ഓഫ് എടുത്ത് വീട്ടിലിരിക്കുന്പോൾ ജോലിയിൽ നിന്നും പിരിച്ചു വിട്ടു; ഒടുവിൽ നഷ്ടപരിഹാരമായി 25 ലക്ഷം രൂപ
Wednesday, May 7, 2025 1:55 PM IST
ഒരു ദിവസം ഓഫ് എടുത്ത് വീട്ടിലിരിക്കുന്പോൾ പെട്ടന്ന് ഒരു ഇമെയിൽ സന്ദേശം വരുന്നു. നിങ്ങളെ ജോലിയിൽ നിന്നും പിരിച്ചു വിട്ടു എന്നാണ് സന്ദേശം. സ്വാഭാവികമായും മനുഷ്യർ തകർന്നു പോകുമല്ലേ. ഡെർമലോജിക്ക യുകെയിൽ ജോലി ചെയ്തിരുന്ന ജോവാൻ നീലിനാണ് ഇത്തരമൊരു ദുരനുഭവം നേരിടേണ്ടിവന്നത്.
നീൽ ഉടനെ തന്നെ കേസ് കൊടുത്തു. കേസ് പരിഗണിക്കവേ എംപ്ലോയ്മെന്റ് ട്രൈബ്യൂണൽ പറഞ്ഞത്, ഒരിക്കലും ഇത്തരത്തിൽ ഒരു സ്ഥാപനം ജീവനക്കാരിയെ പിരിച്ചുവിടരുതായിരുന്നു എന്നാണ്. അവരുടെ തൊഴിൽ അവകാശങ്ങൾ നിഷേധിക്കപ്പെട്ടു എന്നും ട്രൈബ്യൂണൽ ചൂണ്ടിക്കാട്ടി.
2022 നവംബറിലാണ് നീലിനെ പിരിച്ചുവിട്ടത്. 2022 ജനുവരിയിൽ അവൾക്ക് മാനസികാരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. പിരിച്ചു വിട്ട വിവരം അറിഞ്ഞതോടെ അവളുടെ മാനസിക നില വീണ്ടും തകരാറിലായി. തന്റെ മാനസികാരോഗ്യം വഷളായതും അവൾ കേസു കൊടുത്ത സമയത്ത് സൂചിപ്പിച്ചിരുന്നു.
മൈക്രോസോഫ്റ്റ് ടീം മീറ്റിംഗിലൂടെയാണ് പിരിച്ചുവിടുന്നു എന്ന വിവരം പുറത്ത് വിട്ടത്. അതിനാൽ തന്നെ ഇതേക്കുറിച്ച് എന്തെങ്കിലും ചോദ്യങ്ങളോ സംശയങ്ങളോ എച്ച് ആറിനോട് ചോദിക്കാൻ പോലും അവസരം ലഭിച്ചിരുന്നില്ല.
എന്തായാലും ഒടുവിൽ നീലിനു നീതി ലഭിച്ചു. ട്രൈബ്യൂണലിന്റെ വിധി നീലിന് അനുകൂലമായിരുന്നു.അവർക്ക് ഏകദേശം 28 ലക്ഷം രൂപ (25,000 പൗണ്ട്) നഷ്ടപരിഹാരമായി നൽകണമെന്നാണ് വിധി.