അഭിലാഷിന്റെ തത്ത്വശാസ്ത്രം
Sunday, July 14, 2019 12:56 AM IST
അഭിലാഷിനെ ഞാൻ പരിചയപ്പെടുന്നത് പത്തു വർഷം മുന്പാണ്. അന്ന് അയാൾക്ക് ഇരുപത് വയസാണ്. ശാരീരിക വൈകല്യമുള്ള അഭിലാഷ് ഇപ്പോൾ വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണ്. അഭിലാഷ് തന്റെ മാതാപിതാക്കളുടെ ഏറ്റവും ഇളയ മകനാണ്. ശാരീരിക വൈകല്യം ഉണ്ടായിരുന്നതിനാൽ മാതാപിതാക്കൾ അയാൾക്ക് പ്രത്യേക കരുതലും ശ്രദ്ധയും നൽകിയിരുന്നു. പത്താം ക്ലാസ് പഠനത്തിന് ശേഷം ബുക്ക് ബൈൻഡിങ്ങ് പരിശീലനത്തിനു പോയ അഭിലാഷ് ഇന്ന് ആ രംഗത്ത് ഏറെ വളർന്നിരിക്കന്നു.
വിവാഹത്തിന് ശേഷം ബൈൻഡിങ്ങ് വിഭാഗത്തോട് ചേർന്ന് ചെറിയൊരു പ്രിൻറിങ്ങ് പ്രസ്സും ഡിറ്റിപി സെന്ററും അയാൾ ആരംഭിച്ചു. മേൽപ്പറഞ്ഞവയൊക്കെ തുടങ്ങാൻ അന്ന് ലോണ് ലഭിച്ചത് അഭിലാഷിന് വലിയൊരു സഹായമായി. അഭിലാഷിന്റെ ഭാര്യ ആശ ഡിഗ്രിക്കാരിയാണ്.
ഡിറ്റിപി പരിശീലിച്ചിട്ടുള്ള ആശയാണ് ആ വിഭാഗത്തിന്റെ മേൽനോട്ടം വഹിക്കുന്നത്. ആശയുടെ മാതാപിതാക്കളും അഭിലാഷിന്റെ മാതാപിതാക്കളും വലിയ രീതിയിൽ മേൽപ്പറഞ്ഞ പ്രസ്ഥാനങ്ങളുടെ വളർച്ചയ്ക്ക് അഭിലാഷിന് പിൻതുണ നൽകുന്നുണ്ട്.
ശാരീരിക വൈകല്യമുള്ള പലർക്കും തന്റെ സ്ഥാപനത്തിൽ ജോലി നൽകാൻ അയാൾക്ക് ഇതിനോടകം സാധിച്ചിട്ടുണ്ട് എന്നതും എടുത്തു പറയേണ്ട കാര്യമാണ്. ശുഭാപ്തി വിശ്വാസത്തോടെ തന്റെ കാര്യങ്ങൾ ചെയ്യുന്ന അഭിലാഷ് തന്റെ തരക്കാർക്ക് മാത്രമല്ല യാതൊരുവിധ ശാരീരിക വൈകല്യങ്ങളുമില്ലാത്ത പലർക്കും മാതൃകയും ഉത്തേജനവുമാണ്. എപ്പോഴും പ്രസരിപ്പോടെയും സന്തോഷത്തോടെയും മറ്റുള്ളവർക്ക് മുന്നിൽ പ്രത്യക്ഷപ്പെടുന്ന അയാൾ തന്റെ മാതാപിതാക്കളുടെ അഭിമാനമാണ്.
അവസരങ്ങൾ ലഭിക്കുന്നില്ല എന്ന് പറഞ്ഞ് നിരുൽസാഹത്തോടെയും നിരാശയോടെയും സമയവും ജീവിതവും പാഴാക്കുന്ന അനേകരോട് അഭിലാഷ് പറയുന്നത് മനസുണ്ടെങ്കിൽ അവസരങ്ങളും വിജയവും നമ്മുടെ കണ്മുന്പിലും വിരൽ തുന്പത്തും ഉണ്ടെന്നാണ്. ജീവിതം ചെറുതാണെന്നും ഒരു മനോഹര പുഷ്പം പോലെ അത് വിടർന്ന് ശോഭിക്കേണ്ടതാണെന്നുമൊക്കെ പറയുന്പോൾ അഭിലാഷിന് ഒരു തത്ത്വചിന്തകന്റെ ഭാവമാണ്.
ശാരീരിക വൈകല്യമുള്ള വ്യക്തികൾക്കു വേണ്ടി തന്റെ പ്രസ്ഥാനത്തോട് ബന്ധപ്പെട്ട് ഒരു പരിശീലന യൂണിറ്റ് ആരംഭിക്കാനുള്ള പരിശ്രമത്തിലാണ് അയാളിപ്പോൾ. സമയം പാഴാക്കിക്കളയുന്ന യുവജനങ്ങളായ അനേകരോട് അഭിലാഷ് പറയുന്നത് തനിക്ക് സമയം തികയുന്നില്ല എന്നാണ്. അഭിലാഷ് ശാരീരിക വൈകല്യമുള്ള ആളാണെങ്കിലും മനസിന് അസാധാരണമായ ആരോഗ്യമുള്ള വ്യക്തിയാണ്. തന്റെ ശാരീരിക വൈകല്യം മറന്ന് മുന്നേറാൻ അയാൾക്ക് തുണയാകുന്നത് അയാളുടെ മാനസികാരോഗ്യം തന്നെയാണ്.
ശാരീരികമായി പൂർണ ആരോഗ്യവാൻമാരും വിവിധങ്ങളായ സാങ്കേതിക വിദ്യാഭ്യാസം ആർജിച്ചിട്ടുള്ളവരുമായ പല യുവജനങ്ങളും പരാജിതരാകുന്നത് അവരുടെ മാനസികാരോഗ്യ കുറവുകൊണ്ടു തന്നെയാണ്. പലർക്കും നേട്ടങ്ങളുടെ താഴത്തെ പടികൾ കയറാതെ പെട്ടെന്ന് മുകളിലത്തെ പടികളിൽ എത്താനുള്ള ആഗ്രഹവും ആവേശവുമാണ്. അത്തരത്തിൽ ആരംഭത്തിൽതന്നെ നിലംപതിക്കുന്ന അവരിൽ പലരും നഷ്ടബോധത്തിലും നിരാശയിലുമാണ്.
തന്റെ സാധ്യതകളെയും പരിമിതികളെയും തിരിച്ചറിഞ്ഞ് ആത്മവിശ്വാസത്തോടെ നീങ്ങുന്ന ഏതൊരു വ്യക്തിക്കും ജീവിതത്തിൽ വിജയം ഉറപ്പാണ്. തനിക്ക് ചുറ്റുമുള്ളവരെല്ലാം തന്റെ ശത്രുക്കളും തന്റെ പരാജയം ആഗ്രഹിക്കുന്നവരുമാണെന്ന നിഷേധാത്മക ചിന്ത പാടേ ഉപേക്ഷിക്കുക എന്നത് ഒരുവന്റെ വിജയ മുന്നേറ്റത്തിൽ മുഖ്യമാണ്. കാര്യങ്ങൾ എങ്ങനെയൊക്കെ ആയാലും അതിനെയെല്ലാം അതിജീവിക്കാൻ തനിക്ക് കഴിയുമെന്നും സമയവും കാലവും പ്രശ്നങ്ങൾ പലതും പരിഹരിച്ചുകൊള്ളുമെന്നുമുള്ള വിശ്വാസവും അയാൾക്കു ജീവിതവിജയം പ്രദാനം ചെയ്യും.
സിറിയക് കോട്ടയിൽ
ഫോൺ: 9447343828
E-mail: [email protected]