കനകം കൊണ്ടൊരു കവചം
Sunday, September 29, 2019 6:50 AM IST
ഭാവിയെപ്പറ്റി ആശങ്കപ്പെടുന്ന മാതാപിതാക്കൾ സ്വയരക്ഷയ്ക്ക് ആവുന്നത്ര സ്വത്തും ധനവും കാത്തുവയ്ക്കുന്നതു സാധാരണം. അപ്പന്മാർ ബാങ്കുബാലൻസും വസ്തുവകകളും കരുതുന്പോൾ അമ്മമാർ പൊന്നും പണവുമായിരിക്കും നീക്കിവയ്ക്കുക. തങ്ങൾക്കു ചുറ്റും ശക്തമായ ഒരു കോട്ട നിർമിച്ചുകഴിഞ്ഞെന്നും ഇനി ലഭിക്കാൻ പോകുന്ന സംരക്ഷണത്തെപ്പറ്റി ഒന്നും പേടിക്കാനില്ലെന്നും അവർ ഉറപ്പാക്കുന്നു. ഉള്ളതെല്ലാം കഴിവുപോലെ മക്കൾക്കു പങ്കുവച്ചു കൊടുത്താൽപോലും കൈയിൽ കരുതിവച്ചിരിക്കുന്ന വ്യക്തിപരമായ സ്വത്തിൽ കണ്ണുവച്ച് തങ്ങൾക്ക് അവർ പ്രത്യേക ശുശ്രൂഷ നല്കുമെന്നു വിശ്വസിക്കുന്നു, അതു പ്രചാരമായിക്കഴിഞ്ഞ നാട്ടുനടപ്പ്.
ധനത്തിന് ആനുപാതികമായി നല്കപ്പെടുന്ന സ്നേഹം ഒരു ആലംബമായി കരുതിയാൽ, നീക്കിയിരിപ്പു കുറയുകയോ നഷ്ടപ്പെടുകയോ സ്വേച്ഛയാ ദാനം ചെയ്യുകയോ ചെയ്താൽ പരിരക്ഷയും അതോടൊപ്പം തകിടംമറിയും (കൂടുതൽ സ്വത്ത് കൂടുതൽ പ്രശ്നങ്ങൾ സൃഷ്ടിക്കയേയുള്ളൂ).
നിർഭാഗ്യവശാൽ, പലരും മനസിലാക്കാതെ പോകുന്ന ഒന്നുണ്ട് - മാതാപിതാക്കൾ തങ്ങളുടെ വിലമതിക്കാനാവാത്ത സ്വത്താണെന്നു മനസിലാക്കി എന്തുവിലകൊടുത്തും അവരുടെ മരണംവരെ അന്തസോടെയും ആത്മാഭിമാനത്തോടെയും ജീവിക്കാൻ അവർക്കു വഴിയൊരുക്കുന്ന കുടുംബങ്ങൾ അനുഭവിക്കുന്നത് സ്വർഗീയാനന്ദമാണെന്ന് പരമാർഥം.
കൂലിപ്പണിക്കാർ തുടങ്ങി കോടീശ്വരർവരെ ഉണ്ട് ഈ പട്ടികയിൽ. ഒന്നിച്ചു പ്രാർഥിക്കുകയും ഒന്നിച്ചു ഭക്ഷിക്കുകയും ചെയ്യുന്ന ഇത്തരം സ്നേഹകുടീരങ്ങൾ ഇളംതലമുറകൾക്കു കൈമാറുന്നതു ദൈവികസന്ദേശം തന്നെയല്ലേ? അത്യാർത്തിയുടെയും സ്വാർഥതയുടെയും നരകമോ സ്നേഹത്തിന്റെയും ഒത്തൊരുമയുടെയും നാകമോ? രണ്ടിന്റെയും താക്കോൽ കുടുംബാംഗങ്ങളുടെ കൈയിൽതന്നെ.
സിസിലിയാമ്മ പെരുന്പനാനി