ഈർക്കിലിൽ വിസ്മയം തീർത്ത് റിജിൽ
Saturday, November 27, 2021 11:36 AM IST
തെങ്ങോലയുടെ ഈർക്കിൽ കൊണ്ട് വൈവിധ്യമാർന്ന രൂപങ്ങൾ ഒരുക്കി ശ്രദ്ധേയനാകുകയാണ് കാഞ്ഞിലേരിയിലെ റിജിൽ. ഈർക്കിലുകൾ മാത്രം ഒട്ടിച്ചുചേർത്താണ് ഇരുനില വീടും കുതിരവണ്ടിയുമടക്കമുള്ളവ ഉണ്ടാക്കിയത്.
വ്യത്യസ്തമായ രീതികൊണ്ട് ഇന്ത്യ ബുക്ക് ഓഫ് റിക്കാർഡ്സിൽ ഇടം നേടാനുള്ള ഒരുക്കത്തിലാണ് റിജിൽ. ചിത്രരചനയിൽ കഴിവ് തെളിയിച്ചിട്ടുള്ള ഇദ്ദേഹം കഴിഞ്ഞ ലോക് ഡൗൺ കാലത്താണ് ഈർക്കിൽകൊണ്ടുള്ള നിർമാണപ്രവർത്തനങ്ങളിലേക്കു തിരിഞ്ഞത്.
ഈർക്കിലുകൾ പശ ചേർത്തൊട്ടിച്ച് രൂപങ്ങൾ ഉണ്ടാക്കുന്നത് ഏറെ ശ്രമകരമായ ജോലിയാണെന്ന് റിജിൽ പറയുന്നു. ഒട്ടേറെ ദിവസങ്ങൾ പണിപ്പെട്ടാണ് വീടും മറ്റും ഉണ്ടാക്കിയത്. ചിരട്ടകൊണ്ടും കരകൗശല വസ്തുക്കൾ ഉണ്ടാക്കിയിട്ടുണ്ട്. ദുബായിൽ രണ്ടു വർഷം ജോലി ചെയ്തിരുന്ന റിജിൽ കഴിഞ്ഞ ലോക് ഡൗൺ സമയത്താണ് നാട്ടിലെത്തിയത്. ഇപ്പോൾ ഉളിയിലിലെ ഫർണിച്ചർ കടയിൽ ജോലി ചെയ്യുകയാണ്.