മുറിക്കൊരു മേക്കോവർ വേണം, എഐയോട് ചോദിച്ചു, അവസാനം ദാ ഇങ്ങനെയായി
Wednesday, April 23, 2025 2:16 PM IST
വീടും വീട്ടിലെ മുറികളുമൊക്കെ ഇടയ്ക്കിടയ്ക്ക് ക്രമീകരിക്കുകയും അതിൽ എന്തെങ്കിലുമൊക്കെ മാറ്റങ്ങൾ വരുത്തുന്നവരുമാണ് പലരും. ഇവിടെ ഒരു യുവതി എഐയുടെ സഹായത്തോടെ മുറിയെ ഭംഗിയാക്കിയിരിക്കുകയാണ്. ഇന്ത്യക്കാരിയായ ബിസിനസുകാരി കാമ്യ ഗുപ്തയാണ് ഇത് ചെയ്തത്. ഇത് എങ്ങനെ ചെയ്തു എന്നതും അവർ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്.
തന്റെ ഇന്റീരിയർ ഡിസൈനറാകാമോ എന്നൊരു ചോദ്യമാണ് ആദ്യം കാമ്യ ചാറ്റ്ജിപിടിയോട് ചോദിക്കുന്നത്. അതോടെ ചാറ്റ്ജിപിടി ഒരു വ്ർച്വൽ ഇന്റീരിയർ ഡിസൈനറായി. ചുമരിൽ ഏതു നിറത്തിലുള്ള പെയിന്റ് അടിക്കണം. മുറിയിലെ ഫർണിച്ചറുകൾ എവിടെയൊക്കെ വയ്ക്കണം. തുടങ്ങിയ നിർദ്ദേശങ്ങളുമായി എഐ കാമ്യയ്ക്ക് ഒപ്പം കൂടി.
കാമ്യ മുറിയിൽ ഉപയോഗിക്കാനാഗ്രഹിക്കുന്ന ഫർണിച്ചരുകളുടെയും മറ്റു ഉപകരണങ്ങളുടെയും ഫോട്ടോയെടുത്ത് ചാറ്റ്ജിപിടിക്ക് കൈമാറി. അവയെല്ലാം എവിടെ വെയ്ക്കണമെന്നുള്ള നിർദ്ദേശവും എഐ നൽകുന്നുണ്ട്. വർഷങ്ങളായി മുറിയെ പുതുമയുള്ളതാക്കണമെന്ന കാമ്യയുടെ ആഗ്രഹമാണ് ഇതോടെ പൂർത്തിയായത്.
എഐയെ കുറിച്ച് കൂടുതൽ പഠിക്കുന്ന ഒരാളെന്ന നിലയ്ക്കാണ് ചാറ്റ്ബോട്ടിന്റെ സഹായം തേടിയതെന്നും അതിന് എഐ തന്നെ ഒരുപാട് സഹായിച്ചുവെന്നും കാമ്യ പറയുന്നു. എഐയോട് നന്ദിയുണ്ട് അതുപോലെ പേടിയും എന്നാണ് യുവതിപറയുന്നത്. എന്തായാലും കാമ്യയുടെ മുറിയുടെ മേക്കോവർ കണ്ട് വീട്ടുകാരു പോലും ഞെട്ടിയിരിക്കുകയാണ്.