മക്കളുടെ മാനം കാക്കാൻ
Sunday, October 6, 2019 1:38 AM IST
വിദ്യാർഥിയുടെയും മാതാപിതാക്കളുടെയും ഇടയിലെ ശക്തിയുള്ള കണ്ണിയാണ് അധ്യാപകൻ. നിഷ്പക്ഷതയോടെ സദുദ്ദേശ്യത്തോടെ അയാൾ കുട്ടിയുടെ രക്ഷാകർത്താക്കളുമായി ബന്ധപ്പെടുന്പോൾ ശിഷ്യന്റെ നന്മമാത്രമായിരിക്കണം ലക്ഷ്യം.
സ്കൂളിലോ, കലാലയത്തിലോ മക്കളുടെ പ്രോഗ്രസ് അറിയാൻ എത്തുന്ന അച്ഛനമ്മമാർക്ക് അവരുടെ മകനെയോ മകളെയോ സംബന്ധിച്ച ഏറ്റം സത്യസന്ധമായ ഒരു റിപ്പോർട്ടാണു നല്കേണ്ടത്. വിദ്യാർഥിയോടുള്ള ദേഷ്യം തീർക്കാൻ അവനെ(ളെ) സംബന്ധിച്ച് അതിശയോക്തിയും അസത്യവും കലർന്ന വിവരണം നൽകരുത്.
എല്ലാം "സൂപ്പർ' എന്ന പ്രസ്താവനയും വ്യാജമാണ്. കുറവുകൾ മൂടിവയ്ക്കാൻ അപ്പനമ്മമാർ (പ്രത്യേകിച്ച് അമ്മമാർ) പലതും മറച്ചും തിരിച്ചും വളച്ചും ഒടിച്ചും പറഞ്ഞ് തടിതപ്പുന്നതും സാധാരണം. ഇതിനിടയിൽ കിടന്നു ഞെരിഞ്ഞമരുന്നത് ഒരു കുട്ടിയുടെ വിലയേറിയ വ്യക്തിത്വമാണ്.
ഇരുകൂട്ടർക്കും വേണം തുറവി. ഒരേ ലക്ഷ്യമായിരിക്കുകയും വേണം. സ്കൂളിലാകട്ടെ കോളജിലാകട്ടെ വിദ്യാർഥിയുടെ അസാന്നിധ്യത്തിൽ അധ്യാപകനും രക്ഷാകർത്താക്കളും അല്പസമയമെങ്കിലും ചർച്ച നടത്തിയിട്ടേ കുട്ടിയെ ഉൾപ്പെടുത്താവൂ. പോലീസ് സ്റ്റേഷനിൽ അകപ്പെട്ട കുറ്റവാളിയെപ്പോലെ അധ്യാപകർ എല്ലാവരുംകൂടി അവനെ തെറ്റുകാരനാക്കുന്നതും അവന്റെ ആത്മവിശ്വാസത്തെ അപ്പാടെ ഹനിക്കും.
മക്കളുടെ മാനംകാക്കാൻ മാതാപിതാക്കളും രോഷം തീർക്കാൻ ഗുരുക്കന്മാരും രക്ഷപ്പെടാൻ വിദ്യാർഥിയും അസത്യത്തെ കൂട്ടുപിടിച്ചാൽ? കൂട്ടുത്തരവാദിത്വത്തിന്റെ ലക്ഷ്യപ്രാപ്തി എവിടെ? കഞ്ഞുങ്ങളാണു നമ്മുടെ രാഷ്ട്രത്തിന്റെ ഭാവിശില്പികൾ എന്നതു മറക്കാതിരിക്കാം.
സിസിലിയാΩ
പെരുബ്ബനാനി
ഫോൺ: 9447168669