ശിക്ഷകരെ നഷ്ടമായ ശിഷ്യർ
Sunday, December 15, 2019 2:01 AM IST
ഇപ്പഴത്തെ പിള്ളേർ അങ്ങനെയാ. പറഞ്ഞിട്ടു കാര്യമില്ല എന്ന മട്ടിൽ അലംഭാവം കാട്ടുന്ന മാതാപിതാക്കളും അധ്യാപകരും മേലധികാരികളും തന്നെയാണ് അച്ചടക്കരാഹിത്യത്തിന്റെ ആരംഭകർ എന്നതാണു സത്യം.
ഒരു കലാലയത്തിന്റെ സൽപ്പേരും നല്ല പാരന്പര്യവും നിലനിർത്തുന്നത് അവിടത്തെ വിദ്യാർഥി സമൂഹംതന്നെയാണ്. അവരെപ്പറ്റി പൊതുസമൂഹത്തിന് ഒരു പ്രതീക്ഷയുണ്ട്. വൃത്തിയായി വസ്ത്രം ധരിച്ച് മുടിയും (താടിയും) നഖവും വെട്ടി സഭ്യമായ ഭാഷ സംസാരിച്ച് മാന്യമായി പെരുമാറുന്ന ചെറുപ്പക്കാർ. സ്ഥാപനത്തിനകത്തും പൊതുരംഗങ്ങളിലും അവർ ആൺ-പെൺ വ്യത്യാസമില്ലാതെ അഭിമതരായിരിക്കും.
ധിഷണാ വൈഭവവും മനുഷ്യസ്നേഹവും ഉള്ള നല്ലവരാണ് നമ്മുടെ കുട്ടികൾ. സങ്കടമെന്നേ പറയേണ്ടൂ, അവർക്കു ശിക്ഷണപരമായ പരിശീലനം നൽകാൻ ആജ്ഞാശക്തിയും ആത്മവിശ്വാസവുമുള്ള ശിക്ഷകർ ഇന്നു വളരെ കുറവാണ്. ഭംഗിയായി നടത്തുന്ന കോളജുകളിൽനിന്നു ഗുരുക്കന്മാരുടെകൂടെ പഠനയാത്രയ്ക്കു പുറപ്പെടുന്ന വിദ്യാർഥികളെ കണ്ടാൽ ബഹുമാനം തോന്നും. നോട്ടുബുക്കും പേനയുമായി ഓരോ അധ്യാപകന്റെയും അകന്പടിയോടെ, ശ്രദ്ധാപൂർവം ഓരോന്നും മനസിലാക്കുന്ന ശിഷ്യർ ആഹ്ലാദത്തിനും ഭക്ഷണ പാനീയങ്ങൾക്കും കളിവിനോദങ്ങൾക്കും യാത്രയിൽ സമയം മാറ്റിവച്ചിരിക്കും. ഇന്നു പല കോളജുകളിലും യാത്രയുടെ ആരംഭം മുതൽ കർണകഠോരമായ സംഗീതം (!) അകന്പടിയുണ്ടാകും.
പഠനസംബന്ധമായ ചർച്ചകൾക്കോ ആരോഗ്യപരമായ വിനോദ ഭാഷണങ്ങൾക്കോ സന്ദർഭം ലഭിക്കാറില്ല. ഇതല്ല യഥാർഥ വിദ്യാർഥി സംസ്കാരം എന്നു പറഞ്ഞുകൊടുക്കാൻ അധ്യാപകർക്കും ധൈര്യമില്ല! എല്ലാം കൈവിട്ടുപോകും മുന്പേ അടിയന്തരമായി കലാലയ വിദ്യാർഥികളുടെ അച്ചടക്കമേഖലയിലേക്കു ശ്രദ്ധപതിപ്പിച്ചാൽ, വിദ്യാഭ്യാസത്തിൽ മുന്നിട്ടു നിൽക്കുന്നുവെന്ന് അഹങ്കരിക്കുന്ന കേരളത്തിനു സംസ്കാരത്തിലും ഒന്നാം നിരയിൽ എന്ന് അഭിമാനിക്കാനാവും.
സിസിലിയാമ്മ പെരുമ്പനാനി