ടോൾസ്റ്റോയിയുടെ കഥ
ടോൾസ്റ്റോയിയുടെ കഥ
കെ. സുരേന്ദ്രൻ
പേ​ജ് 159, വി​ല: 180 രൂപ
എസ്.പി.സി.എസ്. കോട്ടയം

വിശ്വസാഹിത്യകാരൻ ലിയോ ടോൾസ്റ്റോയിയുടെ ജീവിതം അടുത്തറിയാൻ ഇതു വായിച്ചാൽ മതി. മഹാനായ കലാകാരന്‍റെ ജീവിതവും സാഹിത്യവും വ്യക്തിത്വവും കഥപോലെ വായിക്കാം. ഓരോ കൃതികളും രചിക്കുന്പോൾ അദ്ദേഹം കടന്നുപോകുന്ന അഗാധവും വിചിത്രവുമായ ലോകം അനാവരണം ചെയ്തിട്ടുണ്ട് ഇതിൽ. ടോൾസ്റ്റോയി എന്തുകൊണ്ട്, ഒരു ഇതിഹാസം, മരണം വന്നു മുട്ടുന്പോൾ, ക്രിസ്ത്യൻ സോഷ്യലിസ്റ്റ്, ഗോർക്കി കണ്ട ഗുരുദേവൻ, എനിക്കു മിണ്ടാതിരിക്കാൻ വയ്യ എന്നിങ്ങനെ വിവിധ അധ്യായങ്ങളിലായി ഒരു യുഗപുരുഷന്‍റെ ചിത്രം വരയ്ക്കാൻ ലേഖകനു കഴിഞ്ഞിട്ടുണ്ട്.

കഥ
വി.ജെ. ജയിംസ്
പേ​ജ് 78, വി​ല: 80 രൂപ
എസ്.പി.സി.എസ്. കോട്ടയം

വ്യത്യസ്തമായ ശൈലിയിൽ എഴുതിയ കഥകൾ. പറയാൻ നല്ല കഥയുണ്ടെങ്കിലും പലപ്പോഴും പറയുന്നതു കഥയാണെന്നു തോന്നുകയില്ല. അതാണ് ഈ കഥയുടെ ശൈലി. വായനക്കാരനെ പുതിയൊരു കഥപറച്ചിൽ ശൈലി പരിചയപ്പെടുത്തുന്നുണ്ട് എഴുത്തുകാരൻ. ജീവിതത്തെ ലോകത്തിനു മുന്നിൽ ഇങ്ങനെ അവതരിപ്പിക്കുന്നുവെന്നേയുള്ളു.

വൈശിക തന്ത്രം
വ്യാഖ്യാനം എൻ. ഗോപിനാഥൻ നായർ
പേ​ജ് 128, വി​ല: 140 രൂപ
എസ്.പി.സി.എസ്. കോട്ടയം

മണിപ്രവാള കൃതിയായ വൈശികതന്ത്രത്തിന്‍റെ പ്രൗഢമായ വ്യാഖ്യാനം. സ്ത്രീകളുടെ വശ്യതകളെക്കുറിച്ച് വിശദീകരിക്കുന്ന പുസ്തകത്തിന്‍റെ വിശദീകരണവും പഠനങ്ങളുമെല്ലാം ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ഇത് വായന എളുപ്പമാക്കിയിരിക്കുന്നു. സാഹിത്യ ചരിത്ര പഠിതാക്കൾക്ക് വിലപ്പെട്ടത്.

നിശബ്ദതയുടെ ജ്യാമിതികൾ
സാബു ചോലയിൽ
പേ​ജ് 79, വി​ല: 80 രൂപ
യെസ്പ്രസ് ബുക്സ്, പെരുന്പാവൂർ
ഫോൺ: 9142577778, 9142088887

വായനക്കാരന്‍റെ ഹൃദയത്തെ തൊട്ടുണർത്തുന്ന ചെറു കവിതകൾ. ജീവിതത്തോടും നന്മയോടും മോഹമുണർത്തുന്ന വരികൾ. ഓരോന്നിലുമുണ്ട് കവിതയുടെ ഒളിമങ്ങാത്ത സാന്നിധ്യം. ഏങ്ങണ്ടിയൂർ ചന്ദ്രശേഖരന്‍റെ അവതാരിക.

ഗായത്രി
പി. വത്സല
പേ​ജ് 296, വി​ല: 320 രൂപ
എസ്.പി.സി.എസ്. കോട്ടയം

വായനക്കാരെ ഭ്രമിപ്പിച്ച നോവലിന്‍റെ മൂന്നാം പതിപ്പ്. ജീവിതം മുഖം നോക്കുന്ന കണ്ണാടിപോലെ ഈ നോവലിന്‍റെ താളുകൾ വായനക്കാരിലേക്ക് കൈമാറുന്നു. ഗായത്രിയെന്ന കഥാപാത്രം വായനക്കാർക്കുമുന്നിൽ ചുവടുവച്ചു നീങ്ങുകയാണ്. ഇടയ്ക്കിടെ അത് മറക്കുന്ന വായനക്കാർ സ്വന്തം മുഖം വാക്കുകളിൽ തെളിയുന്നതു കാണും. ഗായത്രി മാത്രമല്ല, അവളോടു ബന്ധപ്പെടുന്ന ഓരോ വ്യക്തിയും വായനക്കാരനെ ആകർഷിക്കും. അവർക്കു പറയാനുള്ളത് മനുഷ്യന്‍റെ അവഗണിക്കാനാവാത്ത അസ്തിത്വത്തെക്കുറിച്ചാണ്. അതാവട്ടെ കഥാകാരി വശ്യമായി പറയുകയും ചെയ്തിരിക്കുന്നു.

ആറ്റക്കിളിക്കുന്നിലെ അദ്ഭുതങ്ങൾ
ഡോ. ബി. സന്ധ്യ
പേ​ജ് 55, വി​ല: 60 രൂപ
എസ്.പി.സി.എസ്. കോട്ടയം

കുഞ്ഞുങ്ങളുടെ മനസിനെ ഉണർത്തുകയും പ്രചോദിപ്പിക്കുകയും ചെയ്യുന്ന ബാലനോവൽ. ഉദ്വേഗം നിലനിർത്തുന്ന ശൈലിയിൽ കുട്ടികളുടെ നന്മകളെ തൊട്ടുണർത്തുന്ന കഥയാണ് ഇതിലുള്ളത്. മനുഷ്യനും പ്രകൃതിയും ധാർമികതയുമൊക്കെ സമന്വയിപ്പിച്ചിട്ടുണ്ട്. കഥയോടൊപ്പമുള്ള ചിത്രങ്ങൾ വശ്യമായിരിക്കുന്നു.

ജോളി ഓർക്കസ്ട്ര
രാമകൃഷ്ണൻ കൈപ്പട്ടൂർ
പേ​ജ് 96, വി​ല: 100 രൂപ
യെസ്പ്രസ് ബുക്സ്, പെരുന്പാവൂർ
ഫോൺ: 9142577778, 9142088887

ലളിതമായ ഭാഷയിൽ ജീവിതം പറയുന്ന നോവൽ. അടുത്തിരുന്ന് അതിവേഗം കഥ പറയുന്ന രീതി. പറയാനുള്ളത് നേരേ പറയുന്നതിനിടെ ജീവിതത്തിന്‍റെ നൊന്പരങ്ങളും സന്തോഷങ്ങളുമൊക്കെ വായനക്കാരനെ അനുഭവിപ്പിക്കുന്നുമുണ്ട്. സുധാകർ മംഗളോദയത്തിന്‍റെ അവതാരിക.

കൈപ്പട്ടൂർ നാരായണൻകുട്ടി
തിരഞ്ഞെടുത്ത കവിതകൾ
പേ​ജ് 96, വി​ല: 100 രൂപ
യെസ്പ്രസ് ബുക്സ്, പെരുന്പാവൂർ
ഫോൺ: 9142577778, 9142088887

രോഷജനകമായ ചിന്തകളും സാമൂഹികപ്രതിബദ്ധതയും പ്രകടിപ്പിക്കുന്ന കവിതകളുടെ സമാഹാരം. .എ. ശാന്തകുമാരിയുടെ അവതാരികയും വി.എൻ. രാജന്‍റെ ആമുഖവും കൈപ്പട്ടൂരിന്‍റെ ചിന്തയെയും ജീവിതത്തെയും എഴുത്തിനെയും കൂട്ടിയിണക്കുന്നു.