ആ സ്വരമേന്മയ്ക്കു പേര്- മെലഡി ക്വീൻ
ഹരിപ്രസാദ്
Sunday, September 21, 2025 6:39 AM IST
അല്ലാ രഖി വസായ് എന്ന ബേബി നൂർ ജഹാനിൽനിന്ന് മല്ലിക-എ- തരന്നും എന്ന വിളിപ്പേരിലേക്കുള്ള ഈ ഗായികയുടെ പ്രയാണം ഒരർഥത്തിൽ ഉപഭൂഖണ്ഡത്തിലെ സിനിമാ, സംഗീത ചരിത്രത്തിന്റെ ഭാഗമാണ്. പാട്ടുകളിലൂടെ ഇന്നും ജീവിക്കുന്നുവെന്ന് തലമുറകൾ ഉറച്ചുവിശ്വസിക്കുന്ന നൂർ ജഹാന്റെ 99-ാം ജന്മദിനമാണ് ഇന്ന്...
1951ന്റെ അവസാനം. ഗായിക ലതാ മങ്കേഷ്കർ അന്ന് പഞ്ചാബിലെ അമൃത്സർ സന്ദർശിക്കുകയാണ്. അവിടത്തെ പ്രാദേശിക ഭരണാധികാരികൾക്ക് ഒരു സന്ദേശമെത്തി- വാഗാ അതിർത്തിയിൽ ഗായിക നൂർ ജഹാനെ കാണാൻ ലതാ മങ്കേഷ്കർക്ക് ആഗ്രഹമുണ്ട്.
പാക്കിസ്ഥാനിലാണ് നൂർ ജഹാൻ. അങ്ങനെ പെട്ടെന്നൊരു കൂടിക്കാഴ്ച എളുപ്പമല്ല. എന്നാൽ നടപടിക്രമങ്ങൾ ഒട്ടും വൈകിയില്ല. "നോ മാൻസ് ലാൻഡി'ൽ ഗായികമാർ പരസ്പരം കണ്ടു. ഏതാനും മണിക്കൂറുകൾ വിശേഷങ്ങൾ പങ്കിട്ടു പിരിഞ്ഞു. എന്തുകൊണ്ടായിരിക്കും ലത അങ്ങനെയൊരാഗ്രഹം പറഞ്ഞത്? എന്താണ് ആ പാക്കിസ്ഥാനി ഗായികയുടെ മഹത്വം?..
ലോകം ആരാധിച്ച ഗായികമാരായിരുന്നു ലതയും നൂർ ജഹാനും. ഇരുവരും പരസ്പരം ആരാധനയോടെയാണ് പെരുമാറിയിരുന്നതും. 1944ൽ കോലാപ്പുരിൽ ഒരു സിനിമയുടെ സെറ്റിലാണ് ആദ്യമായി കണ്ടുമുട്ടിയത്. അന്ന് ലത നൂർ ജഹാനുവേണ്ടി ഏതാനും പാട്ടുകൾ ആലപിച്ചിരുന്നു.
ഈണങ്ങളുടെ റാണി
ആറു പതിറ്റാണ്ടുകൾ.., പതിനായിരത്തിലേറെ പാട്ടുകൾ.. ദശലക്ഷക്കണക്കിന് ആരാധകരും- ബ്രിട്ടീഷ് ഇന്ത്യയിലും വിഭജനത്തിനുശേഷം പാക്കിസ്ഥാനിലും നടിയും ഗായികയുമായി മിന്നിത്തിളങ്ങിയ നൂർ ജഹാന്റെ സിനിമാജീവിതത്തെ ഇങ്ങനെ ചുരുക്കിപ്പറയാം. ലതാ മങ്കേഷ്കറും ആശാ ഭോസ്ലേയും ഒരുപോലെ ഇഷ്ടപ്പെട്ട ഗായികയായിരുന്നു അവരെന്നറിയുന്പോൾ ഒരുകാര്യം വ്യക്തം- ഒട്ടും ചുരുക്കിപ്പറയാവുന്നതല്ല അവരുടെ പ്രതിഭാവിലാസം.
ബ്രിട്ടീഷ് ഇന്ത്യയിലെ കസൂറിൽ ഒരു പഞ്ചാബി കുടുംബത്തിൽ 1926 സെപ്റ്റംബർ 21നു ജനിച്ച നൂർ ജഹാൻ ആറാം വയസിൽ പാടിത്തുടങ്ങിയതാണ്. സംഗീതപശ്ചാത്തലമുണ്ടായിരുന്ന പിതാവ് ഇംദാദ് അലി അവളെ ശാസ്ത്രീയ സംഗീതം പഠിക്കാനയച്ചു.
ഉസ്താദ് ഗുലാം മുഹമ്മദ് ആയിരുന്നു ആദ്യത്തെ ഗുരു. പട്യാല ഘരാനയ്ക്കു കീഴിൽ തുംരിയും ദ്രുപദും ഖയാലും നൂർ ജഹാൻ അഭ്യസിച്ചു. അവളുടെ കഴിവു കേട്ടറിഞ്ഞ സംഗീതജ്ഞൻ ഗുലാം അഹമ്മദ് ചിഷ്തി ലാഹോറിലെ സംഗീതവേദികൾക്ക് പരിചയപ്പെടുത്തി. ആ ഒന്പതുവയസുകാരിയുടെ പാട്ടുകൾ നാടെങ്ങും കേട്ടുതുടങ്ങി.
കൽക്കട്ടയിലേക്ക്
1930കളുടെ തുടക്കത്തിൽ നൂർ ജഹാന്റെ കുടുംബം കൽക്കട്ടയിലേക്കു പറിച്ചുനടപ്പെട്ടു. അവൾക്കും സഹോദരിമാരായ ഏദൻ ബായി, ഹൈദർ ബന്ദി എന്നിവർക്കും കലാരംഗത്തു മുന്നേറാൻ അതു സഹായമാകുമെന്ന് കുടുംബം കരുതി. അവിടെ ദിവാൻ സർദാരി ലാലിന്റെ പിന്തുണയോടെ മ്യൂസിക് തിയറ്ററിൽ പാട്ടും, ഒപ്പം സംഗീതാഭ്യസനവും തുടർന്നു.
വിഖ്യാത ഗായിക മുക്താർ ബീഗത്തിന്റെ സഹായത്തോടെ സിനിമയിലേക്കും വഴിയൊരുങ്ങി. അങ്ങനെ ബേബി നൂർ ജഹാൻ വെള്ളിവെളിച്ചത്തിലേക്കെത്തി. 1942ൽ, പതിനഞ്ചാം വയസിൽ സിനിമയിൽ നായികയായതോടെയാണ് ബേബി എന്ന എന്ന വിശേഷണം പേരിൽനിന്ന് ഉപേക്ഷിച്ചത്. പ്രശസ്ത നിർമാതാവ് ദാൽസുഖ് എം. പഞ്ചോളിയുടെ ഉറുദു ചിത്രം ഖാൻദാൻ ആയിരുന്നു ആ സിനിമ.
സൂപ്പർഹിറ്റായി മാറിയ ആ ചിത്രത്തിലൂടെ നൂർ ജഹാന്റെ പേര് രാജ്യമെങ്ങും അറിയപ്പെടുന്നതായി. തൂ കോണ്സി ബാദലി മേ മേരേ ചാന്ദ് ഹേ, ലിയേ ജഹാ മേ തുടങ്ങിയ പാട്ടുകൾ പ്രേക്ഷകർ ഹൃദയത്തിലേറ്റുവാങ്ങുകയായിരുന്നു. പാടുന്ന നായികയുടെ ഉദയം ഉജ്വലമായി.
തൊട്ടടുത്ത വർഷം, 1943ൽ നൂർ ജഹാൻ ബോംബേയിലേക്കു മാറി. വിഭജനം വരെയുള്ള നാലുവർഷക്കാലം ക്ലാസിക്കുകൾ എന്നുറപ്പിക്കാവുന്ന സിനിമകളുടെയും പാട്ടുകളുടെയും ഭാഗമായി അവർ. ആവാസ് ദേ കഹാ ഹേ, ജവാ ഹേ മൊഹബത്ത് ആജ് കീ രാത്, സാസ് ഏ ദിൽ തുടങ്ങി അക്കാലത്തെ പാട്ടുകൾ അതിർത്തിക്കപ്പുറവും ഇപ്പുറവും ഒരുപോലെ പ്രിയങ്കരമാണിപ്പോഴും. അന്ന് അത്ര പ്രശസ്തിയിലേക്കുയർന്നിട്ടില്ലാത്ത മുഹമ്മദ് റഫിക്കൊപ്പം പാടിയ യഹാ ബദ്ലാ വഫാ കാ എന്ന പാട്ടിനുമുണ്ട് ഇന്നും ആരാധകർ.
ദിലീപ് കുമാറിനൊപ്പം അഭിനയിച്ച ജുഗ്നൂ എന്ന ചിത്രത്തിലേതാണ് ഈ ഗാനം. വിഭജനസമയത്ത് രാജ്യമെങ്ങുമുള്ള തിയറ്ററുകളിൽ നിറഞ്ഞസദസുകളിൽ പ്രദർശനം തുടരുകയായിരുന്നു ജുഗ്നൂ.
ലാഹോറിലേക്ക്
കരിയറിന്റെ ഉന്നതിയിൽ നിൽക്കുന്ന സമയമായിട്ടും വിഭജനത്തോടെ ലാഹോറിലേക്കു പോകാൻ നൂർ ജഹാൻ തീരുമാനിച്ചു. സിനിമയിലുണ്ടായിരുന്ന പലരും ബോംബെയിൽ തുടരാനുറച്ച സാഹചര്യത്തിൽ നൂർ ജഹാന്റേത് അദ്ഭുതപ്പെടുത്തിയ തീരുമാനമായിരുന്നു.
ലാഹോർ സിനിമകളുടെ കേന്ദ്രമായിരുന്നെങ്കിലും സങ്കീർണമായ ഒട്ടേറെ സാഹചര്യങ്ങളെ അതിജീവിച്ചശേഷമാണ് അവർക്ക് അവിടെയൊരു സുരക്ഷിത സ്ഥാനമുറപ്പിക്കാനായത്. തുടർന്ന് ഹിറ്റുകൾ പിറന്നെങ്കിലും 1950ഓടെ ഇരു രാജ്യങ്ങൾ തമ്മിൽ സിനിമകൾ പങ്കിടുന്നത് നിർത്തിയതോടെ ആരാധകർ നിരാശരായി.
അക്കാലത്ത് റേഡിയോ സിലോണ് മാത്രമായിരുന്നു അവർക്ക് നൂർ ജഹാന്റെ പാട്ടുകൾ കേൾക്കാനുള്ള ആശ്രയം. പിൽക്കാലത്ത് അഭിനയം അവസാനിപ്പിക്കുകയും പിന്നണിഗാന രംഗത്തുമാത്രം ശ്രദ്ധ പതിപ്പിക്കുകയും ചെയ്തു നൂർ ജഹാൻ. പാക്കിസ്ഥാനി സംഗീതത്തിലെ റാണിയായി അവർ തുടർന്നു. ഇന്ത്യയടക്കം ഒട്ടേറെ രാജ്യങ്ങളിൽ പാട്ടുകളുമായെത്തി.
അസുഖബാധിതയായതിനെത്തുടർന്നാണ് വേദികളിൽനിന്നു പിൻവാങ്ങിയത്. പാക്കിസ്ഥാനിലെ ആദ്യ വനിതാ സംവിധായികയും അവരാണ്. 2000 ഡിസംബറിൽ ഹൃദയാഘാതം അവരുടെ ജീവനെടുത്തു. കറാച്ചിയിൽ അവരുടെ സംസ്കാരച്ചടങ്ങുകൾ കാണാൻ നാലു ലക്ഷത്തോളംപേർ എത്തിയെന്നാണ് കണക്ക്. മെലഡി ക്വീൻ എന്ന പേര് എത്രമാത്രം അന്വർഥമായിരുന്നെന്ന് അതു തെളിയിക്കുന്നു.