ചെറുപയർ പരിപ്പ് പായസം
(സാധാരണ പായസം)
ചേരുവകൾ
ചെറുപയർ പരിപ്പ് - 350 ഗ്രാം
പായസ അരി - 250 ഗ്രാം
ചൗവ്വരി - 100 ഗ്രാം
തേങ്ങ - രണ്ടെണ്ണം
ശർക്കര - ഒരു കിലോ
ഏലയ്ക്കാ, ചുക്ക്, ജീരകപ്പൊടികൾ - അര ടീസ്പൂൺ വീതം
നെയ്യ് - 100 ഗ്രാം
തേങ്ങാക്കൊത്ത് - രണ്ടു ടേബിൾസ്പൂൺ
കശുവണ്ടി - ഒന്നര ടേബിൾസ്പൂൺ
കിസ്മിസ് - ഒന്നര ടേബിൾസ്പൂൺ
തയാറാക്കുന്നവിധം
ചെറുപയർ പരിപ്പ് എണ്ണയില്ലാതെ വറുത്തെടുക്കുക. ഇത് പാകത്തിനു വെള്ളം ചേർത്ത് വേവിച്ചെടുക്കുക. അരിയും ചൗവ്വരിയും ചേർത്ത് വേവിച്ചെടുക്കുക. ഇത് ഉടച്ചെടുക്കണം. ശർക്കര ഉരുക്കി അരിച്ചെടുക്കുക. തേങ്ങ ചിരകിപ്പിഴിഞ്ഞ് ഒന്ന്, രണ്ട്, മൂന്ന് എന്നിങ്ങനെ പാലെടുത്ത് വയ്ക്കുക. ഒരു ഉരുളി അടുപ്പിൽവച്ച് നെയ്യൊഴിച്ച് ചൂടാക്കുക. ഇതിലേക്ക് ആദ്യം കശുവണ്ടി, കിസ്മിസ്, തേങ്ങാക്കൊത്ത് എന്നിങ്ങനെ മൂന്നായിയിട്ട് വറുത്ത് കോരുക.
ഇതിലേക്ക് വെന്ത ചെറുപയർ ഇട്ട് വരട്ടുക. അതിനു പുറകെ അരി ചൗവ്വരിക്കൂട്ട് പകുതി ഏലയ്ക്കാ, ചുക്ക്, ജീരകപ്പൊടികൾ ശർക്കര ഇവയിട്ട് നന്നായി വരട്ടുക. ഇതിലേക്ക് രണ്ടാം പാലൊഴിച്ച് ഇളക്കി തിളപ്പിക്കുക. തിളച്ചു കുറുകുന്പോൾ ഒന്നാം പാലൊഴിച്ച് ഇളക്കി തീ ഓഫാക്കുക. ഇതിലേക്ക് വറുത്ത കശുവണ്ടി, കിസ്മിസ്, തേങ്ങാക്കൊത്ത്, ബാക്കി പൊടികൾ ഇവയിട്ട് ഇളക്കി ഉപയോഗിക്കാം.
നേന്ത്രപ്പഴം - ചീട പായസം
ചേരുവകൾ
നേന്ത്രപ്പഴം - മൂന്നെണ്ണം
ചൗവ്വരി - 100 ഗ്രാം
ശർക്കര - അരക്കിലോ
നെയ്യ് - 100 ഗ്രാം
ഈന്തപ്പഴം - 15 എണ്ണം
ഉണക്കമുന്തിരി - ഒന്നര ടീസ്പൂൺ
നിലക്കടല - രണ്ടു ടീസ്പൂൺ
ചീട - 25 എണ്ണം
ഏലയ്ക്ക, ചുക്ക്, ജീരകപ്പൊടികൾ - കാൽ ടീസ്പൂൺ വീതം
തേങ്ങ - ഒന്നര എണ്ണം
ചീടയ്ക്ക്
കശുവണ്ടി - 100 ഗ്രാം
തേങ്ങ ചിരകിയത് - 100 ഗ്രാം
ചുവന്നുള്ളി - മൂന്നെണ്ണം
വെളുത്തുള്ളി - ഒരല്ലി
ജീരകം - ഒരുനുള്ള്
ഉപ്പ് - പാകത്തിന്
പഞ്ചസാര - അര ടീസ്പൂൺ
എണ്ണ - ആവശ്യത്തിന്
ചീട തയാറാക്കുന്ന വിധം
അരി തലേദിവസം വെള്ളത്തിലിട്ട് കുതിർത്തെടുക്കുക. ഇത് രാവിലെ വെള്ളം ഊറ്റിയെടുക്കുക. ഈ അരി തേങ്ങാപ്പീര, ചുവന്നുള്ളി, വെളുത്തുള്ളി, ജീരകം, ഉപ്പ്, പഞ്ചസാര ഇവചേർത്ത് നന്നായി അരച്ച് പേസ്റ്റാക്കുക. ഇതു ചെറിയ നെല്ലിക്കാ വലിപ്പത്തിലുരുട്ടി തിളച്ച എണ്ണയിലിട്ട് വറുത്ത് കോരുക. (കുറിപ്പ്: ഇത് ഓണക്കാലത്തെ ഒരു പ്രധാന പലഹാരമാണ്. കളിയടയ്ക്ക എന്നപേരിലും ഇത് അറിയപ്പെടും).
പായസം തയാറാക്കുന്ന വിധം
ഏത്തപ്പഴം പുഴുങ്ങി തൊലിയും കുരുവും കളഞ്ഞ് ചെറുതായി അരിയുക. ഈന്തപ്പഴം കുരുകളഞ്ഞശേഷം ചെറുതായി അരിയുക. ഇവ രണ്ടും ചെറുതായി ചതച്ചെടുക്കുക. ചൗവ്വരി വേവിച്ച് വയ്ക്കുക. പത്ത് ചീട പൊടിച്ചെടുക്കുക. ശർക്കര ഉരുക്കി അരിച്ചെടുക്കുക. തേങ്ങ ചിരകിപ്പിഴിഞ്ഞ് ഒന്ന്, രണ്ട് എന്നിങ്ങനെ പാലെടുത്തു വയ്ക്കുക.
ഒരു ഉരുളി അടുപ്പിൽവച്ച് നെയ്യൊഴിക്കുക. ചൂടായശേഷം നിലക്കടല, ഉണക്കമുന്തിരി ഇവ വറുത്തുകോരി വയ്ക്കുക. ഈ നെയ്യിലേക്ക് അരച്ച ഏത്തപ്പഴക്കൂട്ടിട്ട് വഴറ്റുക. ഇതിലേക്ക് പകുതിവീതം ഏലയ്ക്ക, ചുക്ക്, ജീരകപ്പൊടികൾ ചീടപൊടിച്ചത് ഇവയും ചൗവ്വരി വെന്തതും ഇട്ട് ഇളക്കിവാങ്ങുക. ഇതിലേക്ക് ശർക്കരയും ഇട്ട് നന്നായി വഴറ്റുക. വഴറ്റിയശേഷം രണ്ടാംപാലൊഴിച്ച് നന്നായി തിളപ്പിച്ച് കുറുക്കുക. ഇതിലേക്ക് ഒന്നാം പാലൊഴിച്ച് ഇളക്കി വാങ്ങുക. വാങ്ങിയശേഷം ബാക്കി പൊടികൾ വറുത്ത ചീട, കിസ്മിസ്, നട്സ് ഇവയിട്ട് ഇളക്കി ഉപയോഗിക്കാം.
കാരറ്റ് പായസം
കാരറ്റ് - രണ്ടെണ്ണം
ബദാം - 30 എണ്ണം
ആപ്പിൾ - ഒന്ന്
കിസ്മിസ് - രണ്ടു ടീസ്പൂൺ
ഏലയ്ക്കാപ്പൊടി - അര ടീസ്പൂൺ
മിൽക്ക്മെയ്ഡ് - രണ്ടു ടീ കപ്പ്
പാൽ - ഒരു ലിറ്റർ
ചൗവ്വരി - 100 ഗ്രാം
പഞ്ചസാര - ഒന്നര ടേബിൾസ്പൂൺ
നെയ്യ് - 75 ഗ്രാം
തയാറാക്കുന്നവിധം
കാരറ്റ് ഗ്രേറ്റ് ചെയ്ത് എടുക്കുക. ആപ്പിൾ തൊലി നീക്കിയശേഷം കൊത്തിയരിഞ്ഞ് എടുക്കുക. ബദാം നുറുക്കിയെടുക്കുക. ചൗവ്വരി സ്വല്പം പഞ്ചസാരയും ചേർത്ത് വേവിച്ച് എടുക്കുക. ഒരു പാൻ അടുപ്പിൽ വച്ച് നെയ്യൊഴിച്ച് ചൂടാക്കുക. ഇതിലേക്ക് ബദാമും കിസ്മിസും ഇട്ട് വറുത്ത് കോരിവയ്ക്കുക. ഇതിലേക്ക് പാലും മിൽക്ക് മെയ്ഡും പാകത്തിന് വെള്ളവും ചേർത്ത് തിളപ്പിക്കുക. ചൗവ്വരി വേവിച്ചതും പഞ്ചസാരയും ഇട്ട് ഇളക്കുക. കാരറ്റ്, ആപ്പിൾ, പകുതി ബദാം, പകുതി ഏലയ്ക്കാപ്പൊടി ഇവയിട്ട് നന്നായി തിളപ്പിച്ച് കുറുക്കുക. കുറുകിവരുന്പോൾ ബാക്കി ബദാമും കിസ്മിസും ഏലയ്ക്കാപ്പൊടിയും വിതറി ഉപയോഗിക്കാം.
മെർലിൻ മാത്യു