നാവിക സേനയുടെ പടക്കപ്പൽ ഇതാ റോഡിലൂടെ!
Saturday, September 25, 2021 1:24 PM IST
നാവികസേനയുടെ പടക്കപ്പൽ റോഡിലൂടെ വരുന്നതു കണ്ട് അന്പരന്നു നിൽക്കുകയാണ് നാട്ടുകാർ. ഈ കാഴ്ചകാണാൻ റോഡിന്റെ ഇരുവശത്തേക്കും ആളുകൾ ഇരച്ചെത്തി.
തണ്ണീർമുക്കത്ത് കഴിഞ്ഞ ദിവസമെത്തിയ നാവികസേനയുടെ യുദ്ധകപ്പലാണ് റോഡ് മാർഗം ആലപ്പുഴയിലേക്കു യാത്ര ആരംഭിച്ചത്. ആലപ്പുഴ പോര്‍ട്ട് മ്യൂസിയത്തില്‍ പ്രദര്‍ശനത്തിനായുള്ള കപ്പലിന്റെ കരയാത്ര ഇന്നു രാവിലെ തുടങ്ങി. വെല്ലുവിളി നിറഞ്ഞതാണ് റോഡിലൂടെയുള്ള കപ്പൽ യാത്ര.
തണ്ണീര്‍മുക്കത്തുനിന്നു പ്രത്യേക ട്രയിലറില്‍ കയറ്റി യാത്രയാരംഭിച്ച കപ്പലിന്റെ സുരക്ഷാ ക്രമീകരണങ്ങള്‍ ഇന്നലെ തന്നെ പൂര്‍ത്തിയായിരുന്നു വാഹനവുമായി കപ്പലിനെ ഇരുമ്പു ഷീറ്റുകളുപയോഗിച്ചു വെല്‍ഡു ചെയ്തുറപ്പിച്ചാണ് സുരക്ഷാ ക്രമീകരണങ്ങളൊരുക്കിയത്. ക്രമീകരണങ്ങളുടെ ആദ്യഘട്ടം ഇന്‍ഷ്വറന്‍സ് കമ്പനി അധികൃതര്‍ പരിശോധിച്ചിരുന്നു.
അവസാന ക്രമീകരണങ്ങളും പൂര്‍ത്തിയാക്കി കമ്പനിയുടെ സര്‍ട്ടിഫിക്കറ്റും ലഭിച്ച ശേഷമാണ് യാത്ര ആരംഭിച്ചത്.
വാഹനം ഉള്‍പ്പെടെ 7.40 മീറ്റര്‍ ഉയരവും 5.8 മീറ്റര്‍ വീതിയുമാണിപ്പോള്‍ ഉള്ളത്. ഇതിനനുസരിച്ചു റോഡില്‍ മരച്ചില്ലകള്‍ വെട്ടിമാറ്റി. വൈദ്യുതി ലൈനുകള്‍ ഓഫാക്കി പൊക്കാവുന്ന ലൈനുകള്‍ മുളയുപയോഗിച്ചു പൊക്കിയും അല്ലാത്തതു മാത്രം അഴിച്ചുമാറ്റിയുമാണ് കപ്പലിനു വഴിയൊരുക്കുന്നത്. ആദ്യദിവസംതന്നെ പ്രധാന വെല്ലുവിളിയായ തണ്ണീര്‍മുക്കം- ചേര്‍ത്തല കടന്ന് ദേശീയ പാതയിലെത്തിക്കാനുള്ള ശ്രമത്തിലാണ്.
നാവികസേനയുടെ ഡീകമ്മീഷന്‍ ചെയ്ത ഫാസ്റ്റ് അറ്റാക്ക് ഇന്‍ഫാക്ട്-81 കപ്പലാണ് തണ്ണീര്‍മുക്കത്ത് കായലിലെത്തിച്ച് കരമാര്‍ഗം ആലപ്പുഴയിലേക്കു കൊണ്ടുപോകുന്നത്. എന്‍ജിനില്ലാത്ത കപ്പല്‍ കൊച്ചിനാവികസേനാ ആസ്ഥാനത്തുനിന്നു പ്രത്യേക ടഗ് ബോട്ടില്‍ കെട്ടിവലിച്ചു തണ്ണീര്‍മുക്കത്ത് എത്തിച്ചിരുന്നു.
20 മീറ്റര്‍ നീളവും 80 ടണ്‍ ഭാരവുമുള്ളതാണ് കപ്പൽ. 96 ചക്രങ്ങളുള്ള 12 ആക്സില്‍ സംവിധാനത്തിലേക്കാണ് കപ്പല്‍ കയറ്റിയിരിക്കുന്നത്. ഇതു വലിക്കുന്ന പ്രത്യേക പുള്ളറിലാണ് ഘടിപ്പിക്കുന്നത്. തണ്ണീര്‍മുക്കത്തുനിന്ന് ആലപ്പുഴയിലെത്താന്‍ നാലു ദിവസമാണ് പ്രതീക്ഷിക്കുന്നത്. നാവിക സേനക്കൊപ്പം അഗ്നിശമനസേന, പോലീസ്, കെഎസ്ഇബി, പൊതുമരാമത്തുവകുപ്പു സഹകരണത്തിലാണ് യാത്ര.
ദിവസം ആറു കിലോമീറ്റര്‍ യാത്രയാണ് ലക്ഷ്യമിടുന്നത്. ഇതിനോടനുബന്ധിച്ചു ഗതാഗത നിയന്ത്രണങ്ങളും നടത്തും. ഏറ്റവും തിരക്കേറിയ റോഡാണ് ചേർത്തല- തണ്ണീർമുക്കം റോഡ്. കോട്ടയം മെഡിക്കൽ കോളജ്, ഇൻഡോ അമേരിക്കന്‍ തുടങ്ങിയ ആശുപത്രികളിലേക്കു നിരവധി ആംബലൻസുകളും സഞ്ചരിക്കുന്ന റോഡാണിത്. ഗതാഗതം തിരിച്ചു വിടുന്നതും നിർണായകമാകും.
രാജേഷ് ചേർത്തല