കരുതലിന്റെ ചക്രങ്ങൾ
ജോൺസൺ വേങ്ങത്തടം
Saturday, September 13, 2025 8:12 PM IST
ഇത് കൊല്ലം തീരപ്രദേശത്തെ ഒരുകൂട്ടം സ്ത്രീകളുടെ അതിജീവനത്തിന്റെ കഥയാണ്. ദുരിതങ്ങളുടെ വലമുറിച്ച് അവർ മുന്നേറിയ കഥ.., അവർക്കു വെളിച്ചമായ സംരംഭത്തിന്റെയും...
ഇവര്‍ ജീവിതത്തില്‍ ഒറ്റപ്പെട്ടുപോയവരായിരുന്നു. ഒറ്റയ്ക്കു പോരാടിയവര്‍. ഇവരില്‍ വിധവകളുണ്ട്, ഭര്‍ത്താവ് ഉപേക്ഷിച്ചവരുണ്ട്, രോഗങ്ങൾ വലച്ചവരുണ്ട്.
കുടുംബത്തിൽ സമാധാനം എന്തെന്നറിയാതെ, സമൂഹത്തിന്റെ അവഗണന ആവോളം അനുഭവിച്ച്, കൂലിപ്പണിചെയ്ത്, കടുത്ത ദുരിതം സഹിക്കാനാവാതെ ഒരുവേള ജീവനൊടുക്കാൻ ചിന്തിച്ചവരും ഇവരിലുണ്ട്. കൊല്ലത്തെ മത്സ്യത്തൊഴിലാളി കുടുംബങ്ങളില്‍നിന്നുള്ള പാവപ്പെട്ട സ്ത്രീകളാണ് ഇവരെല്ലാം. കുടുംബം പുലർത്താൻ പലവിധ ജോലികൾ ചെയ്തു.
മീൻ വാങ്ങി തലയിൽചുമന്ന് വീടുകൾതോറും കയറിയിറങ്ങി വില്പന, മറ്റുവീടുകളിലെ അടുക്കളപ്പണി.. കുട്ടികളുമായി എന്തുചെയ്യുമെന്നറിയാതെ പകച്ചുനിന്നിട്ടുണ്ട് ചിലർ. രക്ഷപ്പെടാൻ എന്താണൊരു മാർഗം എന്നുമാത്രമായിരുന്നു ചിന്ത. എന്നാൽ ഇപ്പോൾ സ്വയം ദുര്‍ബലരെന്നു ചിന്തിക്കുന്ന എല്ലാ സ്ത്രീകള്‍ക്കും ഇവർ പ്രചോദനമാണ്.
ഡോണ്‍ബോസ്കോ സലേഷ്യന്‍ സഭയുടെ നേതൃത്വത്തിലുള്ള ഫിഷര്‍മെൻ കമ്യൂണിറ്റി ഡെവലപ്മെന്റ് പ്രോഗ്രാം ഇവരെ ദുരിതങ്ങളുടെ കോരുവലയിൽനിന്ന് പുറത്തുകൊണ്ടുവന്നു. വി-ഓട്ടോ എന്ന പദ്ധതിയിലൂടെ ഈ 33 വനിതകൾ ഇപ്പോൾ കൊല്ലം നഗരത്തിലും സമീപപ്രദേശങ്ങളിലും ഓട്ടോയുമായി രാപ്പകല്‍ ഓടി ഉപജീവനമാര്‍ഗം കണ്ടെത്തുന്നു- സന്തോഷത്തോടെയും സമാധാനത്തോടെയും...
വി-ഓട്ടോയുടെ ശക്തി
എഫ്സിഡിപി (ഫിഷര്‍മെൻ കമ്യൂണിറ്റി ഡെവലപ്മെന്റ് പ്രോഗ്രാം) ഡോണ്‍ ബോസ്കോ ബ്രെഡ്സുമായി സഹകരിച്ചാണ് വി-ഓട്ടോ എന്ന പ്രസ്ഥാനത്തിനു തുടക്കമിട്ടത്. വി എന്നാൽ വിമൻ എംപവർമെന്റ്.
സ്ത്രീകളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്കു കൊണ്ടുവരിക, അവരെ സാമ്പത്തികമായി സ്വതന്ത്രരാക്കുക എന്നീ ലക്ഷ്യങ്ങളോടെ 2021ല്‍ പദ്ധതി "സ്റ്റാർട്ട്' ആയി. ഫാ. ജോബി സെബാസ്റ്റ്യനായിരുന്നു നേതൃസ്ഥാനത്ത്. ഈ വനിതകൾക്ക് ഇലക്ട്രിക് ഓട്ടോകൾ ലഭ്യമാക്കി. പാരിസ്ഥിതിക പ്രശ്നങ്ങൾ ഒഴിവാക്കാനാണ് ഇ-ഓട്ടോകൾ മതിയെന്നു തീരുമാനിച്ചത്.
ഓട്ടോകളുടെ വിലയുടെ അമ്പതുശതമാനംവരെ സഹായം ഫിഷര്‍മെൻ കമ്യൂണിറ്റി ഡവലപ്മെന്റ് പ്രോഗ്രാംവഴി ചെയ്തു. ബാക്കി തുക ബാങ്ക് ലോണ്‍വഴി. ഇപ്പോഴത്തെ ഡയറക്ടര്‍ ഫാ. സജി ഇളമ്പാശേരിലും കൂടുതല്‍ കരുത്തോടെ പ്രോജക്ടിനെ മുന്നോട്ടുനയിക്കുന്നു.
ഓട്ടോ മറിയുമോ!
പദ്ധതിയുടെ തുടക്കമായുള്ള ഡ്രൈവിംഗ് പരിശീലനം വെല്ലുവിളികളോടെയായിരുന്നു. ആദ്യം പരിശീലനത്തിനുവന്ന മുപ്പതോളംപേരിൽ ഭയന്നു പിന്‍മാറിയവരുണ്ട്. ഓട്ടോ മറിയുമെന്നായിരുന്നു പലരുടെയും പേടി. അഞ്ചുപേര്‍ മാത്രമാണ് ആദ്യഘട്ടത്തില്‍ ലൈസന്‍സ് എടുത്തത്. പിന്നാലെ കൂടുതൽപേർ ധൈര്യത്തോടെ മുന്നോട്ടുവന്നു.
ഓട്ടോയുമായി ആദ്യം നഗരത്തിലിറങ്ങിയപ്പോൾ സ്റ്റാന്‍ഡ് കിട്ടാന്‍ വലിയ പ്രയാസങ്ങളുണ്ടായി. കുത്തുവാക്കും പരിഹാസവും നേരിടേണ്ടിവന്നു. എന്നാൽ അതൊന്നും മുന്‍പനുഭവിച്ച ജീവിതപ്രശ്നങ്ങളോളം വരില്ല എന്നായിരുന്നു ഇവരുടെ നിലപാട്. ഇന്ന് ഇവര്‍ പുഞ്ചിരിക്കുന്നു.
വിഷമങ്ങളെ ദൂരെയെറിഞ്ഞ മധുരമുള്ള പുഞ്ചിരി. രാവിലെ ഏഴു മുതല്‍ രാത്രി ഒമ്പതരവരെ നഗരത്തില്‍ ഓട്ടോ ഓടിക്കുന്നവരുണ്ട്. മാന്യമായി ജീവിക്കാനുള്ള സന്പാദ്യം ഇതിലൂടെ ലഭിക്കുന്നു. ഇന്ന് ഇവരെ ആരും മാറ്റിനിര്‍ത്താറില്ല. ഒരാളും മദ്യപിച്ചു വാഹനത്തില്‍കയറി ബഹളം വയ്ക്കാറില്ല. അഥവാ ആരെങ്കിലും വന്നാൽ നേരിടാന്‍ ഇവര്‍ക്കു ധൈര്യമുണ്ട്.
രാവിലെയും വൈകുന്നേരവും സ്കൂള്‍ കുട്ടികളുമായുള്ള ഓട്ടം, ശേഷം മീൻ കച്ചവടം, വീണ്ടും സ്റ്റാന്‍ഡില്‍ ഓട്ടം.. ഇവർക്ക് തിരക്കൊഴിയുന്നില്ല. സ്ഥിരമായി ഇവരുടെ ഓട്ടോ മാത്രം വിളിക്കുന്ന യാത്രക്കാരുണ്ട്. ഇതിനെല്ലാമിടയിൽ അശരണർക്ക് ഒരുനേരത്തെ ഭക്ഷണം നൽകാനും ഇവർ മനസുവയ്ക്കുന്നു. ഇന്നു 33 പേരാണ് വി-ഓട്ടോ പദ്ധതിയിലൂടെ ജീവിതം മുന്നോട്ടുനയിക്കുന്നത്.
സുനിത ഫ്രെഡി, മഞ്ജു ജോസഫ്, ഷൈനി വര്‍ഗീസ്, ഷെര്‍ളി വിജയന്, ഐറിന്, സോണി, സെല്‍വറാണി, സിനി യേശുദാസന്, സോഫിയ, അനിത, സജിത, ഷാജിത, മേരി ശോഭ, ജോയ്സ് സാംസണ്, ജിജിമോള്‍, ജോസഫീന്, ചിത്ര, ജാസ്മിന്, ഗീത, മേരി സെബാസ്റ്റ്യന്‍, സുഷമ സുന്ദര്‍, ട്രീസ സ്റ്റാന്‍ലി, സിന്ധു, ലീബ, ലേഖ, മേരി ജോര്‍ജ്, ശ്രീദേവി, ജോണ്‍സി അലക്സ്, ക്ലാര അനില്‍, ഗ്രേറ്റ രാജു, ബിന്ദു ഹാരിസണ്‍, സെല്‍വി, സിമി ഷിബു തുടങ്ങിയവരാണ് ഈ പദ്ധതിയിലുള്ളത്. എഫ്സിഡിപിയുടെ പ്രോഗ്രാം മാനേജര്‍ ഗ്രേറ്റ രാജുവും പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ ബെര്‍ലിന്‍ ബെര്ക്കുമെനുമാണ് ഇവര്‍ക്കു നേതൃത്വംനല്കുന്നത്. ജാതിമതഭേദമില്ലാതെയാണ് സലേഷ്യൻ സഭ ഇവർക്കു വെളിച്ചമായത്.
സ്നേഹത്തിന്റെ "അലകള്‍'
ഒന്നുമില്ലായ്മയില്‍നിന്ന് ഈ വനിതകള്‍ സ്വരൂപിക്കുന്ന ഫണ്ടിന്റെ പേരാണ് അലകൾ. കഴിഞ്ഞ ദിവസമായിരുന്നു അലകളുടെ ഉദ്ഘാടനം. വി- ഓട്ടോയില്‍ അംഗങ്ങളായ 33 പേരുടെ കാരുണ്യ പദ്ധതി.
ഓരോരുത്തർക്കും ഇഷ്ടമുള്ള തുക മാറ്റി വയ്ക്കാം- അമ്പതു രൂപ മുതല്‍ എത്രയായാലും. തീരദേശമേഖലയില്‍ മത്സ്യത്തൊഴിലാളി കുടുംബങ്ങളെ സഹായിക്കുന്നതോടൊപ്പം വീട്ടമ്മമാരെ ഓട്ടോറിക്ഷ ഓടിക്കാന്‍ പഠിപ്പിക്കാനും വാഹനം വാങ്ങുന്നതിനും സഹായം നല്‍കാനുള്ള ഫണ്ടാണ് ഇവര്‍ സ്വരൂപിക്കുന്നത്.
ബദല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും വര്‍ധിപ്പിക്കുകയും ചെയ്യുന്നതിലൂടെ പട്ടിണിയിലും സാമ്പത്തിക പിന്നാക്കാവസ്ഥയിലും കഴിയുന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ രക്ഷപ്പെടുമെന്ന് ഇവർ പ്രതീക്ഷിക്കുന്നു. സ്വന്തം ജീവിതമാണ് ഇവര്‍ സമൂഹത്തിന്റെ മുന്നില്‍ മാതൃകയായി വയ്ക്കുന്നത്. മക്കളെ പഠിപ്പിച്ചു വിദേശങ്ങളെത്തിച്ച അമ്മമാരുണ്ട് ഈ കൂട്ടത്തില്‍., കടങ്ങൾ വീട്ടി സ്വന്തം വീടുപണിത് സമാധാനം കണ്ടെത്തിയവരും.
പെണ്‍പടയുടെ അഭിമാനം
തങ്കശേരി, താന്നി, മരത്തടി, ഇരവിപുരം, ചാത്തന്നൂര്‍, പൂതക്കുളം, കടവൂര്‍ മേഖലകളില്‍നിന്നുള്ളവർ ഈ സംരംഭത്തിനുകീഴിൽ ജീവിതമാർഗം തേടിയെത്തി. ഇവരുടെ ജീവിതത്തിൽനിന്നു പ്രചോദനമുള്‍ക്കൊണ്ട് കൂടുതൽപേർ കടന്നുവരുന്നു. ഡ്രൈവിംഗ് പഠിക്കുന്നവരുടെ എണ്ണം കൂടികൊണ്ടിരിക്കുകയാണ്. പഠിപ്പിക്കാനും ഇവർ ഒപ്പമുണ്ട്.
ആരെയും കൈവിടാതെ ചേര്‍ത്തുപിടിക്കുകയാണ് വി -ഓട്ടോ. ഓട്ടോറിക്ഷ ഓടിക്കുന്നത് അപമാനമായി കണ്ട വീട്ടുകാരും നാട്ടുകാരും സമൂഹവും ഇപ്പോൾ അഭിമാനത്തോടെ ഇവര്‍ക്കൊപ്പമാണ്. ഇന്ന് ഇവർ ആരുടെയും മുന്നില്‍ തലകുനിക്കാറില്ല. അഭിമാനമാണ് ഞങ്ങള്‍ക്കെന്ന് ഒറ്റസ്വരത്തില്‍ ഇവര്‍ പറയുന്നു.
ഇവര്‍ പറയട്ടെ...
മീന്‍കുട്ട തലയില്‍ ചുമന്നു വീടുകള്‍തോറും കയറിയിറങ്ങി വിറ്റുകിട്ടുന്ന പണംകൊണ്ടാണ് മഞ്ജു കുടുംബം പുലര്‍ത്തിയിരുന്നത്. ഒറ്റമുറിയുള്ള വീട്.., രണ്ടു പെൺമക്കൾ. ഇതിനിടെ നട്ടെല്ലുസംബന്ധമായ രോഗം വന്നതോടെ ജോലിചെയ്യാൻ പ്രയാസമായി. വീട്ടില്‍ പട്ടിണിയായി.
അപ്പോഴാണ് വി-ഓട്ടോ പദ്ധതിയുമായി എഫ്സിഡിപിയും അച്ചനും എത്തിയത്. ആദ്യത്തെ രണ്ടു മാസങ്ങളില്‍ വണ്ടിയുടെ ലോണ്‍ അടയ്ക്കാന്‍ പോലും മതിയായ വരുമാനം ലഭിച്ചില്ല. എന്നാല്‍ ഒരു വര്‍ഷം പിന്നിട്ടപ്പോള്‍ കാര്യങ്ങള്‍ മാറി. ഇന്ന് താൻ കുടുംബത്തിന്റെ നട്ടെല്ലാണെന്ന് മഞ്ജു അഭിമാനത്തോടെ പറയുന്നു.രോഗത്തിനും ചികിത്സയ്ക്കും ഇടയിലാണ് ക്ലാര ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നത്.
ആദ്യത്തെ ഡ്രൈവിംഗ് ടെസ്റ്റിലൊന്നും ക്ലാര പാസായില്ല. വീണ്ടും വീണ്ടും പരിശ്രമിച്ച് ലൈസന്‍സ് നേടി. ഓട്ടോറിക്ഷ ഓടിക്കുന്നതിനിടയില്‍ അപകടമുണ്ടായിട്ടും തളരാതെ മുന്നോട്ടു പോകുന്നു. തയ്യല്ജോലിചെയ്ത് കുടുംബം രക്ഷപ്പെടുത്താമെന്ന സ്വപ്നം പൊലിഞ്ഞപ്പോഴാണ് ക്ലാരയ്ക്കുമുന്നില് ഓട്ടോറിക്ഷ വന്നുനിന്നത്.
സ്റ്റാന്‍ഡുകളില്‍നിന്നു വെല്ലുവിളികളും പരിഹാസവും നേരിട്ടിട്ടുണ്ട്. തളരാതെ മുന്നോട്ട് എന്നാണ് ക്ലാരയുടെ പക്ഷം. ഒട്ടേറെ എതിർപ്പുകൾ മറികടന്നാണ് സുനിത ഓട്ടോയുടെ ഡ്രൈവിംഗ് സീറ്റിലിരിക്കുന്നത്. കുടുംബത്തിന്റെ സാന്പത്തിക ബാധ്യതകൾ ഓട്ടോ ഓടിച്ചുതന്നെ തീർത്തു. വീടിനു മുന്നില്‍തന്നെയാണ് വാഹനമിടുന്നത്.
ആവശ്യക്കാര്‍ ഫോണില്‍ വിളിക്കുമ്പോള്‍ അവിടെയെത്തും. രണ്ട് ആണ്മക്കളെയും പഠിപ്പിച്ചു. ഒരാള്‍ വിദേശത്തേക്കു പോകാനുള്ള ഒരുക്കത്തിലാണ്. രണ്ടാമന് എന്‍ജിനിയറിംഗ് വിദ്യാര്‍ഥി.സെല്വറാണിക്ക് കുട്ടികള്‍ മൂന്നാണ്. പന്ത്രണ്ടും അഞ്ചും മൂന്നും വയസുള്ള കുട്ടികള്‍. വിവിധ സ്ഥാപനങ്ങളില്‍ അക്കൗണ്ടന്റ് ആയി ജോലിചെയ്തിട്ടുണ്ട്.
കുട്ടികൾക്ക് അസുഖം വന്നാൽ പോലും അവധി ചോദിച്ചാൽ കിട്ടാൻ പ്രയാസം. വി-ഓട്ടോ വന്നതോടെ ആശ്വാസമായി. കണക്കെഴുത്തു ജോലിയേക്കാൾ കൂടുതൽ വരുമാനമുണ്ട്. കുടുംബത്തിലെ എല്ലാ കാര്യങ്ങളും നോക്കാനും സാധിക്കുന്നു-സമ്മര്‍ദമില്ലാതെ.., സന്തോഷത്തോടെ ജീവിതം മുന്നോട്ട്...
ഇവരുടെ പിൻബലം
ഡോണ്‍ബോസ്കോ സലേഷ്യന്‍ സഭയുടെ കീഴിലുള്ള സാമൂഹിക വികസന പരിപാടികൾക്ക് 1979ലാണ് ഫിഷര്‍മെന്‍ കമ്യൂണിറ്റി ഡെവലപ്മെന്റ് പ്രോഗ്രാം (എഫ്സിഡിപി) എന്ന ഔപചാരിക നാമം നൽകിയത്. തീരദേശ മേഖലയില്‍ താമസിക്കുന്ന മത്സ്യബന്ധന സമൂഹത്തിന്റെ ജീവിതസാഹചര്യങ്ങൾ മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം.
വിദ്യാഭ്യാസം, ആരോഗ്യം, സംസ്കാരം, സാമ്പത്തികം, തൊഴിൽ, സാമൂഹിക അവബോധം തുടങ്ങിയ മേഖകളിൽ വിവിധ പരിപാടികൾ ആസൂത്രണംചെയ്ത് നടപ്പാക്കുന്നു. നാലരപതിറ്റാണ്ടോളമായി എഫ്സിഡിപിയുടെ പ്രവര്‍ത്തനം തീരപ്രദേശത്ത് സജീവമാണ്. അതില്‍ ഒന്നുമാത്രമാണ് വി-ഓട്ടോ. ഈ ചക്രങ്ങൾ നിലയ്ക്കാതെ മുന്നോട്ട്...