ബിഗ് സല്യൂട്ട്; കാലുകൊണ്ടെഴുതി ദേവിക നേടിയത് ഫുൾ എപ്ലസ്
Wednesday, May 8, 2019 12:58 PM IST
തേഞ്ഞിപ്പലം ഒലിപ്രം ചോയിമഠത്തിൽ പാതിരാട്ട് വീട്ടിൽ ദേവിക ആത്മവിശ്വാസത്തിന്റെയും ശുഭപ്രതീക്ഷയുടെയും നേർസാക്ഷ്യമാണ്. ശാരീരികമായ പരിമിതി തന്റെ മുന്നേറ്റത്തിന് ഒരിക്കലും തടസമാകില്ലെന്നാണ് എസ്എസ്എൽസി പരീക്ഷയിലെ മികച്ച വിജയത്തിലൂടെ ദേവിക ഏവരേയും ബോധ്യപ്പെടുത്തിയിരിക്കുന്നത്.
ചുറ്റുമുള്ളവരുടെ പ്രോത്സാഹനവും ഏകാഗ്രതയും ആത്മസമർപ്പണവും സമ്മാനിച്ച വിജയമാണിത്. ഇനി ബിരുദ പഠനവും അതുകഴിഞ്ഞു സിവിൽ സർവീസുമാണ് ലക്ഷ്യം. ജൻമനാ ഇരുകൈകളുമില്ലാത്ത ദേവിക എസ്എസ്എൽസി പരീക്ഷ കാലുകൊണ്ടാണ് തനിച്ചെഴുതിയത്. എല്ലാം വിസ്മയമായി മറ്റുള്ളവർ കാണുമ്പോൾ തന്റെ പരിശ്രമത്തിനുള്ള സമ്മാനമായി മാത്രമാണ് ഈ നേട്ടത്തെ ദേവിക കാണുന്നത്.
എൽപി, യുപി പഠനകാലത്ത് വീട്ടിലിരുന്നായിരുന്നു അധ്യയനം. ഹൈസ്കൂളിലെത്തിയപ്പോൾ ട്യൂഷന് പോകാൻ തുടങ്ങി. ആദ്യമൊക്കെ അമ്മ വാഹനത്തിൽ ട്യൂഷനു കൊണ്ടുപോകുമായിരുന്നു. പിന്നീട് സഹപാഠി ഷബാന ഷെറിനുമൊത്തായിരുന്നു യാത്രകൾ. തേഞ്ഞിപ്പലം പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസറായ പിതാവ് സജീവിന്റെയും അച്ഛമ്മയുടെയും അകമഴിഞ്ഞ പിന്തുണയും പ്രോത്സാഹനവും ദേവികയ്ക്ക് അനുഗ്രഹമാണ്.
പഠനപ്രവർത്തനങ്ങൾക്ക് പുറമെ പാഠ്യേതര പ്രവർത്തനങ്ങളിലും ഈ മിടുക്കി സജീവമാണ്. നൃത്തം, സംഗീതം എന്നീ മേഖലകളിലും ദേവിക ഇതിനകം കഴിവ് തെളിയിച്ചിട്ടുണ്ട്. ജെആർസിയിൽ ഈ വർഷം ബെസ്റ്റ് കാൻഡിഡേറ്റുമായിട്ടുണ്ട്. തേഞ്ഞിപ്പലം കോഹിനൂർ സെന്റ് പോൾസ് സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിയായ ഗൗതമാണ് ദേവികയുടെ സഹോദരൻ.