തന്റെ വീട്ടിലെ ദുർഗന്ധത്തിനു കാരണം അയൽക്കാരൻ ഇന്ത്യൻ വിഭവങ്ങളുണ്ടാക്കുന്നത്; വിചിത്ര വാദവുമായി യുവതി
Wednesday, May 7, 2025 3:35 PM IST
എരിവും പുളിയും മസാലകളുമൊക്കെ ചേർന്നതാണ് ഇന്ത്യക്കാരുടെ ഭക്ഷണം എന്നു പൊതുവേ പറയാറുണ്ട്. അതുകൊണ്ടു തന്നെ അവ പാകം ചെയ്യുന്പോൾ വലിയ തോതിൽ മണവും പുറത്തേക്കു വരാറുണ്ട്. എന്തായാലും ഇന്ത്യക്കാരന്റെ പാചകം കാരണം തനിക്ക് ജീവിക്കാൻ വയ്യെന്നാണ് ഒരു സ്ത്രീയുടെ പരാതി.
ഫ്ലോറിഡയിൽ നിന്നുള്ള ഒരു സ്ത്രീയാണ് അയൽക്കാരൻ വീട്ടിൽ ഇന്ത്യൻ ഭക്ഷണം പാകം ചെയ്യുന്നതാണ് തന്റെ വീട്ടിലെ ദുർഗന്ധത്തിനു കാരണമെന്നു ആരോപിച്ചിരിക്കുന്നത്. ഈ സ്ത്രീ പുതിയതായി വാങ്ങിയതാണ് അപ്പാർട്മെന്റ്. ഇതിനുള്ളിൽ തുടർച്ചയായി ദുർഗന്ധം അനുഭവപ്പെട്ടതോടെയാണ് സമൂഹമാധ്യമങ്ങളിലൂടെ ആരോപണവുമായി യുവതി രംഗത്തെത്തിയത്.
യുവതിയുടെ പേര് എറിക്ക ബി എന്നാണ്. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് യുവതി. ഈ പ്രശ്നത്തിന് പരിഹാരം കണ്ടെത്താൻ തന്നെ സഹായിക്കണമെന്നാണ് ഫോളോവേഴ്സിനോടുള്ള യുവതിയുടെ അഭിപ്രായം. അയൽക്കാരൻ തുടർച്ചയായി ഇന്ത്യൻ ഭക്ഷണം പാചകം ചെയ്യുന്നതു മൂലം തനിക്ക് വീടിന്റെ ജനലുകളും വാതിലുകളും തുറന്നിടാൻ വയ്യെന്നും. തുറന്നിട്ടാൽ ഇന്ത്യൻ ഭക്ഷണങ്ങളുടെ അസ്വസ്ഥതപ്പെടുത്തുന്ന മണം വീടിനുള്ളിലേക്ക് കയറുകയാണെന്നും അവർ പറയുന്നു.
എന്തായാലും പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ ചർച്ചയായി. 'ദുർഗന്ധം വരുന്നത് ഇന്ത്യൻ ഭക്ഷണങ്ങളിൽ നിന്നും ആകാൻ ഒരു സാധ്യതയുമില്ലെന്നും സമീപത്ത് എവിടെയെങ്കിലും എലിയോ മറ്റെന്തെങ്കിലും ചത്തു കിടപ്പുണ്ടോ എന്ന് നോക്കൂ എന്നാണ് ചിലർ അഭിപ്രായപ്പെട്ടത്. വീട് മുഴുവൻ വൃത്തിയാക്കണമെന്നുള്ള അഭിപ്രായങ്ങളും ഉയരുന്നുണ്ട്.
സംഭവം വംശീയ ആരോപണത്തിലേക്കു നീണ്ടതോടെ 'എനിക്ക് ഇന്ത്യൻ ഭക്ഷണം വളരെ ഇഷ്ടമാണ്' എന്നുള്ള അഭിപ്രായവുമായി എറിക്ക സ്വയം പ്രതിരോധിക്കാൻ ശ്രമിക്കുന്നുണ്ട്.