ഫാ. ടോമിന്റെ സ്റ്റാമ്പുകളിലുണ്ട് ലോകഫുട്ബോളിന്റെ ചരിത്രനിമിഷങ്ങൾ
Friday, July 9, 2021 6:42 PM IST
യൂറോ കപ്പും കോപ്പാ അമേരിക്ക ചാമ്പ്യൻഷിപ്പും ലോകമെങ്ങുമുള്ള ഫുട്ബോൾ പ്രേമികളെ ആവേശത്തിലാക്കുമ്പോൾ ലോകഫുട്ബോളിന്റെ ചരിത്രനിമിഷങ്ങൾ ആലേഖനം ചെയ്തിട്ടുള്ള സ്റ്റാമ്പുകൾ സ്വന്തമാക്കാൻ സാധിച്ച ആവേശത്തിലാണ് ഫാ. ടോം ജോൺ ഒഎഫ്എം.1954 മുതൽ 2002 വരെയുള്ള ലോകകപ്പുകളുടെ അഞ്ഞൂറിൽപ്പരം സ്റ്റാമ്പുകൾ ഈ വൈദികന്റെ പക്കലുണ്ട്. ലോകകപ്പിന്റെ മാത്രമായി 85 രാജ്യങ്ങൾ പുറത്തിറക്കിയ സ്റ്റാമ്പുകളാണിവ.
ഒൻപതാം ക്ലാസിൽ തുടങ്ങിയതാണ് ഈ വൈദികന്റെ സ്റ്റാമ്പ് ശേഖരണം. ഇപ്പോൾ 55,000 സ്റ്റാമ്പുകളുടെ ശേഖരമുണ്ട്. ശേഖരിക്കുന്ന സ്റ്റാമ്പുകൾ ഓരോന്നും വിഷയം തരംതിരിച്ച് സൂക്ഷിക്കുകയാണ്.
ക്രിസ്മസ്, ഈസ്റ്റർ, ലോകനേതാക്കൾ, ഫുട്ബോൾ, ക്രിക്കറ്റ്, ടെന്നീസ്, വോളിബോൾ, ബാസ്കറ്റ് ബോൾ, ഒളിമ്പിക്സ്, ഫ്ളവേഴ്സ്, മെഡിസിൻ, മതനേതാക്കൾ തുടങ്ങി 220 ഇനങ്ങളിലാണ് ശേഖരണം. അപൂർവവും അവിസ്മരണീയവുമായ ധാരാളം സ്റ്റാമ്പുകളും ശേഖരത്തിലുണ്ട്.
സ്റ്റാമ്പുകളെ മാത്രമല്ല സ്റ്റമ്പുകളെയും സ്നേഹിക്കുന്ന ഫാ. ടോം ക്രിക്കറ്റ് താരം മഹേന്ദ്രസിംഗ് ധോണിയുടെ ഉറ്റ സുഹൃത്താണ്. ക്രിക്കറ്റിനെ ജീവനുതുല്യം സ്നേഹിക്കുന്ന ഇദ്ദേഹം എവിടെ ചെന്നാലും അവിടെ കുട്ടികൾക്കായി ക്രിക്കറ്റ് ടീം ഉണ്ടാക്കുകയും പരിശീലകന്റെ വേഷമണിയുകയും ചെയ്യും. ക്രിക്കറ്റ് സ്റ്റാമ്പുകളുടെ അപൂർവ ശേഖരത്തെക്കുറിച്ച് ജാർഖണ്ഡിലെ പത്രത്തിൽ വന്ന വാർത്തയാണ് ഫാ.ടോമിനെയും ധോണിയെയും സുഹൃത്തുക്കളാക്കിയത്.
2015ൽ ഓസ്ട്രേലിയയിൽ നടന്ന ലോകകപ്പിലും 2019ൽ ഇംഗ്ലണ്ടിൽ നടന്ന ലോകകപ്പിലും ഇന്ത്യയുടെ കളി കാണുവാനും ടീമിനെ പിന്തുണയ്ക്കാനും ഫാ.ടോം പോയിരുന്നു. ഇന്ത്യൻ ടീമിലെ എല്ലാവരുമായും സൗഹൃദം പുലർത്തുന്ന ഫാ. ടോം വിദേശരാജ്യങ്ങളിലെ താരങ്ങളുമായും പരിചയപ്പെടുകയും സൗഹൃദം നിലനിർത്തുകയും ചെയ്യുന്നുണ്ട്.
വൈദികജീവിതത്തിന്റെ 15 വർഷം ജാർഖണ്ഡിലായിരുന്നു ചെലവഴിച്ചത്. കേരളത്തിലും രാജ്യത്തിന്റെ വിവിധയിടങ്ങളിലും സ്റ്റാമ്പ് പ്രദർശനം സംഘടിപ്പിച്ചിട്ടുണ്ട്. കോഴിക്കോട് ജില്ലയിലെ തുഷാരഗിരിക്ക് സമീപം ചിപ്പിലിത്തോട് സ്റ്റാമ്പ് മ്യൂസിയം നിർമിക്കാനുള്ള തയാറെടുപ്പിലാണ് ഫാ.ടോം.
വയനാട് ചുണ്ടേൽ പക്കാളിപ്പള്ളത്തെ പരിസ്ഥിതിസൗഹൃദ സ്ഥാപനമായ പ്രകൃതി മിത്രയുടെ അസി. ഡയറക്ടറാണ് ഫാ. ടോം. പാലാ മുത്തോലി തൈത്തോട്ടത്തിൽ ജോൺ-ഏലിക്കുട്ടി ദമ്പതികളുടെ മകനാണ്.