സഹപാഠിയെ മർദിച്ചു; വിദ്യാർഥിക്ക് മരങ്ങളെ പരിപാലിക്കൽ "ശിക്ഷ'
Tuesday, July 2, 2019 8:56 AM IST
സഹപാഠിയെ മർദിച്ച കുറ്റത്തിന് ഒമ്പതാം ക്ലാസ് വിദ്യാർഥിക്ക് മരങ്ങളെ പരിപാലിക്കൽ ശിക്ഷ. വിദ്യാർഥിക്ക് ടിസി നല്കി വിടാനാണ് സ്കൂള്‍ അധികൃതര്‍ തീരുമാനിച്ചത്. ഇതുസംബന്ധിച്ച ശിപാര്‍ശ മുമ്പിലെത്തിയപ്പോള്‍ കളക്ടറാണ് പ്രകൃതിസൗഹൃദ ശിക്ഷ നിര്‍ദേശിച്ചത്. മൂന്ന് മാസം അഞ്ച് മരങ്ങളെ പരിപാലിക്കാനാണ് വിദ്യാർഥിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.
ധോല്‍പൂര്‍ ജവഹര്‍ നവോദയ സ്കൂളിലെ വിദ്യാർഥിക്കാണ് വ്യത്യസ്തമായ ശിക്ഷ നടപടി. കഴിഞ്ഞ ജനുവരിയിൽ നടന്ന സംഭവത്തിന്റെ പേരിൽ കുട്ടിക്ക് ടിസി നൽകാനാണ് അധികൃതർ തീരുമാനിച്ചിരുന്നത്. എന്നാല്‍ സ്കൂള്‍ മാനേജ്മെന്റ് കമ്മിറ്റി അധ്യക്ഷയും ജില്ലാ കളക്ടറുമായ നേഹ ഗിരി ഇത് വിസമ്മതിച്ചു. കുട്ടിക്ക് ഒരവസരം കൂടി നൽകാനും ശിക്ഷയായി മരങ്ങളെ നട്ടു നനച്ച് പരിപാലിക്കണമെന്നും കളക്ടര്‍ നിർദേശിച്ചു.
ടിസി നൽകുന്നത് കുട്ടിയെ ഭാവിയേയും പഠനത്തേയും ബാധിക്കാൻ സാധ്യതയുള്ളതിനാലാണ് ഒരുവസരം കൂടി നൽകാൻ തീരുമാനിച്ചതെന്ന് കളക്ടർ പറഞ്ഞു. മരങ്ങളെ പരിപാലിക്കുന്നതിലൂടെ ഉത്തരവാദിത്തമുള്ള വിദ്യാർഥിയായി വളർത്തി എടുക്കാമെന്നും വിലയിരുത്തുന്നു.