തലയിൽ കൂടി ട്രക്ക് കയറിയിറങ്ങിയിട്ടും അത്ഭുതകരമായി രക്ഷപെട്ട ബൈക്ക് യാത്രികൻ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ
Sunday, January 13, 2019 12:42 PM IST
ബൈക്ക് യാത്രക്കിടയിൽ ഹെൽമറ്റ് ധരിക്കേണ്ടതിന്റെ പ്രാധാന്യം എത്രമാത്രമുണ്ടെന്ന് എല്ലാവർക്കുമറിയാം. എന്നാൽ പേരിന് വെറുമൊരു ഹെൽമറ്റ് ധരിച്ചാൽ മാത്രം പോരെന്ന് തെളിവു നൽകുകയാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്ന ഒരു വീഡിയോ.
വഴിയിൽ കൂടി പോകുന്ന ഒരു ട്രക്കിനെ ബൈക്ക് യാത്രികൻ മറികടക്കുവാൻ ശ്രമിക്കുമ്പോഴാണ് ഈ അപകടം സംഭവിച്ചത്. കുറച്ചു മുന്നിലേക്കു പോയ ബൈക്ക് റോഡിനു സമീപമുള്ള നടപ്പുവഴിയിൽ തട്ടി നിലത്തേക്കു വീണു. എന്നാൽ ഇദ്ദേഹം വീണത് ട്രക്കിന്റെ അടിയിലേക്കായിരുന്നു.
ഇയാൾ നിലത്തു വീണയുടൻ തന്നെ ട്രക്കിന്റെ പിൻ ചക്രം തലയിൽ കൂടി കയറിയിറങ്ങി. എന്നാൽ ഇയാൾ അപകടത്തിൽ നിന്നും അത്ഭുതകരമായി രക്ഷപെടുകയാണുണ്ടായത്. കാരണം അദ്ദേഹം ധരിച്ചിരുന്ന ഹെൽമറ്റ് മികച്ചതായിരുന്നു. തലയിൽ കൂടി ട്രക്ക് കയറിയിറങ്ങിയിട്ടും ഇദ്ദേഹത്തിന് യാതൊരു കുഴപ്പവുമുണ്ടായില്ലെന്നുള്ളതാണ് കാണികളെ ഏറെ അമ്പരപ്പിച്ചത്.
പൊതുജന സുരക്ഷയുടെ ഭാഗമായി ഐപിഎസ് ഉദ്യോഗസ്ഥനായ രാജ് തിലക് റൗഷാനാണ് ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. സോഷ്യൽമീഡിയയിൽ വൈറലായിരിക്കുന്ന വീഡിയോയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.