കാര്‍ഗില്‍ വിജയ് ദിവസ്; ക്യാപ്റ്റന്‍ വിക്രം ബത്രയ്ക്ക് വേറിട്ട ശ്രദ്ധാഞ്ജലിയൊരുക്കി സൈനികര്‍
Wednesday, July 27, 2022 10:28 AM IST
ഒരു ഭാരതീയനെ സംബന്ധിച്ച് ഏറ്റവും ഓര്‍ത്തിരിക്കുന്ന ഒന്നാണല്ലൊ 1999ല്‍ പാക്കിസ്ഥാനെതിരെ നടന്ന കാര്‍ഗില്‍ യുദ്ധവും അതിന്‍റെ വിജയവും. ഇതിനിടയില്‍ നിരവധി ധീര ജവാന്മാര്‍ തങ്ങളുടെ പ്രാണന്‍ രാജ്യത്തിനായി അര്‍പ്പിച്ചിട്ടുണ്ട്. രാജ്യവും ജനങ്ങളും എന്നുമവരോട് കടപ്പെട്ടിരിക്കും.
കാര്‍ഗില്‍ യുദ്ധത്തിലെ വീരന്മാരുടെ കൂട്ടത്തില്‍ എടുത്തുപറയേണ്ട ഒരു പേരാണ് ക്യാപ്റ്റന്‍ വിക്രം ബത്രയുടേത്. കാര്‍ഗില്‍ യുദ്ധ സമയത്ത് പാക് പട്ടാളം കയ്യേറിയ പോയിന്‍റ് 5140 തിരികെപ്പിടിക്കാന്‍ നിയോഗിക്കപ്പെട്ടത് ക്യാപ്റ്റന്‍ വിക്രം ബത്രയുടെ സംഘമാണ്.
"ഒന്നുകില്‍ താന്‍ ത്രിവര്‍ണ പതാക ഉയര്‍ത്തിയിട്ട് തിരിച്ചുവരും അല്ലെങ്കില്‍ അതു പുതച്ച് തിരികെവരും’ എന്നായിരുന്നു അന്ന് അദ്ദേഹം പറഞ്ഞത്. ശത്രു സൈന്യവുമായുള്ള പോരാട്ടത്തിനിടയില്‍ വെടിയേറ്റ അദ്ദേഹം വീര മൃത്യുവരിക്കുകയായിരുന്നു. പിന്നീട് ഏറ്റവും വലിയ സൈനിക ബഹുമതിയായ പരമവീര ചക്ര നല്‍കി രാജ്യം ക്യാപ്റ്റന്‍ വിക്രം ബത്രയെ ആദരിച്ചിരുന്നു.
കാര്‍ഗില്‍ വിജയ് ദിവസാഘോഷത്തിന്‍റെ ഭാഗമായി തിരുവനന്തപുരം പാങ്ങോട് സെെനിക ക്യാമ്പില്‍ ചൊവ്വാഴ്ച വിവിധ പരിപാടികള്‍ നടന്നിരുന്നു. ഇതിനിടയിലാണ് ക്യാപ്റ്റന്‍ വിക്രം ബത്രയ്ക്ക് വേറിട്ടൊരു ശ്രദ്ധാഞ്ജലി അവര്‍ ഒരുക്കിയത്.
വെള്ളത്തിനടിയിലായി 1500 സ്ക്വയര്‍ ഫീറ്റില്‍ അദ്ദേഹത്തിന്‍റെയൊരു ചിത്രം അവര്‍ തീര്‍ത്തു. പ്രശസ്ത ശില്‍പിയായ ഡാവിഞ്ചി സുരേഷാണ് ഈ പോര്‍ട്രേറ്റ് ഒരുക്കയത്. "ബോണ്ട് വാട്ടര്‍ സ്പോര്‍ട്സ് പ്രൈവറ്റ് ലിമിറ്റഡിന്‍റെ സ്കൂബാ ടീമും’ അദ്ദേഹത്തിനൊപ്പം അണിനിരന്നു.
നിലവില്‍ ഈ പോര്‍ട്രേറ്റിന്‍റെ കാര്യം യൂണിവേഴ്സല്‍ റിക്കാര്‍ഡ് ഫോറത്തിന്‍റെ ശ്രദ്ധയില്‍പ്പെടുത്തിയിരിക്കുകയാണ് അധികാരികള്‍. ഏതായാലും ആ വീര യോദ്ധാവിന് ഇത്തരമൊരു സ്മരണ ഒരുക്കിയവരെ അനുമോദിക്കുകയാണ് രാജ്യം.