460 വര്‍ഷം പഴക്കമുള്ള കലാരൂപത്തെ ആക്രി വിലയ്ക്ക് വിറ്റ ജോലിക്കാരനെ പുറത്താക്കി. ഇംഗ്ലണ്ടിലെ സ്റ്റാഫോര്‍ടിലുള്ള സെയ്ഫോര്‍ഡ് ഹാള്‍ എന്ന പ്രഭു കുടുംബത്തിലാണ് ഈ സംഭവം നടന്നത്. 16-ാം നൂറ്റാണ്ടില്‍ തീര്‍ത്ത ഈ വീട്ടില്‍ അതിപുരാതനമായ നിരവധി കരകൗശല വസ്തുക്കള്‍ ഉണ്ട്.

ബ്രയാന്‍ വില്‍സണ്‍ എന്നയാളായിരുന്നു ഇവിടുത്തെ സൂഷിപ്പുകാരന്‍. ടൂഡര്‍ കാലത്തെ കരുവേലകത്തില്‍ തീര്‍ത്ത ഒമ്പത് ഇഞ്ച് പൊക്കമുള്ള കലാശില്പമാണ് ബ്രയാന്‍ കാറില്‍ കച്ചവടം നടത്തിയിരുന്ന ആന്‍ഡ്രൂ പോട്ടര്‍ എന്നയാള്‍ക്ക് ചുളുവിലയ്ക്ക് വിറ്റത്.

ഈ ശില്‌പം അല്‍പം പൊട്ടിയിരുന്നതിനാല്‍ ഇനി തീയെരിച്ചു കളയാനെ ഇടയുള്ളു എന്നാണ് ബ്രയാന്‍ ചിന്തിച്ചത്. അഞ്ച് ദശലക്ഷം പൗണ്ട് വിലയുള്ള കലാരൂപമാണ് ഇയാളിങ്ങനെ വിറ്റു കളഞ്ഞത്.

ഹാളിന്‍റെ പ്രധാന നടത്തിപ്പുകാരനായ ക്രിസ്റ്റഫര്‍ സ്മിത്ത് 2020ല്‍ മാളിക പരിശോധിക്കാന്‍ തീരുമാനിച്ചപ്പോഴാണ് പുരാതന വസ്തു നഷ്ടപ്പെട്ട വിവരം അറിഞ്ഞത്. പരിശോധനാ വേളയിലാണ് ബ്രയാന് തനിക്ക് സംഭവിച്ച അമളി മനസിലായത്.


എന്നാല്‍ മാളികയില്‍ മോഷണം നടന്നെന്നും ഒരു ട്രാക്ടറും, നെരിപ്പോടും ഈ കലാരൂപവും നഷ്ടമായെന്നുമാണ് ബ്രയാന്‍ പരിശോകധനായ റിച്ചാര്‍ഡ് ലിവറിനോട് പറഞ്ഞത്. പോലീസിന്‍റെ പരിശോധനയില്‍ നിന്നുമാണ് മോഷണം നടന്നിട്ടില്ലെന്ന് മനസിലായത്.

സംഭവത്തിന്‍റെ നിജസ്ഥിതി മനസിലാക്കിയ ക്രിസ്റ്റഫര്‍ ബ്രയാനെ പുറത്താക്കുകയായിരുന്നു. ഇതിനെതിരെ കോടതിയെ സമീപിച്ചിരിക്കുകയാണ് ബ്രയാന്‍.

ഇതിനിടെ ആന്‍ഡ്രൂ പോട്ടര്‍ ഈ പുരാവസ്തു ലേലത്തിലൂടെ വില്‍ക്കാന്‍ ശ്രമിച്ചെങ്കിലും സെയ്ഫോര്‍ഡ് ഹാള്‍ പ്രതിനിധികള്‍ അതിന് തടയിട്ടു. ഏതായാലും ജോലിക്കാരന്‍റെ ഈ വിഡ്ഢിത്തം ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലും ചര്‍ച്ചയാവുകയാണ്.