"ഡോണൾഡ് ട്രംപ് അമേരിക്കൻ പ്രസിഡന്റ് സ്ഥാനമൊഴിഞ്ഞു' ; സത്യമിതാണ്
Thursday, January 17, 2019 4:00 PM IST
ഡോണൾഡ് ട്രംപ് അമേരിക്കൻ പ്രസിഡന്റ് സ്ഥാനമൊഴിഞ്ഞു. പ്രമുഖ പത്രമായ വാഷിംഗ്ടണ്‍ പോസ്റ്റിൽ വന്ന വാർത്ത വായിച്ചവർ അന്തം വിട്ടു. വാർത്തയുടെ കൂടെ അദ്ദേഹം തല കുനിച്ച് നടന്നു നീങ്ങുന്ന ഒരു ചിത്രവും.
സംഭവമെന്തന്നറിയാതെ നിന്നപ്പോഴാണ് പത്രത്തിലെ തീയതി വായനക്കാർ ശ്രദ്ധിക്കുന്നത്. 2019 മെയ് 1 എന്ന തീയതി നൽകി പുറത്തിറക്കിയ ഒരു വ്യാജ പത്രമായിരുന്നു ഇത്. വാഷിംഗ്ടണ്‍ പോസ്റ്റിന്റെ അതേ വലിപ്പത്തിൽ അതെ മാതൃകയിലാണ് ഈ വ്യാജ പത്രം തയാറാക്കിയത്. ട്രംപിന് എതിരെയുള്ള വാർത്തകളാണ് പത്രത്തിലെ കോളങ്ങളിൽ മുഴുവൻ നിറഞ്ഞു നിന്നത്.
എന്നാൽ ഈ പത്രത്തിന്റെ പിന്നിൽ പ്രവർത്തിച്ചവരെക്കുറിച്ച് അറിവില്ല. മുൻപ് ന്യൂയോർക്ക് ടൈംസിന്റെ മാതൃകയിൽ വ്യാജ പത്രം അടിച്ച "മൂവ് ഓണ്‍' എന്ന ആക്ടിവിസ്റ്റ് സംഘടനയെയാണ് എല്ലാവരും ആദ്യം സംശയിച്ചത്. എന്നാൽ ഇവർ ഇത് നിഷേധിച്ചിട്ടുണ്ട്.