പഠിപ്പും പത്രാസും
Sunday, August 4, 2019 12:42 AM IST
സന്പത്ത് കുമിഞ്ഞുകൂടുന്ന എന്‍ആർഐ മാതാപിതാക്കൾ ലോപമെന്യേ പണം ചെലവഴിച്ച് മക്കളെ പഠിപ്പിക്കുന്നു. കുട്ടികളെ പിരിഞ്ഞിരിക്കേണ്ടിവരുന്നതിന്റെ ഒരു പരിഹാരംകൂടിയാണിത്. വിലകൂടിയ വസ്ത്രം, ബാഗ്, ഭക്ഷണം, പരിചരണം എല്ലാം ആസ്വദിക്കുന്ന എന്‍ആർഐ കുട്ടികൾക്കൊപ്പം തങ്ങളുടെ കുഞ്ഞുങ്ങളെയും പഠിപ്പിച്ചു വലിയ നിലയിലാക്കണമെന്നു വ്യാമോഹിക്കുന്ന ഇടത്തട്ടുകാർ. അവർ കഷ്ടപ്പെടുന്നു, കടം വാങ്ങുന്നു, ജീവിതം ഒരു ബാധ്യതയാക്കി മാറ്റുന്നു.
വിദ്യാലയങ്ങളിൽ രണ്ടുതരം വിദ്യാർഥിസമൂഹങ്ങൾ രൂപംകൊള്ളുന്നു - അഹംഭാവികളായ പണക്കാർ, അസംതൃപ്തരായ ഇടത്തട്ടുകാർ. രണ്ടുകൂട്ടരും വിദ്യാലയജീവിതത്തിന്റെ സ്വാഭാവികത കൈമോശം വന്നവരാണ്. ഒരുകൂട്ടർ പ്രകടനത്തിൽ ആഹ്ലാദിക്കുന്നു. മറ്റവർ അനുകരണഭ്രമത്തിന്റെ വിഭ്രാന്തിയിൽപ്പെട്ട് നിരാശരാകുന്നു. അവരെ ഉയർത്താൻ മാതാപിതാക്കൾ പെടാപ്പാടു പെടുകയായി. വസ്ത്രങ്ങളും പാദരക്ഷകളും ട്യൂഷനും വിനോദയാത്രയും എല്ലാം തങ്ങൾക്കു താങ്ങാവുന്നതിൽ അപ്പുറമാണെങ്കിലും ഏതറ്റംവരെയും പോകാൻ തയാറാകും അവർ.
പരുത്തിവസ്ത്രവും സാദാചെരിപ്പും തുണിസഞ്ചിയും ഫൗണ്ടൻപേനയും ശിക്ഷാഭയവും വിദ്യയോട് ആദരവും ഉള്ള ഒരു സമൂഹം നമുക്കുണ്ടായിരുന്നു. ഭാഗികമായിട്ടെങ്കിലും നമുക്ക് പലതും അതിൽനിന്നു സ്വീകരിക്കാം.
എല്ലാത്തിലും ഒരു ഏകതാനത വേണം. മത്സരം പഠനരംഗത്തു മാത്രമാകട്ടെ. ഉടയാടകളിലെ തൊങ്ങലുകൾക്കു പകരം പഠനത്തിൽ പൊൻതൂവലുകൾ ശേഖരിക്കാൻ അവരെ പ്രോത്സാഹിപ്പിക്കാം. വിനയവും സാമൂഹ്യപ്രതിബദ്ധതയുമുള്ള പൗരന്മാരായിരിക്കട്ടെ നമ്മുടെ ലക്ഷ്യം.
സിസിലിയാΩ
പെരുബ്ബനാനി
ഫോൺ: 9447168669