"ഇത്തിരി കൂടി സ്പീഡ് ഉണ്ടാരുന്നേൽ വീടും കൂടെ പൊളിഞ്ഞേനെ': പ്രായപൂർത്തിയാകാത്ത കുട്ടി കാറോടിച്ച്, ബൈക്കും വീടിന്റെ മതിലും തകർത്തു
Wednesday, October 15, 2025 1:06 PM IST
മധ്യപ്രദേശിലെ ദേവാസിൽ, ഏകദേശം 14-നും 15-നും ഇടയിൽ പ്രായമുള്ള കുട്ടി വാഹനം ഓടിച്ച് നഗരത്തിൽ പരിഭ്രാന്തി പരത്തിയ സംഭവം ഞെട്ടലോടെയാണ് അധികൃതരും നാട്ടുകാരും നോക്കിക്കാണുന്നത്. തിരക്കേറിയ റോഡിലാണ് നാടകീയമായ ഈ അപകടം അരങ്ങേറിയത്. മിഡ്-സൈസ് എസ്യുവിയായ ഹ്യുണ്ടായ് ക്രെറ്റയാണ് അപകടത്തിൽപ്പെട്ടത്.
സ്കൂൾ സമയത്ത് അമിതവേഗത്തിൽ പാഞ്ഞുവന്ന കാർ പെട്ടെന്ന് നിയന്ത്രണം വിട്ട് എതിർവശത്തു നിന്നും വരികയായിരുന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്ക് പൂർണമായും തകർന്നു. തുടർന്ന് കാർ അടുത്തുള്ള ഒരു വീടിന്റെ മതിലിലേക്ക് ഇടിച്ചുകയറി. വലിയ ശബ്ദം കേട്ട് വീട്ടിലുള്ളവരും പരിസരവാസികളും ഓടിക്കൂടി.
ബൈക്ക് യാത്രക്കാരൻ അത്ഭുതകരമായി വലിയ പരിക്കുകളില്ലാതെ രക്ഷപെട്ടു. രോഷാകുലനായ ബൈക്ക് യാത്രികൻ, ഉടൻ തന്നെ കാറിനടുത്തേക്ക് ഓടിച്ചെന്ന് ഡോർ തുറന്ന് പ്രായപൂർത്തിയാകാത്ത കുട്ടിയെ ചോദ്യം ചെയ്യുന്നത് അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. ഈ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
കൂട്ടം കൂടിയ നാട്ടുകാർ, പ്രായപൂർത്തിയാകാത്ത മകനെ എങ്ങനെയാണ് കാർ ഓടിക്കാൻ അനുവദിച്ചതെന്ന് ചോദിച്ച് കൗമാരക്കാരന്റെ മാതാപിതാക്കളെ ചോദ്യം ചെയ്തതോടെയാണ് സംഭവം കൂടുതൽ വഷളായത്. നഗരത്തിലെ സ്വാധീനമുള്ള കുടുംബാംഗങ്ങളായ മാതാപിതാക്കളുടെ പ്രതികരണം പൊതുജനരോഷം വർദ്ധിപ്പിച്ചു.
"എന്റെ മകൻ വണ്ടി ഓടിക്കും, നിങ്ങൾക്ക് എന്ത് ചെയ്യാൻ കഴിയുമോ അത് ചെയ്തോളൂ'എന്ന കുട്ടിയുടെ അമ്മയുടെ ധിക്കാരപരമായ മറുപടി, സ്ഥലത്ത് വലിയ ബഹളത്തിന് വഴിവെച്ചു. വിവരം അറിഞ്ഞെത്തിയ പോലീസ് സംഘം ഇടപെട്ടാണ് സ്ഥിതി ശാന്തമാക്കിയത്. തുടക്കത്തിൽ കുട്ടിയുടെ കുടുംബം പോലീസുമായി സഹകരിക്കാൻ വിസമ്മതിച്ചതായി റിപ്പോർട്ടുകളുണ്ട്.
ഒടുവിൽ പോലീസ് വാഹനം കസ്റ്റഡിയിലെടുക്കുകയും കുട്ടിയെ ചോദ്യം ചെയ്യാനായി പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയും ചെയ്തു. ലൈസൻസ് ഇല്ലാത്ത പ്രായപൂർത്തിയാകാത്ത വ്യക്തിയെക്കൊണ്ട് വാഹനം ഓടിപ്പിച്ചതിന് മാതാപിതാക്കൾക്കെതിരെയും നിയമനടപടികൾക്ക് സാധ്യതയുണ്ടെന്നാണ് സൂചന.