ബാബിലോണിനും ജയ്പുരിനും യുനെസ്കോയുടെ പൈതൃകപദവി
Sunday, July 7, 2019 10:22 AM IST
മെസപ്പൊട്ടോമിയൻ സംസ്കാരത്തിന്റെ ഭാഗമായിരുന്ന ബാബിലോൺ നഗരത്തിനും രാജസ്ഥാൻ തലസ്ഥാനമായ ജയ്പൂരിനും യുനെസ്കോയുടെ ലോക പൈതൃകപദവി. 4000 വർഷം പഴക്കമുള്ള ബാബിലോൺ നഗരം ഇറാക്കിലെ ബാബിൽ പ്രവിശ്യയിലെ ഹില്ലയിലാണു സ്ഥിതി ചെയ്യുന്നത്.
ബാബിലോണിനു ലോകപൈതൃക പദവി ലഭിക്കാനായി 1983 മുതൽ ഇറാക്ക് ശ്രമിക്കുന്നതാണ്. പൗരാണിക കാലത്തെ ഏഴു മഹാദ്ഭുതങ്ങളിലൊന്നായി പറയപ്പെടുന്ന തൂക്കു പൂന്തോട്ടം ബാബിലോണിലായിരുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു. ഹമുറാബി, നബുക്കദ്നേസർ തുടങ്ങി ചരിത്രപ്രാധാന്യമുള്ള രാജാക്കന്മാർ ബാബിലോൺ ഭരിച്ചു.

ബാബിലോണിലെ ചരിത്രശേഷിപ്പുകൾ നാശത്തിന്റെ വക്കിലാണെന്നും മികച്ച രീതിയിൽ സംരക്ഷിക്കപ്പെടണമെന്നും യുനെസ്കോ പറഞ്ഞു. സദ്ദാം ഹുസൈനുവേണ്ടി കൊട്ടാരം നിർമിച്ച വേളയിലും പിന്നീട് അധിനിവേശ യുഎസ് സേന താവളമായി ഉപയോഗിച്ചപ്പോഴും ബാബിലോണിന് നാശനഷ്ടങ്ങൾ സംഭവിച്ചു.
യുനെസ്കോയുടെ വേൾഡ് ഹെറിറ്റേജ് കമ്മിയുടെ 43-ാം യോഗത്തിലാണ് ജയ്പൂരിന് യുനെസ്കോ പൈതൃകപദവി നൽകിയതായി പ്രഖ്യപിച്ചത്. ജയ്പുരിന് പൈതൃകപദവി ലഭിച്ചതിൽ ഏറെ സന്തോഷമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിലൂടെ അറിയിച്ചു.

ജയ്പുർ സംസ്കാരത്തിന്റെയും ധീരതയുടെയും നഗരമാണെന്നും ജയ്പുരിന്റെ ആതിഥേയ മനോഭാവം ലോകമെന്പാടുമുള്ള ആളുകളെ അങ്ങോട്ടേക്ക് ആകർഷിക്കുന്നുവെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
ഹൈന്ദവ- മുഗൾ പാരന്പര്യങ്ങളുടെയും പാശ്ചാത്യ രീതികളുടെയും സമന്വയം ജയ്പുരിൽ കാണാമെന്ന് യുനെസ്കോയുടെ ഡൽഹിയിലെ ഓഫീസ് അഭിപ്രായപ്പെട്ടു. ഇന്ത്യയുടെ പിങ്ക് സിറ്റിയായും ജയ്പുർ അറിയപ്പെടുന്നു.