ബാല്യത്തിലെ സൗന്ദര്യ കിരീടം; പ്രശസ്തിയും വിവാദവും വഴിത്തിരിവായ ലോകസുന്ദരിയുടെ കഥ
Thursday, October 23, 2025 7:35 AM IST
ബാല്യകാല താരപദവി പലപ്പോഴും നിഷ്കളങ്കമായ ലോകത്തെയും ആഗോള പ്രശസ്തിയുടെ ലോകത്തെയും തമ്മിൽ കൂട്ടിക്കുഴയ്ക്കാറുണ്ട്. കേവലം ഒമ്പത് വയസിൽ "ലോകത്തിലെ ഏറ്റവും സുന്ദരിയായ പെൺകുട്ടി' എന്ന പേര് നേടിയ ക്രിസ്റ്റീന പിമെനോവയുടെ ജീവിതം, ഈ വൈരുധ്യം എത്രത്തോളമുണ്ടെന്ന് വരച്ചുകാട്ടുന്നു.
കിരീടം ക്രിസ്റ്റീനയ്ക്ക് ലോകശ്രദ്ധ നേടിക്കൊടുത്തെങ്കിലും, അത് അവരുടെ കുടുംബത്തെ ചുറ്റിപ്പറ്റി നിരവധി തീവ്രമായ വിവാദങ്ങൾക്കും വഴിവെച്ചു. ക്രിസ്റ്റീനയുടെ പ്രസിദ്ധിയിലേക്കുള്ള യാത്ര തുടങ്ങുന്നത് മൂന്നാം വയസിലാണ്.
മുൻ മോഡലായ അമ്മ ഗ്ലിഖേരിയ പിമെനോവ, മകളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു തുടങ്ങിയതോടെ, അവരുടെ മനോഹരമായ നീലക്കണ്ണുകളും സ്വർണ നിറമുള്ള മുടിയും ലോകമെമ്പാടുമുള്ള കാഴ്ചക്കാരുടെ ശ്രദ്ധ പെട്ടെന്ന് ആകർഷിച്ചു.
എന്നാൽ, ഈ അംഗീകാരം നേടിയ ചിത്രങ്ങൾ തന്നെ പിന്നീട് വിമർശനങ്ങൾക്ക് കാരണമായി. ബീച്ചിൽ വെച്ചെടുത്ത ചില ഫോട്ടോകളടക്കം, മകളുടെ ചിത്രങ്ങൾ അമ്മ "ലൈംഗികവത്കരിക്കുന്നു' എന്ന് ചില നിരീക്ഷകർ ആരോപിച്ചു. എന്നാൽ ഈ വാദങ്ങൾ ഗ്ലിഖേരിയ സ്ഥിരമായി നിഷേധിച്ചു.
"എന്റെ മകളുടെ എല്ലാ ചിത്രങ്ങളും തികച്ചും നിഷ്കളങ്കമാണെന്ന് എനിക്ക് ഉറപ്പാണ്. അവളോട് പ്രത്യേക പോസുകൾ ചെയ്യാൻ ഞാൻ ഒരിക്കലും ആവശ്യപ്പെട്ടിട്ടില്ല,' 2014-ൽ ഒരു അഭിമുഖത്തിൽ അവർ വെളിപ്പെടുത്തിയിരുന്നു. വിമർശനങ്ങൾക്കിടയിലും ക്രിസ്റ്റീനയുടെ മോഡലിംഗ് ജീവിതം മുന്നോട്ട് കുതിച്ചു.
വോഗ്, അർമാനി, ബർബെറി, ഡോൾസ് & ഗബ്ബാന തുടങ്ങിയ അന്താരാഷ്ട്ര ഫാഷൻ ഭീമന്മാരുമായി അവർ സഹകരിച്ചു പ്രവർത്തിച്ചു, തന്റെ തലമുറയിലെ ഏറ്റവും അറിയപ്പെടുന്ന ബാല മോഡലായി ക്രിസ്റ്റീന സ്വയം മാറി. മോഡലിംഗിനൊപ്പം, റിഥമിക് ജിംനാസ്റ്റിക്സിലും അവർ താൽപര്യം പ്രകടിപ്പിച്ചിരുന്നു.
മോസ്കോയിൽ പരിശീലനം നേടുകയും ഒരു ജിംനാസ്റ്റിക്സ് ടൂർണമെന്റിൽ സ്വർണ മെഡൽ നേടുകയും ചെയ്തിട്ടുണ്ട്. 2015-ൽ ക്രിസ്റ്റീന അമ്മയോടൊപ്പം കാലിഫോർണിയയിലേക്ക് താമസം മാറി. എങ്കിലും, കാലം മുന്നോട്ട് പോയപ്പോൾ ക്രിസ്റ്റീന തന്റെ ശ്രദ്ധ മോഡലിംഗിൽ നിന്നും അഭിനയത്തിലേക്ക് മാറ്റി.
19 വയസുകാരിയായ ക്രിസ്റ്റീന ഇപ്പോൾ മോസ്കോയിലാണ് താമസിക്കുന്നത്, അവിടെ നാടകപഠനം നടത്തുകയും സിനിമകളിൽ സജീവമായി പ്രവർത്തിക്കുകയും ചെയ്യുന്നു. ദി റഷ്യൻ ബ്രൈഡ്, സീക്രട്ട് നെയ്ബർ, ക്രിയേറ്റേഴ്സ്: ദി പാസ്റ്റ് തുടങ്ങിയ ചിത്രങ്ങളിൽ അവർ വേഷമിട്ടു.
തന്റെ കൗമാരത്തിലെ പ്രശസ്തിയെക്കുറിച്ച് സംസാരിച്ച ക്രിസ്റ്റീന, "മോഡലിംഗ് എനിക്ക് വളരെ സ്വാഭാവികമായി സംഭവിച്ചതാണ്. എനിക്കത് വിനോദം പോലെയായിരുന്നു. പുതിയ സുഹൃത്തുക്കളെ ഉണ്ടാക്കാനും ലോകം ചുറ്റാനും അത് അവസരം നൽകി' എന്ന് അഭിപ്രായപ്പെട്ടു.