ഒടുവിൽ സാക്ഷാൽ ഐ.എം. വിജയനും പറഞ്ഞു: ഈ അപരൻ പൊളിയാണ്!
Wednesday, April 21, 2021 4:45 PM IST
പ്രശസ്ത ഫുട്ബോൾ താരം ഐ.എം. വിജയനുമായുള്ള രൂപസാദൃശ്യം അംഗീകരിക്കപ്പെട്ടതിന്റെ സന്തോഷത്തിലാണു പിറവം എടയക്കാട്ടുവയൽ സ്വദേശി ഷിൻസ് മാത്യു തൊടുവയിൽ.
ഐ.എം. വിജയന്റെ ഛായയുണ്ടെന്നു സ്വയം തോന്നിയതിനൊപ്പം പലരും പറയുകയും ചെയ്തിരുന്നു. അടുത്തിടെ പെരുവയിൽ ഒരു ഫുട്ബോൾ ടർഫ് ഉദ്ഘാടനം ചെയ്യാനായി താരം എത്തിയപ്പോൾ അദ്ദേഹത്തിന്റെ ഹെയർസ്റ്റൈലും മറ്റും അതേപടി പകർത്തി.
ഫേസ്ബുക്കിലും മറ്റും ഈ ചിത്രം പങ്കുവച്ചതോടെ വൈറലുമായി. ഏറ്റവുമൊടുവിൽ ഷിൻസിന്റെ ചിത്രം ഐ.എം. വിജയൻ തന്റെ ഫേസ്ബുക്ക് പേജിൽ പോസ്റ്റും ചെയ്തു. താമസിയാതെ നേരിൽ കാണാമെന്നും അദ്ദേഹം അറിയിച്ചു.
ഐ.എം. വിജയന്റെ ഒദ്യോഗിക അപരനായ ഷിൻസിന് ഇപ്പോൾ അഭിനന്ദനപ്രവാഹമാണ്. പിറവത്ത് ഒരു പ്രാദേശിക ചാനലിൽ കാമറാമാനായി ജോലിചെയ്യുകയാണു സീരിയൽ താരവും മിമിക്രി കലാകാരനുമായ ഷിൻസ്.