‘ഒരേ നക്ഷത്രം, ഒരേ പുൽക്കൂട് '; അത്തിക്കളം മുറ്റം വിസ്മയക്കാഴ്ചയിടം
Thursday, December 24, 2020 10:38 AM IST
കോട്ടയം ചിങ്ങവനം അത്തിക്കളം പൗലോസിന് പുൽക്കൂട് അതിപൂജ്യമായ ഒരു തിരുശേഷിപ്പാണ്. 55 വർഷത്തിലേറെയായി പുൽക്കൂടിനെ അലങ്കരിക്കാൻ ഒരേ നക്ഷത്രം. ഉണ്ണിയേശുവിന്റെയും യൗസേപ്പിതാവിന്റെയും മേരി മാതാവിന്റെയും രാജാക്കളുടെയും ആട്ടിയൻമാരുടെയും ആടുകളുടെയും രൂപങ്ങൾക്കും പതിറ്റാണ്ടുകളുടെ പഴക്കം.
ഓരോ ക്രിസ്മസ് കഴിയുന്പോഴും ചുളിവും ഒടിവും തട്ടാതെ ഈ നക്ഷത്രത്തെ അതിഭദ്രമായി അഴിച്ചു പെട്ടിയിൽ പൗലോസ് സൂക്ഷിക്കും. രാക്കുളിപ്പെരുന്നാൾ ദിവസം പുൽക്കൂട് അഴിച്ച് രൂപങ്ങളും അലങ്കാര സാധനങ്ങളും തൂത്തുതുടച്ച് തുണിയിൽ പൊതിഞ്ഞു തടിപ്പെട്ടിയിൽ അടച്ചു ഭദ്രമാക്കും. 86 കാരനായ പൗലോസ് മുടക്കമില്ലാതെ പുൽക്കൂട് ഒരുക്കുന്നതിൽ 65-ാം വർഷത്തിലെത്തിയിരിക്കുന്നു.
സംസ്ഥാന വൈദ്യുതി വകുപ്പിലെ മുൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയറായ ഇദ്ദേഹത്തിനു പുൽക്കൂട് വൈദ്യുതി അലങ്കാരത്തിന്റെ ഇടം കൂടിയാണ്. നാലു പതിറ്റാണ്ടു ദീർഘിച്ച സർക്കാർ സർവീസ് കാലത്ത് പലയിടങ്ങളിൽനിന്നു വാങ്ങിയ അലങ്കാര വർണലൈറ്റുകളൊക്കെ കരുതലോടെ സൂക്ഷിക്കുന്നു.
ബത്ലഹേം പാതകളും പച്ചവിരിച്ച കുന്നടിവാരമൊക്കെ അണിയിച്ചൊരുക്കുന്ന കാലാവൈദഗ്ധ്യം ക്രിസ്മസിന് ആഴ്ചകൾ മുൻപേ തുടങ്ങും. മലയും ഗുഹയും പാടവും കുളവുമൊക്കെ തനിയെ പണിതൊരുക്കും.
കല്ലുകെട്ടി അതിൽ ചെളിപൊതിഞ്ഞ് ചെടികളും പുല്ലുകളും നട്ട് ആട്ടിടയൻമാരുടെ ബത്ലഹേമിനെ പുനരാവിഷ്കരിക്കും. പുൽക്കൂട്ടിൽനിന്ന് അകലെയല്ലാതെ ഇടയൻമാരുടെ ആലകളും ആട്ടിൻപറ്റങ്ങൾ മേയുന്ന കുന്നുകളും ചാറ്റൽ പൊതിഞ്ഞ തൂവെള്ള മഞ്ഞുമരങ്ങളും നനവുപുതഞ്ഞ നഗരവും അപ്പുറത്തൊരു നഗരവും കുറെ മാളികളും.
കുട്ടനാട്ടിലെ മങ്കൊന്പിൽ ജനിച്ചു വളർന്ന അത്തിക്കളം പൗലോസിന് നെൽപ്പാടവും പൂക്കൾപുതച്ച തോടുകളും കുളവുമൊക്കെ ഗൃഹാതുര സ്മരണ കൂടിയാണ്. നെല്ലും തിനയും പയറും കടുകുമൊക്കെ പുൽക്കൂട്ടിനു മുന്നോടിയായി ഡിസംബർ രണ്ടാം വാരത്തിൽതന്നെ കുരുപ്പിച്ചൊരുക്കും. ട്യൂബ് ലൈറ്റുകൾകൊണ്ടു വേലിയും വെള്ളച്ചാട്ടവും അലങ്കാരഗോപുരവുമൊക്കെ പണിതീർത്തിരിക്കുന്നു.
മുറ്റം നിറയെ ലൈറ്റുകളുടെ വർണപ്രപഞ്ചം. എറണാകുളത്ത് വൈദ്യുതി ബോർഡിൽ ജോലി ചെയ്യുന്ന കാലത്ത് വാങ്ങിയതാണ് വെള്ളിനിറമുള്ള അലങ്കാര നക്ഷത്രം. നക്ഷത്രങ്ങൾക്ക് നിറവും ആകൃതിയും മാറിമാറി വന്നിട്ടും പുൽക്കൂടിനെ അടയാളമാക്കുന്നത് ഒരേ വെള്ളിനക്ഷത്രം. കടലാസ് നക്ഷത്രം അത്യപൂർവമായിരുന്ന കാലത്താണു വെള്ളിക്കടലാസിൽ തീർത്ത സ്റ്റാർ കൊച്ചിനഗരത്തിൽനിന്ന് ഇദ്ദേഹം സ്വന്തമാക്കിയത്.
അഞ്ചു കാലുള്ള നിറക്കടലാസ് നക്ഷത്രം വന്ന അറുപതുകളിൽ സ്വന്തമാക്കിയ നക്ഷത്രങ്ങളും ഇദ്ദേഹം സൂക്ഷിച്ചുവച്ചിട്ടുണ്ട്. കണ്ണൂരിൽ ജോലി ചെയ്തിരുന്നപ്പോൾ ക്വാർട്ടേഴ്സിൽ ഒരുക്കിയ പുൽക്കൂടും നക്ഷത്രവും കാണാൻ വലിയ ആൾക്കൂട്ടമായിരുന്നു.
50 വർഷം മുൻപ് പാലായിൽ ജോലി ചെയ്ത കാലത്ത് അരമനയുടെ കടയിൽനിന്നു വാങ്ങിയതാണ് ഇന്നും പുൽക്കൂട്ടിനെ അർഥവത്താക്കുന്ന തിരുരൂപങ്ങൾ. അന്ന് അതിനു നൽകിയ 5.50 രൂപ വില മൂല്യമുള്ള തുകയായിരുന്നു. പുൽക്കൂട് അണിയിച്ചൊരുക്കലിൽ ഭാര്യ അന്നമ്മയും അരികിലുണ്ട്.
സാഗർ രൂപത ബിഷപ് മാർ ജെയിംസ് അത്തിക്കളം ഇദ്ദേഹത്തിന്റെ മൂത്ത മകനാണ്. മൂത്ത മകൾ എ.പി. സൂസമ്മ കോളജ് പ്രിൻസിപ്പലായി വിരമിച്ചശേഷം കൊച്ചി ഫിഷറീസ് സർവകലാശാലയിൽ ജോലി ചെയ്യുന്നു. ഇളയ മകൻ എ.പി. തോമസ് പരിശീലനരംഗത്ത് പ്രവർത്തിക്കുന്നു.
റെജി ജോസഫ്