ജോലി മാലിന്യം അരിച്ചുപെറുക്കൽ; വരുമാനം ലക്ഷങ്ങൾ
Tuesday, May 6, 2025 2:48 PM IST
ഉപേക്ഷിക്കപ്പെട്ട വസ്തുക്കൾക്കിടയിൽ തെരഞ്ഞ് വിലപിടിപ്പുള്ള വസ്തുക്കൾ കണ്ടെത്തി അതിൽ നിന്നും വലിയൊരു തുക സന്പാദിക്കുന്ന പലരുമുണ്ട്. മുപ്പത്തിയഞ്ചു വയസുകാരിയായ അരിയാന റോഡ്രിഗസും ഇതേ രീതിയിലാണ് സന്പാദിക്കുന്നത്. മൂന്നു കുട്ടികളുടെ അമ്മയാണ് അരിയാന. ഇവർ കഴിഞ്ഞ ആറുമാസത്തിനിടെ 30,000 ഡോളറിലധികം ഏകദേശം 25 ലക്ഷത്തിലധികം രൂപയാണ് ഇങ്ങനെ സ്വരൂപിച്ചത്.
മാലിന്യക്കൂന്പാരത്തിലെ തെരച്ചിലിൽ ഒരു വിന്റേജ് ബർബെറി കോട്ട്, ഏകദേശം 8.3 ലക്ഷത്തിലധികം വിലവരുന്ന ഒരു പിയാനോ തുടങ്ങിയ ഉത്പന്നങ്ങളാണ് ലഭിച്ചത്. മൂന്നു വർഷം മുന്പാണ് അരിയാന ഈ പണി തുടങ്ങിയത്. അവൾ ഫേസ്ബുക്കിലെ ബൈ നതിംഗ് എന്ന ഗ്രൂപ്പിൽ അംഗമായതോടെയാണ് ഇത്തരമൊരു ക്രേസ് തുടങ്ങിയത്.
ഈ ഗ്രൂപ്പിലെ ഉപേക്ഷിക്കപ്പെട്ട വസ്ത്രങ്ങളും മറ്റും തെരുവുകളിൽ നിന്നും കണ്ടെടുക്കുന്ന 'സ്റ്റൂപ്പിംഗി'ൽ തനിക്ക് നല്ല താൽപര്യമുണ്ടെന്നു കണ്ടതോടെ അവൾ അതൊന്നു പരീക്ഷിക്കാൻ തീരുമാനിച്ചു. വൈകാതെ തന്നെ വസ്ത്രങ്ങൾ, കളിപ്പാട്ടങ്ങൾ, വീട്ടുപകരണങ്ങൾ എന്നിവയെല്ലാം അവൾ കണ്ടെത്തി തുടങ്ങി.
ആറ് മാസം മുമ്പ് അൽപ്പം കൂടി ഗൗരവമായി അവൾ കാര്യങ്ങളെ സമീപിക്കാൻ തുടങ്ങി. അങ്ങനെ മാലിന്യക്കൂന്പാരത്തിൽ നിന്നും കണ്ടെടുക്കുന്ന ബാഗുകളും മറ്റും പരിശോധിക്കാൻ തുടങ്ങി. അങ്ങനെ അവൾ 500 ഡോളർ (41,500 രൂപയിൽ കൂടുതൽ) വിലയുള്ള വിന്റേജ് ബർബെറി കോട്ട്, 900 ഡോളർ (74,700 രൂപയിലധികം) വിലയുള്ള പ്രാഡ ഷൂസ്, 3,000 മുതൽ 10,000 ഡോളർ (2.5 ലക്ഷം രൂപ മുതൽ 8.3 ലക്ഷം രൂപ വരെ) വിലയുള്ള ഒരു സോമർ ആൻഡ് കമ്പനിയുടെ പിയാനോ എന്നിവയെല്ലാം കണ്ടെത്തി.
നല്ല വസ്ത്രങ്ങളും മറ്റും അവൾ സംഭാവനയായി നൽകും. ആഡംബര വസ്തുക്കളും മറ്റും തന്റെ വിന്റേജ് സെല്ലിംഗ് ബിസിനസിലൂടെ അവൾ വിൽക്കുകയും ചെയ്യും. ഫർണിച്ചറുകളെല്ലാം കുറേനാൾ ഉപയോഗിച്ച ശേഷവും അവൾ വിൽക്കാറുണ്ട്. ഇങ്ങനെ, വസ്തുക്കൾ തെരഞ്ഞെടുക്കുന്നതും അവ കണ്ടെത്തുന്നതും വിൽക്കുന്നതും എല്ലാം തനിക്ക് ഇഷ്ടമാണെന്നും ആസ്വദിക്കുന്നുണ്ടെന്നുമാണ് അരിയാന പറയുന്നത്.