നമുക്കുണ്ടായിരിക്കേണ്ട അവബോധം
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ
Sunday, September 21, 2025 5:45 AM IST
ജീവിതം അടിസ്ഥാനപരമായി അധിഷ്ഠിതമായിരിക്കേണ്ടത് സത്യം, നീതി, ദയ, ആർജവം എന്നിങ്ങനെയുള്ള ധാർമിക മൂല്യങ്ങളിലാണ്. ഇവയിൽനിന്ന് വ്യതിചലിച്ച് നാം എന്തുനേടിയാലും അവയൊന്നും യഥാർഥ നേട്ടങ്ങളായിരിക്കുകയില്ല.
അമേരിക്കയിലെ കാലിഫോർണിയയിൽ ജനിച്ച മാർത്താ സലൈനാസ് അത്ര പ്രസിദ്ധയായ എഴുത്തുകാരിയൊന്നുമല്ല. യൂണിവേഴ്സിറ്റിയിൽ ക്രിയേറ്റീവ് റൈറ്റിംഗ് പഠിച്ച മാർത്താ അധികമൊന്നും എഴുതിക്കൂട്ടിയിട്ടുമില്ല.
എങ്കിലും അവർ എഴുതിയ "സ്കോളർഷിപ് ജാക്കറ്റ്' എന്ന കഥ ഒട്ടേറെപ്പേരുടെ പ്രശംസ പിടിച്ചുപറ്റിയിട്ടുണ്ട്. മെക്സിക്കൻ വംശജയായ മാർത്താ സ്വന്തം കഥ പറയുന്നതുപോലെയാണ് ഈ കഥ എഴുതിയിരിക്കുന്നത്. എന്നുമാത്രമല്ല, കഥയിലെ പ്രധാന കഥാപാത്രത്തിന്റെ പേരും മാർത്താ എന്നുതന്നെ.
കഥാപാത്രമായ മാർത്താ പഠിക്കാൻ ബഹുമിടുക്കിയാണ്. അവൾ പഠിച്ച എല്ലാ ക്ലാസുകളിലും എന്നും ഒന്നാമതായിരുന്നു. എല്ലാ വിഷയങ്ങളിലും ഏറ്റവും ഉയർന്ന ഗ്രേഡ് അവൾ നേടി. എട്ടാം ക്ലാസിലെ പഠനം പൂർത്തിയാക്കുന്പോൾ "സ്കോളർഷിപ് ജാക്കറ്റ്' ലഭിക്കുക തനിക്കായിരിക്കും എന്ന് അവൾക്കു തീർച്ചയായിരുന്നു. ആ ബഹുമതി കരസ്ഥമാക്കുക അവളുടെ സ്വപ്നവുമായിരുന്നു. സഹോദരി റോസി തലേവർഷം ആ ബഹുമതി കരസ്ഥമാക്കിയിരുന്നു.
അമേരിക്കൻ സ്കൂളുകളിൽ വിദ്യാർഥികൾ എട്ടാം ക്ലാസും പന്ത്രണ്ടാം ക്ലാസുമൊക്കെ പാസാകുന്പോൾ അവർക്ക് ഡിപ്ലോമകൾ നൽകുന്ന ബിരുദദാന ചടങ്ങ് നടക്കാറുണ്ട്. ആ ചടങ്ങുകളിൽ വിദ്യാർഥികളെ പ്രതിനിധീകരിച്ച് പ്രസംഗിക്കുന്നയാൾ ആ ക്ലാസിൽ ഏറ്റവും ഉയർന്ന ഗ്രേഡ് നേടിയ വിദ്യാർഥിയായിരിക്കും.
വലെഡിക്ടോറിയൻ എന്നാണ് ആ വിദ്യാർഥി അറിയപ്പെടുക. അങ്ങനെയുള്ള വലെഡിക്ടോറിയന് മാർത്തായുടെ സ്കൂളിൽ നൽകിയിരുന്ന സമ്മാനമായിരുന്നു "സ്കോളർഷിപ് ജാക്കറ്റ്'.
തനിക്കു സ്കോളർഷിപ് ജാക്കറ്റ് ലഭിക്കുന്നത് സ്വപ്നംകണ്ടു നടക്കുന്പോഴാണ് രണ്ട് അധ്യാപകർതമ്മിലുള്ള ഒരു സംഭാഷണം മാർത്താ കേൾക്കാനിടയായത്. ആ വർഷത്തെ സ്കോളർഷിപ് ജാക്കറ്റ് ആർക്കുനൽകണം എന്നതായിരുന്നു അവരുടെ ചർച്ചാവിഷയം. അതു മാർത്തായ്ക്കാണ് ന്യായമായും ലഭിക്കേണ്ടതെന്ന് ഒരാൾ വാദിച്ചപ്പോൾ മറ്റേയാൾ അതു ജോവാൻ എന്ന പെണ്കുട്ടിക്കു നൽകണമെന്ന നിലപാട് സ്വീകരിച്ചു.
സ്കൂൾ ബോർഡിലെ അംഗവും പണക്കാരനുമായിരുന്നു ജോവാന്റെ പിതാവ്. ജോവാൻ ഏറ്റവും സമർഥയായ വിദ്യാർഥിനിയല്ലെങ്കിലും സ്കോളർഷിപ് ജാക്കറ്റ് അവൾക്കു സമ്മാനിച്ചാൽ അത് സ്കൂളിനു വലിയ മെച്ചമുണ്ടാക്കുമെന്ന് ആ അധ്യാപകൻ വാദിച്ചു.
ഈ സംഭാഷണം കേൾക്കാനിടയായതിന്റെ പിറ്റേദിവസം മാർത്തായെ പ്രിൻസിപ്പൽ തന്റെ ഓഫീസിൽ വിളിപ്പിച്ചു പറഞ്ഞു: ""സ്കോളർഷിപ് ജാക്കറ്റ് സംബന്ധിച്ച നയം സ്കൂൾ ബോർഡ് മാറ്റി. വലെഡിക്ടോറിയനു സ്കോളർഷിപ് ജാക്കറ്റ് ലഭിക്കണമെങ്കിൽ അതിനു പതിനഞ്ചു ഡോളർ നൽകണമെന്നതാണ് ഇപ്പോഴത്തെ വ്യവസ്ഥ. അതു നൽകാൻ തയാറല്ലെങ്കിൽ ആ സ്കോളർഷിപ് ജാക്കറ്റ് മറ്റൊരാൾക്കു നൽകും''.
ഇതു കേട്ടപ്പോൾ മാർത്താ പറഞ്ഞു: ""എന്റെ വല്യപ്പച്ചനോടു ചോദിച്ചിട്ടു പറയാം''. അന്ന് ഏറെ ദുഃഖിതയായിട്ടാണ് അവൾ വീട്ടിലേക്കു മടങ്ങിയത്. മാതാപിതാക്കളുടെ സാന്പത്തിക ബുദ്ധിമുട്ടുമൂലം അവൾ താമസിച്ചിരുന്നത് അപ്പച്ചന്റെ മാതാപിതാക്കളോടൊപ്പമായിരുന്നു. വീട്ടിലെത്തിയ അവൾ വല്യപ്പച്ചനോടു കാര്യം പറഞ്ഞു. കൃഷിക്കാരനായിരുന്ന അദ്ദേഹത്തിന് പതിനഞ്ചു ഡോളർ അത്ര വലിയ തുകയൊന്നുമല്ലായിരുന്നു. പക്ഷേ ആ തുക നൽകാൻ അദ്ദേഹം തയാറായില്ല.
""സ്കോളർഷിപ് ജാക്കറ്റ് എന്നു പറയുന്നതിന്റെ അർഥം എന്താണ്''? അദ്ദേഹം മാർത്തായോടു ചോദിച്ചു. ""എട്ടു വർഷം തുടർച്ചയായി പരീക്ഷകൾക്ക് ഏറ്റവും ഉയർന്ന ഗ്രേഡ് നേടുന്നവർക്കു നൽകുന്ന സമ്മാനമാണത്''- അവൾ പറഞ്ഞു.
""അങ്ങനെയെങ്കിൽ അതിനു പണം നൽകിയാൽ അതെങ്ങനെ സ്കോളർഷിപ് ജാക്കറ്റ് ആകും''? അദ്ദേഹം ചോദിച്ചു. ""പണം നൽകാൻ ഞാൻ തയാറല്ലെന്ന് നീ പോയി പ്രിൻസിപ്പലിനോടു പറയൂ''.
വല്യപ്പച്ചൻ പറയുന്നത് ശരിയാണല്ലോ എന്ന് അവൾ ഓർമിച്ചു. എങ്കിലും സ്കോളർഷിപ് ജാക്കറ്റ് നഷ്ടപ്പെടുമെന്നോർത്തപ്പോൾ അവളുടെ ഹൃദയം നുറുങ്ങി.
പിറ്റേദിവസം അവൾ പ്രിൻസിപ്പലിനെ കണ്ട് തന്റെ വല്യപ്പച്ചൻ പണംനൽകാൻ തയാറല്ല എന്ന് അറിയിച്ചു. ""നിന്റെ വല്യപ്പച്ചനു പണമുണ്ടല്ലോ. പിന്നെ എന്താണ് പണം നൽകാൻ അദ്ദേഹം വിസമ്മതിക്കുന്നത്''? പ്രിൻസിപ്പൽ ചോദിച്ചു. ഉടനെ അവൾ പറഞ്ഞു: ""സ്കോളർഷിപ് ജാക്കറ്റിനു പണം നൽകിയാൽ അത് സ്കോളർഷിപ് ജാക്കറ്റ് ആകില്ല എന്നാണ് അദ്ദേഹം പറഞ്ഞത്''.
ഇത്രയും പറഞ്ഞിട്ട് അവൾ പോകാൻ തുടങ്ങിയപ്പോൾ പ്രിൻസിപ്പൽ പറഞ്ഞു: ""നിൽക്കൂ, പോകാൻ വരട്ടെ. സ്കോളർഷിപ് ജാക്കറ്റ് മാർത്തായ്ക്കുതന്നെ നൽകാൻ ഞാൻ ബോർഡിനോടു പറഞ്ഞുകൊള്ളാം''.
ഈ വിവരം മാർത്താ തന്റെ വല്യപ്പച്ചനോടു പറയുന്നതോടുകൂടി കഥ അവസാനിക്കുകയാണ്. എന്താണ് ഈ കഥ നൽകുന്ന സന്ദേശം? നമ്മുടെ ജീവിതത്തിൽ മറ്റുള്ളവരുടെ ആദരവും ബഹുമതിയും ലഭിക്കുന്നതു നല്ലതുതന്നെ. എന്നാൽ അർഹിക്കുന്ന ആദരവും ബഹുമതിയും ലഭിക്കാതെവന്നാൽ അതിൽ നാം ഖിന്നരാകേണ്ട. അതിനുപകരം നട്ടെല്ലു വളയ്ക്കാതെ നിൽക്കുകയാണു വേണ്ടത്.
പണംകൊടുത്തു ബഹുമതി വാങ്ങിക്കൊള്ളൂ എന്നായിരുന്നു പ്രിൻസിപ്പൽ മാർത്തായോടു പറഞ്ഞത്. എന്നാൽ അങ്ങനെ വാങ്ങുന്ന ബഹുമതി, ബഹുമതിയാകുന്നില്ല എന്നായിരുന്നു അവളുടെ വല്യപ്പച്ചന്റെ നിലപാട്. ആ നിലപാട് അവൾ പൂർണമായി അംഗീകരിക്കുകയും ചെയ്തു. ഈ കഥ ബഹുമതി സ്വീകരിക്കുന്നതിനെക്കുറിച്ചു മാത്രമുള്ളതല്ല. ഇത് ജീവിതത്തിൽ നമുക്കുണ്ടായിരിക്കേണ്ട ആർജവത്തെക്കുറിച്ചുള്ള കഥകൂടിയാണ്.
നമുക്കു ലഭിക്കുന്ന അംഗീകാരവും ബഹുമതിയുമൊക്കെയായിരിക്കും നാം പലപ്പോഴും വലിയ കാര്യമായി കരുതുക. എന്നാൽ അതിലേറെ വലിയകാര്യം നമ്മുടെ ജീവിതം ശരിയായ രീതിയിൽ തത്വാധിഷ്ഠിതമാണോ എന്നുള്ളതാണ്. ജീവിതം അടിസ്ഥാനപരമായി അധിഷ്ഠിതമായിരിക്കേണ്ടത് സത്യം, നീതി, ദയ, ആർജവം എന്നിങ്ങനെയുള്ള ധാർമിക മൂല്യങ്ങളിലാണ്. ഇവയിൽനിന്ന് വ്യതിചലിച്ച് നാം എന്തുനേടിയാലും അവയൊന്നും യഥാർഥ നേട്ടങ്ങളായിരിക്കുകയില്ല.
പണംകൊടുത്തു വാങ്ങുന്ന ബഹുമതി ശരിയായ ബഹുമതിയല്ല എന്ന അവബോധം ആ വല്യപ്പച്ചനുണ്ടായിരുന്നു. അതുപോലെയുള്ള ഒരവബോധം ധാർമികമൂല്യങ്ങളെക്കുറിച്ച് നമുക്കുണ്ടായാൽ ജീവിതം എത്രയേറെ മെച്ചപ്പെടുമായിരുന്നു!.