ഹെൽമെറ്റില്ലാത്ത "കൈവിട്ട കളി': യുവതിക്ക് പോലീസിന്റെ താക്കീതും പിഴയും
Thursday, October 23, 2025 12:36 AM IST
നടുറോഡിൽ യുവതി ജീവൻ പണയം വെച്ച് നടത്തിയ ബൈക്ക് അഭ്യാസവും തുടർന്നുള്ള നിയമനടപടികളും സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയായി മാറിക്കഴിഞ്ഞു. ഹെൽമെറ്റ് ധരിക്കാതെ, അമിത വേഗതയിൽ ബൈക്ക് ഓടിക്കവേ ഹാൻഡിൽ ബാറിൽ നിന്ന് കൈകൾ പൂർണമായി വിട്ട് യാത്ര ചെയ്യുന്ന യുവതിയുടെ ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായത്.
ഈ പ്രകടനം, യുവതിയുടെ ജീവനും അതുപോലെ പൊതുവഴിയിൽ മറ്റ് യാത്രക്കാരുടെ സുരക്ഷയ്ക്കും ഗുരുതരമായ ഭീഷണിയാണുയർത്തിയത്. വീഡിയോ ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ സമൂഹ മാധ്യമങ്ങളിൽ വലിയ പ്രതിഷേധമുയർന്നു.
ഇത്തരം അലക്ഷ്യവും നിയമവിരുദ്ധവുമായ പ്രവൃത്തികൾക്ക് അധികൃതർ കർശന ശിക്ഷ നൽകണമെന്ന് സോഷ്യൽ മീഡിയ ഉപയോക്താക്കൾ ആവശ്യപ്പെട്ടു. പൊതുനിരത്തിലെ ഇത്തരം അപകടകരമായ പ്രകടനങ്ങൾ വലിയ അപകടങ്ങൾക്ക് വഴിവെക്കുമെന്ന ആശങ്കയും പലരും പങ്കുവെച്ചു.
പ്രതിഷേധം ശക്തമായതിനെ തുടർന്ന് പോലീസ് ഉടൻ തന്നെ നടപടിയിലേക്ക് കടന്നു. വീഡിയോ ചിത്രീകരിച്ച സ്ഥലം ഉൾപ്പെടെ കൃത്യമായി കണ്ടെത്തിയ പോലീസ്, അഭ്യാസപ്രകടനം നടത്തിയ യുവതിയെ തിരിച്ചറിഞ്ഞ് ചോദ്യം ചെയ്യാനായി വിളിപ്പിച്ചു.
അഡീഷണൽ ഡിസിപി രാജേഷ് ദണ്ഡോതിയയുടെ ഓഫീസിലാണ് യുവതി ഹാജരായത്. നിയമലംഘനത്തിന്റെ ഗൗരവം കണക്കിലെടുത്ത് യുവതിക്കെതിരെ മോട്ടോർ വാഹന നിയമപ്രകാരം പിഴകൾ ചുമത്തി.
കൂടാതെ, മറ്റ് ചെറുപ്പക്കാർക്ക് തെറ്റായ സന്ദേശം നൽകാതിരിക്കാൻ, സമൂഹ മാധ്യമങ്ങളിൽ നിന്നും ഈ വീഡിയോ എത്രയും പെട്ടെന്ന് നീക്കം ചെയ്യണമെന്ന് പോലീസ് കർശന നിർദ്ദേശവും നൽകി. പൊതുവഴികളിൽ ഇത്തരം അഭ്യാസങ്ങൾ അനുവദിക്കില്ലെന്നും, ഇത്തരം പ്രവൃത്തികൾ ആവർത്തിച്ചാൽ ഭാവിയിൽ കൂടുതൽ ശക്തമായ നിയമനടപടികൾ ഉണ്ടാകുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
റോഡപകടങ്ങൾ കുറയ്ക്കുന്നതിന് എല്ലാവരും ഹെൽമെറ്റ് പോലുള്ള സുരക്ഷാ ഉപകരണങ്ങൾ നിർബന്ധമായും ധരിക്കണമെന്നും ട്രാഫിക് നിയമങ്ങൾ ലംഘിക്കരുതെന്നും റോഡ് സുരക്ഷാ വിദഗ്ധർ പൊതുജനങ്ങളെ വീണ്ടും ഓർമ്മിപ്പിച്ചു.