാൻ സുഹൃദ് വലയങ്ങളും എടവനക്കാട്ടെ ജുമാ മസ്ജിദ് ഖത്തീബും ഏറെ സഹായിച്ചിട്ടുണ്ട്. ഖുറാന്റെ വ്യാഖ്യാനങ്ങളും ബന്ധപ്പെട്ട പുസ്തകങ്ങളും ഒരു മാസത്തോളം വായിച്ചു മനസിലാക്കിയാണ് എഴുത്തിലേക്ക് കടന്നത്. എഴുതി വന്നപ്പോൾ അവയൊക്കെ കൃത്യമായി പ്രതിഷ്ഠിക്കാൻ സാധിച്ചു. ഹജ്ജിനെക്കുറിച്ചുള്ള സൂക്തങ്ങൾ പറയുന്നിടത്തു മാത്രമാണ് ഖത്തീബിന്റെ സഹായം തേടിയത്.
സംഗീത സംവിധായകനും ഗാനരചയിതാവും ഗായകരായി എത്തുന്നുണ്ടല്ലോ?
ആലമീൻ എന്ന പാട്ട് ചിത്രത്തിൽ വളരെ നിർണായകമാണ്. അതുകൊണ്ടു തന്നെ ഈ പാട്ട് അവതരിപ്പിക്കാൻ അവർ ഇരുവരുമാണ് യോജിച്ചത് എന്നു തോന്നി. ഹരിനാരായണനോട് ചോദിച്ചപ്പോൾ പൂർണ സമ്മതം. ഒരുപാട് നിർബന്ധത്തിനൊടുവിലാണ് ബിജിബാൽ പാടി അഭിനയിക്കാമെന്നു സമ്മതിക്കുന്നത്. ഇരുവരും ആ പാട്ടിന്റെ ആത്മാവിനെ കാമറയ്ക്കു മുന്നിലേക്ക് പകർന്നപ്പോൾ അതു വളരെ മനോഹരമായി മാറുകയും ചെയ്തു.
പ്രേക്ഷകർ ശുഭരാത്രി ഏറ്റെടുത്തപ്പോഴുള്ള സന്തോഷം പങ്കുവയ്ക്കാമോ?
ആദ്യ ഷോ കഴിഞ്ഞ് പ്രേക്ഷകർ പുറത്തിറങ്ങി അഭിപ്രായം അറിയിച്ചതുമുതൽ ഇപ്പോഴും എന്നെ തേടി നിറയെ അഭിനന്ദനം എത്തുകയാണ്. ശുഭരാത്രി ഓരോരുത്തർക്കും സന്തോഷം നൽകുന്നു, നന്മ പകരുന്നു എന്നു പറയുന്പോൾ അതെനിക്കും അഭിമാനമായി മാറുകയാണ്.
ഉദയകൃഷ്ണയ്ക്കൊപ്പം പുതിയ ചിത്രം അനൗണ്സ് ചെയ്തു കഴിഞ്ഞല്ലോ?
ഞാൻ തന്നെ രചനയും സംവിധാനവും നിർവഹിക്കുന്ന ഒരു പ്രോജക്ടാണ് അടുത്തതായി ചെയ്യുന്നത്. അതിനു ശേഷമാകും ഉദയകൃഷ്ണയുടെ തിരക്കഥയിലുള്ള ചിത്രം ചെയ്യുന്നത്. ഒരു ഗ്രാമത്തിലെ ഗുണ്ടകളായ അച്ഛന്റെയും മകന്റെയും കഥ. ആക്ഷനും ഇമോഷനും പ്രണയവും കോമഡിയുമൊക്കെ ചേർത്ത് ഗ്രാമീണ പശ്ചാത്തലത്തിലുള്ള ഒരു കഥയാണത്. ഉദയന്റെ പതിവു മാസ് ചേരുവകളൊക്കെ മാറ്റി റിയലിസ്റ്റിക്കായിട്ടാണ് ചിത്രം ഒരുക്കുന്നത്.
ലിജിൻ കെ. ഈപ്പൻ