റെബേക്ക-നോവൽ അധ്യായം- 1
Sunday, September 21, 2025 6:19 AM IST
സഞ്ചാരപ്രിയയാണ്. ഓരോ സീസണിലും അനുകൂല കാലാവസ്ഥ നോക്കി ഫ്രാൻസ്, അമേരിക്ക, ഇറ്റലി, ഇംഗ്ലണ്ട് എന്നിവിടങ്ങളിൽ സുഖവാസത്തിനെത്തുന്ന ധനികയാണ് മിസിസ് വാൻ ഹോപ്പർ. വയോധികയാണെങ്കിലും സീസണ് ആരംഭിച്ചാൽ യാത്രയ്ക്കുള്ള ഉത്സാഹമായി. അതിന്റെ ഒരുക്കങ്ങളായി.
അവരുടെ തുണയായിട്ടോ പരിചാരികയായിട്ടോ ആണ് ഞാൻ ഒപ്പം യാത്ര ചെയ്യുന്നത്. മുന്പൊരിക്കൽ എന്നോടു പറഞ്ഞു: ""എന്റെ മകളുടെ പ്രായമേ നിനക്കുള്ളൂ. നിന്നെ എനിക്ക് ഇഷ്ടമാണ്. എന്റെ ഇംഗിതങ്ങൾ മനസിലാക്കി പ്രവർത്തിക്കാൻ നിനക്കറിയാം. നീ എന്റെ ഒപ്പമുള്ളത് എനിക്കു വലിയ ബലവും ആശ്വാസവുമാണ്.''സന്തോഷത്തോടെ ഞാൻ പറഞ്ഞു: ""താങ്ക് യൂ മാഡം.''
ഇറ്റലിയിലെ മോണ്ടി കാർലോയിലെ ഒരു ഹോട്ടലിലാണ് ഞങ്ങൾ ഇപ്പോൾ താമസിക്കുന്നത്. മുൻവർഷങ്ങളിലും അങ്ങനെതന്നെ. ഹോട്ടൽ ചെറുതാണെങ്കിലും അതിന് പേരും പ്രശസ്തിയും പാരന്പര്യവുമുണ്ട്. അതിനാൽ വിഐപികളായ പലരും അവിടെവന്നു താമസിക്കാറുണ്ട്.
എന്റെ മാഡത്തിനു തടിച്ച ശരീരപ്രകൃതിയാണ്. അതിനനുസരിച്ചുള്ള വസ്ത്രങ്ങളാണ് ധരിക്കുക. നല്ല ഇറക്കവും അയവുമുള്ള ബ്ലൗസും സ്കർട്ടും ധരിക്കുന്നതിനാൽ ശരീരഭാഗങ്ങൾ പ്രത്യേകം ശ്രദ്ധിക്കപ്പെടില്ല.
റെസ്റ്റോറന്റിലെ ഒരു മൂലയിൽ ജനാലയ്ക്കടുത്തുള്ള ടേബിളിനോടു ചേർന്നാണ് മാഡം ഇരിക്കാറ്. അതാണ് പതിവുള്ള ഇരിപ്പിടം. ഒരേസമയം ഇടത്തോട്ടും വലത്തോട്ടും നോക്കാനും മറ്റുള്ളവരുടെ കുറ്റവും കുറവും കണ്ടുപിടിക്കാനും വിമർശിക്കാനും സൗകര്യമാണ് അവിടത്തെ ഇരിപ്പ്.
എന്തെങ്കിലും ക്രമക്കേട് കണ്ടാൽ യൂണിഫോമിട്ട പരിചാരകരെ മാഡം അരികിലേക്കു വിളിച്ചുവരുത്തി ഗുണദോഷിക്കും. ചിലപ്പോൾ മൂർച്ചയേറിയ സ്വരത്തിൽ ശാസിക്കും. ഹോട്ടൽ അധികാരികൾക്ക് ഉള്ളാലെ അതിഷ്ടവുമാണ്.
ഞങ്ങളിരിക്കുന്നതിന്റെ അപ്പുറത്തുള്ള ടേബിൾ മൂന്നു ദിവസമായി ഒഴിഞ്ഞുകിടക്കുകയാണ്. ഞാനതു പ്രത്യേകം ശ്രദ്ധിച്ചു. ഏതെങ്കിലും പ്രമുഖ വ്യക്തികൾക്കായി മുൻകൂട്ടി റിസർവ് ചെയ്തതായിരിക്കും. എന്റെ ലഞ്ച് വേഗം കഴിഞ്ഞു. മിസിസ് വാൻഹോപ്പർ സമൃദ്ധമായി ഭക്ഷണം കഴിക്കുന്ന കൂട്ടത്തിലാണ്.
വിവിധ ഇനങ്ങൾ സമയമെടുത്ത് രുചിയോടെ അവർ അകത്താക്കി. ഭക്ഷണം കഴിഞ്ഞ് ഫോർക്കും സ്പൂണും പ്ലേറ്റിൽ വച്ച് എഴുന്നേറ്റു. ഈ മുഹൂർത്തത്തിലാണ് ആ വിഐപി കയറിവന്നത്. പരമയോഗ്യനും സുന്ദരനുമായ ഒരു ദൃഢഗാത്രൻ.
മിസിസ് വാൻഹോപ്പർ അതിശയഭാവത്തിൽ വിടർന്ന കണ്ണുകളോടെ ആഗതനെ നോക്കി. അദ്ദേഹം കൈയുയർത്തി മാഡത്തിന് വന്ദനം പറഞ്ഞു. മാഡം ഉടനെ എന്നോടു പറഞ്ഞു: ""ആരാണെന്നറിയാമോ? ഇതാണ് മാക്സ് ഡി വെൻഡർ. മാൻഡെർലി എന്ന സ്വപ്നഭൂമിയുടെ ഉടമ. തീർച്ചയായും നീ കേട്ടിട്ടുണ്ടാവും. ഹി ഈസ് ഫ്രം ഇംഗ്ലണ്ട്.''
ഞാൻ അതിശയത്തോടെ അദ്ദേഹത്തെ ഉറ്റുനോക്കി. അദ്ദേഹം തന്റെ മുറിയിലേക്കു പോയി.
""അയാളുടെ മുഖം വല്ലാതെ ക്ഷീണിച്ചിരിക്കുന്നതായി തോന്നിയില്ലേ? പാവം! ഭാര്യ മരിച്ചിട്ട് ഒരു വർഷമായിട്ടില്ല. മാൻഡെർലിയുടെ അറ്റത്തുള്ള കടലിൽ കുളിക്കാനിറങ്ങിയതാണ്. മുങ്ങിമരിച്ചു. ആ നഷ്ടബോധമാവാം മുഖത്തെ മ്ലാനഭാവത്തിനു കാരണം.''
(തുടരും)