സ്ത്രീകളുടെ നാക്കിനു നീളം കൂടുതലാണെന്നു പണ്ടുമുതൽക്കേ പറഞ്ഞുവരുന്ന കാര്യമാണ്. എന്നാൽ ലോകത്തെ ഏറ്റവും നീളമുള്ള നാക്കിന്‍റെ ഉടമ സ്ത്രീയല്ല. ഒരു പുരുഷനാണ്. ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റിക്കാർഡ്സ് അനുസരിച്ച് അമേരിക്കക്കാരനായ നിക്ക് സ്റ്റോബെർ എന്ന യുവാവാണ് ലോകത്തെ ഏറ്റവും നീളമുള്ള നാക്കിന്‍റെ ഉടമ. 10.1 സെന്‍റിമീറ്റർ (3.97 ഇഞ്ച്) ആണു നിക്ക് സ്റ്റോബെറിന്‍റെ നാക്കിന്‍റെ നീളം.

സ്ത്രീകളിൽ ലോകത്തെ ഏറ്റവും നീളമേറിയ നാവിന്‍റെ ഉടമ യുഎസിലെതന്നെ കാലിഫോർണിയയിൽനിന്നുള്ള വിദ്യാർഥിനിയായ ചാനൽ ടാപ്പർ ആണ്. ഇവരുടെ നാക്കിന്‍റെ നീളം 9.75 സെന്‍റിമീറ്റർ (3.80 ഇഞ്ച്) മാത്രം. നിക്ക് സ്റ്റോബെറിനേക്കാൾ .17 ഇഞ്ച് കുറവ്.

കുട്ടിക്കാലം മുതൽതന്നെ തന്‍റെ നാവിന് സാധാരണയിലും കൂടുതൽ നീളമുള്ളതായി മനസിലായിരുന്നതായി നിക്ക് പറയുന്നു. മറ്റാരും അധികം ചെയ്യാത്ത ഒരു കാര്യം കൂടി നിക്ക് തന്‍റെ നീളൻ നാക്കുകൊണ്ട് ചെയ്യും. നാവുപയോഗിച്ച് മനോഹരമായ ചിത്രങ്ങൾ വരയ്ക്കും. നാവിൽ പ്ലാസ്റ്റിക് കവർ ചുറ്റിയശേഷം നാവ് പെയിന്‍റിൽ മുക്കിയാണ് ഇദ്ദേഹം ചിത്രം വരയ്ക്കുക.


ബ്രിട്ടീഷ് ബോഡ് ഗെയിമായ ജെംഗാ ബ്ലോക്സിന്‍റെ അഞ്ച് ബ്ലോക്കുകൾ നാവുപയോഗിച്ച് അതിശയിപ്പിക്കുന്ന വേഗത്തിൽ എടുത്ത് മാറ്റിവയ്ക്കാനും ഇദ്ദേഹത്തിനു കഴിയും.



നീളമേറിയ നാവുള്ള സ്ത്രീയായ ചാനൽ ടാപ്പർ എട്ടു വയസുള്ളപ്പോഴാണ് തന്‍റെ നാവിന് സാധാരണയിൽ കവിഞ്ഞ നീളമുണ്ടെന്നു മനസിലാക്കിയത്. ഹാലോവീൻ ആഘോഷങ്ങൾക്കിടയിൽ നാവ് പുറത്തേക്ക് നീട്ടി അമ്മയ്ക്കൊപ്പം എടുത്ത ചിത്രത്തിലാണ് നാവിന്‍റെ നീളക്കൂടുതൽ കണ്ടെത്തിയതെന്നു ഇവർ പറയുന്നു.