വളർത്തുമൃ​ഗങ്ങളെ സ്വന്തം മക്കളെപോലെ സ്നേഹിച്ച് വളർത്തുന്ന ഒട്ടേറെ ആളുകളുണ്ട്. എന്നാൽ തലയിൽവച്ച് കൊണ്ടു നടക്കുന്ന ആളുകളെ കണ്ടിട്ടുണ്ടോ. താൽക്കാലികമായി വീഡിയോ എടുക്കാൻ വേണ്ടി തലയിൽവെക്കുന്ന കാര്യമല്ല പറയുന്നത്. കേട്ടിട്ട് ചിരി വരുന്നുണ്ടങ്കിൽ ഒന്ന് കേട്ടോളൂ. പ്രാവിനെ തലയിൽ വച്ച് കൊണ്ടു നടന്നയാളുടെ വീഡിയോ എക്സിൽ വൈറലായിരിക്കുകയാണ്.

സം​ഗതി വർഷങ്ങൾക്ക് മുൻപുള്ള വീഡിയോയാണെന്നതാണ് മറ്റൊരു പ്രത്യേകത. ബിബിസിയു‌ടെ ആർക്കൈവ്സിലുണ്ടായിരുന്ന വീഡിയോയാണ് എക്സിൽ വന്നിരിക്കുന്നത്.
ഇംഗ്ലണ്ടിലെ സ്റ്റെക്ഫോർഡിൽ നിന്നുള്ള ടാക്സ് ഇൻസ്പെക്ടറായിരുന്നു ഗ്ലിൻ വുഡാണ് ഇത്തരത്തിൽ പ്രാവിനെ തലയിൽവെച്ച് കൊണ്ടു നടന്നിരുന്നത്. ​

ഗ്ലിൻ തെരുവിലൂടെ നടക്കുമ്പോൾ പ്രാവ് വന്ന് അദ്ദേഹത്തിന്‍റെ തലയിൽ ഇരിക്കുകയായിരുന്നു. 1969 ഒക്ടോബറിലാണ് സംഭവം. നാലഞ്ചു തവണ പ്രാവിനെ തലയിൽ നിന്നും മാറ്റാൻ ശ്രമിച്ചെങ്കിലും ഈ മിണ്ടാപ്രാണി പോകാൻ തയാറായിരുന്നില്ല. ഇക്കാര്യം അന്ന് അദ്ദേഹം ബിബിസിക്ക് നൽകിയ അഭിമുഖത്തിലും പറഞ്ഞു.

അറുപത് ആളുകൾക്കിടയിൽ നിന്നും പോലും പ്രാവ് തന്നെ തിരിച്ചറിയുമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. പ്രാവ് അദ്ദേഹത്തെ വിടാതെ പിന്തുടർന്നതോടെ ​ഗ്ലിനും പിന്നെ തടയാൻ പോയില്ല. പ്രാവ് വന്നിരിക്കുന്ന സമയത്ത് ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്നുവെന്നും പിന്നീട് പ്രാവിനെ ഇരുത്തി തന്നെ ഭക്ഷണം കഴിക്കാൻ ശീലിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ​




ഗ്ലിനിന്‍റെ വീഡിയോ അന്ന് ടിവിയിൽ വന്നപ്പോൾ പ്രാവിന്‍റെ യഥാർത്ഥ ഉടമയായ ഐറിൻ മിയോട്ട്ല അദ്ദേഹത്തെ തേടിയെത്തി. പ്രാവ് വൃത്തികേടാക്കുന്നത് മൂലം താൻ നിരവധി ഷർട്ടും കോട്ടുകളും വാങ്ങേണ്ടി വന്നുവെന്നും അദ്ദേഹം അഭിമുഖത്തിൽ പറഞ്ഞിരുന്നു. പ്രാവിനെ തലയിൽ വെച്ച് തന്നെയാണ് അദ്ദേഹം അഭിമുഖത്തിലും പങ്കെടുത്തത്.