സ്വപ്നം, സ്നേഹം.. മധുരം
എസ്. മഞ്ജുളാദേവി
Sunday, September 21, 2025 6:34 AM IST
പി. മാധവൻ നായർ എന്ന മധുവിന് വരുന്ന ചൊവ്വാഴ്ച 92-ാം പിറന്നാൾ. കൈയിറക്കമുള്ള ബനിയനും കഴുത്തിലൂടെ ചുറ്റിയ തൂവാലയും പ്രണയത്തിരയടിക്കുന്ന ഹൃദയവുമായി ആരാധകരുടെ നെഞ്ചിലൂടെ പാടി നടക്കുന്ന പരീക്കുട്ടിക്ക് ഇന്നും യൗവനം...
കാലം ചിലപ്പോൾ സുകൃതങ്ങൾ സമ്മാനിക്കും. സിനിമയെ പ്രണയിച്ച, സിനിമയുടെ ഉള്ളാഴങ്ങളിലൂടെ സഞ്ചരിച്ച, വ്യാകരണങ്ങൾ തിരിച്ചറിഞ്ഞ മധുവിനെ പ്രേക്ഷകർക്കു മുന്നിൽ ഇങ്ങനെ അചഞ്ചലനായി നിർത്തുക വഴി കാലം ഒരു മഹാനിയോഗം നിറവേറ്റുകയാകാം.
കഴിഞ്ഞ ഏഴു വർഷമായി തിരുവനന്തപുരം നഗരത്തിലെ കണ്ണമ്മൂലയിലെ സ്വന്തം വസതിയായ ശിവഭവനിൽ വിശ്രമജീവിതത്തിലാണ് മഹാനടൻ. എന്നാൽ മലയാള ചലച്ചിത്രലോകവും ആരാധകരും മധുവിനരികിലേക്ക് ഒഴുകിയെത്തുന്ന കാഴ്ചയാണ് മിക്കപ്പോഴും കാണാനാവുക.
ഓണവും വിഷുവും പിറന്നാളും "ചെമ്മീൻ' ഉൾപ്പെടെ മലയാള സിനിമയുടെ സുവർണ വർഷങ്ങളും എല്ലാം പ്രിയ നടനോടൊപ്പംചേർന്ന് ആഘോഷിക്കുന്ന വലിയൊരു വിഭാഗം ആരാധകരുണ്ട്. പുറമേയുള്ള ഗൗരവഭാവം മാറ്റിവച്ച്, തന്റേതായ ചിട്ടകൾ മാറ്റിവച്ച് മധുസാർ അവർക്കൊപ്പം കൂടുന്നു.
മാനസമൈനേ വരൂ എന്ന അനശ്വരപ്രണയഗാനവും ശ്യാമസുന്ദര പുഷ്പമേ എന്ന വിരഹഗാനവും ചിറകടിക്കുന്നതിനു നടുവിലിരുന്ന് പിറന്നാൾ മധുരം നുകരുന്നു. ആരാധകരുടെ സ്നേഹവലയത്തിൽ ചിലപ്പോൾ ബന്ധിതനാവുകയും ചെയ്യുന്നു.
1933 സെപ്റ്റംബർ 23നു ഗൗരീശപട്ടത്ത് കീഴതിൽ വീട്ടിൽ മുൻ മേയർ ആർ. പരമേശ്വരൻ പിള്ളയുടെയും തങ്കമ്മയുടെയും മൂത്ത മകനായി ജനിച്ച പി. മാധവൻ നായർ എന്ന മധുവിന് ഈ 23ന് 92-ാം പിറന്നാൾ.
കൈയിറക്കമുള്ള ബനിയനും കഴുത്തിലൂടെ ചുറ്റിയ തൂവാലയും പ്രണയത്തിരയടിക്കുന്ന ഹൃദയവുമായി ആരാധകരുടെ നെഞ്ചിലൂടെ പാടിപ്പാടി നടക്കുന്ന പരീക്കുട്ടിക്ക് പക്ഷേ, ഇന്നും യൗവനം.
1963 ഫെബ്രുവരി 17 നു പുറത്തുവന്ന "നിണമണിഞ്ഞ കാല്പാടുകൾ' എന്ന ചിത്രത്തിലൂടെ സിനിമാപ്രവേശം. നടനായും സംവിധായകനായും നിർമാതാവായും മലയാള സിനിമാലോകം അടക്കിവാണ മധു സംസാരിക്കുന്നു.
വീണ്ടുമൊരു പിറന്നാൾകൂടി എത്തുകയാണല്ലോ. പിറന്നാളുകൾ പൊതുവേ ആഘോഷമാക്കുന്ന ഒരു പ്രകൃതമല്ല മധുസാറിന്റേത് ?
അതേ. കന്നിമാസത്തിലെ ചോതി നക്ഷത്രത്തിലാണ് എന്റെ ജനനം. കുട്ടിക്കാലത്ത് പിറന്നാൾ ദിനത്തിൽ ഉച്ചയൂണിനൊപ്പം അമ്മൂമ്മ (കല്യാണിക്കുട്ടിയമ്മ) ഉണ്ടാക്കുന്ന പായസം കാണും. എന്റെ വീടിനടുത്താണ് ഗൗരീശപട്ടം ശ്രീമഹാദേവക്ഷേത്രം. കുട്ടിയായിരിക്കുമ്പോൾ മിക്കവാറും ദിവസങ്ങളിൽ ക്ഷേത്രത്തിൽ തൊഴാൻ പോയിരുന്നു. പിറന്നാൾദിവസം രാവിലെ വഴിപാടോ അർച്ചനയോ നടത്തും.
പിന്നീട് കുറേക്കാലം പഠനവും ജോലിയുമൊക്കെയുമായി ബന്ധപ്പെട്ട് ബനാറസ്, നാഗർകോവിൽ, ഡൽഹി എന്നിവിടങ്ങളിലായിരുന്നു. തുടർന്ന് സിനിമാജീവിതമായി. ഷൂട്ടിംഗ് ലൊക്കേഷനുകളിൽ ജന്മദിനാഘോഷം നടത്തുന്ന പതിവുമുണ്ടായിരുന്നില്ല. വീട്ടിൽ സാധാരണ വീടുകളിലുള്ളതുപോലെ പായസം കാണും. അത്രയൊക്കെ മാത്രം.
ഇപ്പോൾ മധുസാറിന്റെ പിറന്നാൾ മലയാളം ഒന്നാകെ ആഘോഷിക്കുകയാണല്ലോ. പിറന്നാളിനൊപ്പം കൂടാൻ സൂപ്പർ സ്റ്റാറുകൾ ഉൾപ്പെടെയുള്ളവർ ശിവഭവനത്തിലെത്തിയിട്ടുണ്ട്. നവതി ആഘോഷമാകട്ടെ ചലച്ചിത്രലോകം വൻ ആഘോഷമായും മാറ്റിയിരുന്നു. ഓരോ പിറന്നാൾ ദിനത്തിലും കണ്ണമ്മൂലയിലെ വീട്ടിൽ ആരാധകരുടെ വൻ തിരക്കാണല്ലോ കാണുന്നതും?
സന്തോഷമുണ്ട്. ഒരു നടനായി തീരുക എന്നത് എന്റെ സ്വപ്നമായിരുന്നു. ജീവിതാഭിലാഷമായിരുന്നു. ആ സ്വപ്നം നിറവേറ്റപ്പെട്ടു. നടനായതുകൊണ്ട് ലഭിക്കുന്ന സ്നേഹമാണ് പിറന്നാളുകളിലും വന്നെത്തുന്നത്.
വിഖ്യാത സംവിധായകനായ അടൂർ ഗോപാലകൃഷ്ണൻ ഈയടുത്ത് പറഞ്ഞത് മധുവിനെപ്പോലെ ഇത്രയധികം കാലം ഇത്രയധികം പ്രേക്ഷകരുടെ സ്നേഹവും ആരാധനയും അനുഭവിക്കാൻ സാധിച്ച മറ്റൊരു നടനില്ല എന്നാണ്. കാലം നല്കിയൊരു ഭാഗ്യമായി ഇതിനെ കാണുകയാണോ ?
ദീർഘകാലം ജീവിച്ചിരിക്കുക എന്നത് ഭാഗ്യമായിട്ടൊന്നും കരുതുന്നില്ല. സത്യൻസാറും പ്രേംനസീറും ഉൾപ്പെടെയുള്ള മഹാന്മാർ നേരത്തേ പോയവരാണ്. പിന്നെ ഈ ഭൂമിയിൽ ജീവിച്ചിരിക്കുമ്പോൾ നടനെന്ന നിലയിൽ പ്രേക്ഷകരോട് ചില ഉത്തരവാദിത്തങ്ങളുണ്ട്.
സിനിമയിൽ സജീവമായിരിക്കുമ്പോഴായാലും വിശ്രമജീവിതത്തിലായാലും ഒരു വ്യക്തിയെന്ന നിലയിൽ നമ്മുടെ താത്പര്യങ്ങളോ ഇഷ്ടങ്ങളോ നോക്കാതെ പ്രേക്ഷകർക്കായി ജീവിക്കേണ്ടിവരും, പെരുമാറേണ്ടി വരും. ചിരിക്കാൻ തോന്നിയില്ലെങ്കിലും ചിരിക്കണം. ആഘോഷങ്ങളിൽ പങ്കെടുക്കണം. അതിന്നും തുടരുന്നു.
ദുരന്തനായകനായ ചെമ്മീനിലെ പരീക്കുട്ടിയെയും മനഃസാക്ഷി തൊട്ടുതീണ്ടിയിട്ടില്ലാത്ത ഞാൻ ഞാൻ മാത്രം എന്ന ചിത്രത്തിലെ ബ്രിഗേഡിയർ ചന്ദ്രൻ പിള്ളയെയും ഒരുപോലെ വിജയിപ്പിച്ച മധുസാർ അഭ്രപാളിയിൽ അനശ്വരമാക്കിയത് നൂറുകണക്കിന് കഥാപാത്രങ്ങളെയാണ്. എങ്കിലും ഹൃദയമിടിപ്പിൽ ചേർന്നുപോയ ഒരു കഥാപാത്രമുണ്ടോ?
അങ്ങനെ പ്രത്യേകിച്ചൊരു കഥാപാത്രത്തെ മാത്രമായി എടുത്തുപറയാൻ കഴിയില്ല. ചെമ്മീനിലെ പരീക്കുട്ടിയും ഉമ്മാച്ചുവിലെ മായനും ഭാർഗവീനിലയത്തിലെ സാഹിത്യകാരനും ഉൾപ്പെടെ ഒരുപാട് കഥാപാത്രങ്ങളുണ്ട്. പിൽക്കാലത്തു വന്ന സിനിമകളെടുത്താൽ ജയരാജിന്റെ കുടുംബസമേതത്തിലെ വടക്കേപ്പാട്ട് രാഘവക്കുറുപ്പ് നന്നായി അഭിനയസാധ്യതയുള്ള കഥാപാത്രമായിരുന്നു.
വളരെ നർമബോധമുള്ള നടനാണെന്ന് ഒപ്പമഭിനയിച്ച നായികമാർ പലരും പറഞ്ഞിട്ടുണ്ട്. മധുസാറിന്റെ നായികമാരായ ഷീല, ശാരദ, ജയഭാരതി, ശ്രീവിദ്യ, വിധുബാല തുടങ്ങിയവരെല്ലാവരും ഒരുപോലെ പറയുന്ന കാര്യമാണിത്. എന്താണ് ഈ നർമത്തിന്റെ ഉറവിടം?
ഉള്ളിൽനിന്നു വരുന്നത് പറയുമ്പോൾ അത് നർമമായി മാറുന്നുവെന്നേയുള്ളു. ബോധപൂർവം നർമം പറയുന്നതല്ല.
ഗൗരവമുള്ള രംഗം ചിത്രീകരിക്കുന്നതിനു മുമ്പ് ആ രംഗത്തെപ്പോലും നർമമാക്കി മാറ്റി എല്ലാവരെയും ചിരിപ്പിക്കുന്ന മധുസാറിനെക്കുറിച്ചും പറഞ്ഞുകേൾക്കാറുണ്ട്. വൈകാരിക തീവ്രതയേറിയ രംഗത്തെ വളരെ ലാഘവത്തോടെ കണ്ടശേഷം ആക്ഷൻ പറയുമ്പോൾ നായകന്റെ ഭാവങ്ങളിലേക്കു പ്രവേശിക്കുക എളുപ്പമാണോ. ഷൂട്ടിംഗ് ലൊക്കേഷനിലിരിക്കുമ്പോൾ നായകനായി മാറാനുള്ള തയാറെടുപ്പുകൾ നടത്തിയില്ലെങ്കിൽ അഭിനയം വിജയിക്കുമോ?
വിജയിക്കണം. ഇല്ലെങ്കിൽ ആളൊരു ആർട്ടിസ്റ്റല്ല എന്നാണർഥം. കാമറ ചലിക്കുന്ന നിമിഷത്തിൽ നടനായി മാറാൻ കഴിയണം.
നടൻ കഥാപാത്രമായി പരകായപ്രവേശനം നടത്തുക, സ്വയംമറന്ന് കഥാപാത്രമായി മാറുക എന്നതിനെക്കുറിച്ച് പലരും പറയാറുണ്ടല്ലോ?
ഒരു അഭിനേതാവിനും സ്വയംമറന്ന് അഭിനയിക്കാൻ കഴിയില്ല. നാടകത്തിലാണെങ്കിൽ ഒരു സ്റ്റേജിലാണ് നമ്മൾ നില്ക്കുന്നത് എന്നും നമ്മുടെ മുന്നിൽ നാടകാസ്വാദകർ ഉണ്ട് എന്നുമുള്ള തിരിച്ചറിവുണ്ട്. സിനിമയിലാണെങ്കിൽ കാമറയ്ക്കു മുന്നിൽനിന്ന് അഭിനയിക്കുകയാണെന്ന ബോധം അഭിനേതാക്കൾക്കുണ്ട്. അതുകൊണ്ടുതന്നെ ആത്മവിസ്മൃതി സംഭവിക്കുന്നില്ല.
കഥാപാത്രങ്ങൾ അഭിനേതാക്കളെ പിന്തുടരുന്നതിനെക്കുറിച്ച് പറയാറുണ്ടല്ലോ. പരീക്കുട്ടിയും മായനും ഉൾപ്പെടെ താങ്കൾ ജീവൻ പകർന്ന അനശ്വര കഥാപാത്രങ്ങൾ ഹോണ്ട് ചെയ്തിട്ടുണ്ടോ?
അങ്ങനെയൊരു പിന്തുടരൽ ഉണ്ടായിട്ടില്ല. സിനിമയിലാണെങ്കിൽ ഒന്നരമിനിറ്റ്, ഏറിയാൽ മൂന്നു മിനിറ്റ് മാത്രം നീളുന്നതാണ് ഒരു ഷോട്ട്. പിന്നീട് ഇടവേള കഴിഞ്ഞല്ലേ വീണ്ടും അഭിനയം. സിനിമയിലെ അഭിനയം ഒരു മുഴുനീള പ്രവർത്തനമല്ലല്ലോ.
അതുകൊണ്ടുതന്നെ കഥാപാത്രങ്ങളായി ജീവിക്കുക. കഥാപാത്രങ്ങൾ നടനെയോ, നടിയെയോ പിന്തുടരുക എന്ന അവസ്ഥ ഉണ്ടാകാനുള്ള സാഹചര്യം കുറവാണ്. നാടകത്തിലാണെങ്കിൽ നീണ്ട സമയം അഭിനേതാവ് കഥാപാത്രമായി മാറുന്നുണ്ട്. അത്രയും സാധ്യതപോലും സിനിമയിലില്ല.
സിനിമയിൽ അഭിനയിക്കുന്ന നടിമാരുടെ സൗകര്യവും സുരക്ഷിതത്വവും വളരെയേറെ ശ്രദ്ധിക്കുന്ന ഒരു സംവിധായകൻ കൂടിയാണ് മധുസാർ എന്ന് നടി വിധുബാല പറഞ്ഞിട്ടുണ്ട്. പുതിയ സിനിമാകാലത്തുനിന്ന് തിരിഞ്ഞു നോക്കുമ്പോൾ ഈ ഒരു സ്നേഹ ഇടത്തിനു വളരെ പ്രസക്തിയുണ്ട്. ഒരു നായകനടൻ കൂടിയായ സംവിധായകനായതുകൊണ്ട് അഭിനേതാക്കളുടെ പ്രശ്നങ്ങൾ തിരിച്ചറിയാൻ കൂടുതൽ എളുപ്പമായിരുന്നോ?
തീർച്ചയായും. അത് സ്വാഭാവികമാണല്ലോ. പിന്നെ എപ്പോഴും പറയാറുള്ളതുപോലെ മുൻകാലത്ത് നിർമാതാവും സംവിധായകനും അഭിനേതാക്കളും ഉൾപ്പെടെ സിനിമയുടെ ഭാഗമായവർ ഒരു കുടുംബംപോലെ ഒന്നിച്ചുകഴിഞ്ഞവരാണ്.
ഇന്നത്തെപ്പോലെ മൊബൈൽഫോണുകളിൽ തലപൂഴ്ത്തിയിരിക്കുന്ന കാലവുമല്ലല്ലോ. തമാശ പറഞ്ഞും ചിരിച്ചും ഒന്നിച്ചു ജീവിച്ചു. നമ്മുടെ വീടിനുള്ളിലാണെങ്കിൽ കുടുംബാംഗങ്ങളുടെ കാര്യങ്ങളിൽ ഗൃഹനാഥൻ വളരെ ശ്രദ്ധിക്കാറില്ലേ. ഏതാണ്ട് അതുപോലൊരു റോളായിരുന്നു സംവിധായകനും.
ചെന്നൈയിലെ സിനിമാജീവിതത്തിനും ഷൂട്ടിംഗ് തിരക്കിനുമിടയിൽ, അഭിനയിച്ച സിനിമകളിൽ ഒരു നല്ല ശതമാനവും കണ്ടിട്ടില്ല എന്നു താങ്കൾ പറഞ്ഞിട്ടുണ്ട്. ഇനി നാല്പതു ശതമാനംകൂടി കാണാൻ ബാക്കിയുണ്ടെന്നും മുമ്പൊരിക്കൽ പറഞ്ഞതോർമിക്കുന്നു. ഇപ്പോൾ വലിയൊരു ശതമാനം കണ്ടു കഴിഞ്ഞോ?
ഇപ്പോഴും കണ്ടുകൊണ്ടിരിക്കുന്നു. സിനിമാഭിനയം പോലെ എന്നിൽ ഇഴചേർന്നതാണ് സിനിമ കാണലും. രാത്രികാലങ്ങളിൽ പഴയ ചലച്ചിത്രങ്ങൾ കാണുന്ന പതിവുണ്ട്. കൂട്ടത്തിൽ റിലീസായ സമയത്ത് കാണാൻ കഴിയാതിരുന്ന ഞാൻ അഭിനയിച്ച സിനിമകളും.
ഞാൻ സംവിധാനംചെയ്ത ചിത്രങ്ങൾ രണ്ടുമൂന്നു തവണ കണ്ടിട്ടുണ്ട്. ചെന്നൈയിലെ സിനിമാ തിരക്കുകൾക്കിടയിൽ കേരളത്തിൽ റിലീസ് ചെയ്ത ഞാൻ അഭിനയിച്ച സിനിമകളാണ് കാണാൻ കഴിയാതിരുന്നത്. ഡബ്ബിംഗിനിടയിൽ ചില ഭാഗങ്ങൾ കണ്ടിട്ടുണ്ട് എന്നു മാത്രം. അത്തരം സിനിമകൾ ഇപ്പോൾ വീട്ടിലിരുന്നു കാണുന്നു.